എഡിറ്റര്‍
എഡിറ്റര്‍
പരസ്യമായ വിഴുപ്പലക്കല്‍ യു.ഡി.എഫിന്റെ കെട്ടുറപ്പിനെ ബാധിക്കും: ചെന്നിത്തല
എഡിറ്റര്‍
Sunday 17th March 2013 10:55am

കോഴിക്കോട്‌: യു.ഡി.എഫ് നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നത് നിര്‍ത്തണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. പരസ്യമായി വിവാദങ്ങള്‍ അഴിച്ചുവിടുന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

വിഴുപ്പലക്കല്‍ രാഷ്ട്രീയം യു.ഡി.എഫ് അവസാനിപ്പിക്കണം. പറയാനുള്ളത് മുന്നണി സംവിധാനത്തില്‍ പറയണം. ആര്യാടന്‍ മുഹമ്മദ്-മുസ്‌ലിം ലീഗ് വിഷയത്തില്‍ ഇരുവിഭാഗവും സംയമനം പാലിക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി.

യു.ഡി.എഫിനെ സംബന്ധിക്കുന്ന കാര്യങ്ങളാണെങ്കില്‍ അത് മുന്നണിയില്‍ പറയണം. പരസ്യ വിമര്‍ശങ്ങള്‍ മുന്നണിക്ക് ചേര്‍ന്നതല്ല. ഇപ്പോള്‍ നടന്നുവരുന്ന പരസ്യമായ വിഴുപ്പലക്കല്‍ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല.

ഗൗരിയമ്മ എല്ലാവരും ആദരിക്കുന്ന നേതാവാണ്. എല്ലാവരും സംയമനം പാലിക്കണം. മുതിര്‍ന്ന നേതാക്കളുടെ പരസ്യമായ വിമര്‍ശങ്ങളും വിഴുപ്പലക്കലും മുന്നണിക്ക് ദോഷമേ ചെയ്യുകയുള്ളൂ. ഇത്തവണത്തേത് ജനപ്രിയ ബജറ്റാണ്. പരാതികള്‍ ഉണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പി.സി.ജോര്‍ജുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ.എം.മാണി പാര്‍ട്ടി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

നേതാക്കളെ ഫോണില്‍ വിളിച്ചാണ് മാണി പരസ്യ പ്രസ്താവനകള്‍ നടത്തരുതെന്ന് വിലക്കിയത്.

Advertisement