മെസിയെത്തുന്നു; ഈഫല്‍ ടവര്‍ ബുക്ക് ചെയ്ത് പി.എസ്.ജി
DSport
മെസിയെത്തുന്നു; ഈഫല്‍ ടവര്‍ ബുക്ക് ചെയ്ത് പി.എസ്.ജി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 7th August 2021, 4:59 pm

സൂപ്പര്‍താരം ലയണല്‍ മെസിയെ സ്വീകരിക്കാനൊരുങ്ങി പി.എസ്.ജി. ആഗസ്ത് പത്താം തീയതി ക്ലബ്ബ് ഈഫല്‍ ടവര്‍ ബുക്ക് ചെയ്തെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് മുന്നേ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി. എസ്. ജിയിലേക്ക് എത്തിയപ്പോഴാണ് ക്ലബ്ബ് ഇതിനുമുന്നേ ഈഫല്‍ ടവര്‍ ബുക്ക് ചെയ്തത്.

മെസി ടീമിലെത്തുന്നതോടെ പി. എസ്. ജിയുടെ സമ്പന്നമായ താരനിരയ്ക്ക് കരുത്തേറുകയാണ്. ആക്രമണവും പ്രതിരോധവും ഒരുപോലെ ഒത്തുചേര്‍ന്ന കളിമികവാവും ടീമിന്റെ മുഖമുദ്ര.

നെയമ്റും എംബാപെയും നയിച്ചിരുന്ന മുന്നേറ്റനിരയിലേക്ക് മെസിയും എത്തുന്നതോടെ ആക്രമണോത്സുക ഫുട്ബോള്‍ കളിക്കുന്ന പി.എസ്.ജിയുടെ മുന്നേറ്റനിര ഏതൊരു ടീമിന്റേയും പ്രതിരോധത്തിന് ഭീഷണിയാവും.

ഏഞ്ചല്‍ ഡി മരിയ നയിക്കുന്ന മധ്യനിരയും റാമോസും മാര്‍ക്വീന്യോസും ചേരുന്ന പ്രതിരോധവും ഗോള്‍വല കാക്കുന്ന ഭൂതത്താനായി ഡൊണാറുമ്മയും ചേരുമ്പേള്‍ പി. എസ്.ജി ഒരൊന്നൊന്നര ടീമാവുമെന്നുറപ്പാണ്.

കഴിഞ്ഞ ദിവസം ബാഴ്സയുമായി കരാറവസാനിപ്പിച്ച മെസി ഫ്രഞ്ച് ഭീമന്മാരായ പി. എസ്. ജിയുമായി 3 വര്‍ഷത്തെ കരാര്‍ ഒപ്പിട്ടിരുന്നു. ഫ്രഞ്ച് ക്ലബ്ബ് ഉടമയായ ഖത്തര്‍ അമീറിന്റെ സഹോദരന്‍ ഖാലിദ് ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍താനിയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

കൊറോണ മൂലമുള്ള വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് ബാഴ്സയെ മെസിയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. മെസിയുടെ വേതനം പകുതിയാക്കാനായിരുന്നു ക്ലബ്ബ് തീരുമാനം. പുതിയ കരാറില്‍ ഒപ്പുവയ്ക്കുന്നതിന് മുന്നോടിയായുള്ള അവസാന ചര്‍ച്ചയ്ക്ക് പിന്നാലെയാണ് മെസിയുടെ പടിയിറക്കം.

കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റും ട്രാന്‍സ്ഫര്‍ ഗുരുവെന്ന് വിളിപ്പേരുമുള്ള ഫാബ്രീസിയോ റൊമാനോയും മെസി പി.എസ്.ജിയിലേക്ക് പോവുമെന്ന കാര്യം സൂചന നല്‍കിയിരുന്നു.

മെസി പി.എസ്.ജിയിലെക്കെത്തുമ്പോള്‍ ആക്രമണോത്സുക ഫുട്‌ബോളിന് പേരുകേട്ട ടീമിന്റെ മുന്നേറ്റനിര കൂടുതല്‍ ശക്തമാകുമെന്നുറപ്പാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PSG book Eiffel Tower: Will Lionel Messi be announced as new signing?