പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടന്നാല്‍ പി.എസ്.സി ചോദ്യങ്ങള്‍ മലയാളത്തില്‍: പി.എസ്.സി ചെയര്‍മാന്‍
Kerala
പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടന്നാല്‍ പി.എസ്.സി ചോദ്യങ്ങള്‍ മലയാളത്തില്‍: പി.എസ്.സി ചെയര്‍മാന്‍
ന്യൂസ് ഡെസ്‌ക്
Monday, 16th September 2019, 10:48 am

തിരുവനന്തപുരം: പി.എസ്.സി ചോദ്യങ്ങള്‍ മലയാളത്തിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടന്നാല്‍ മലയാള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടില്ലെന്ന് ചെയര്‍മാന്‍ എം.കെ സക്കീര്‍. കേരള ഭരണ സര്‍വീസ് ഉള്‍പ്പെടെയുള്ള ഉന്നത ജോലികളിലേക്ക് പരീക്ഷ നടത്തുമ്പോള്‍ ചോദ്യങ്ങള്‍ മലയാളത്തില്‍ തയാറാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അതു മറികടക്കാനായാല്‍ മലയാള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പില്ല. മലയാളത്തില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് പി.എസ്.സിക്കും സര്‍ക്കാരിനും തത്വത്തില്‍ യോജിപ്പാണെന്നും എം.കെ സക്കീര്‍ മാധ്യമങ്ങളോടു പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സക്കീര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ‘ചോദ്യങ്ങള്‍ മലയാളത്തില്‍ തയാറാക്കുന്നതിനുള്ള ബുദ്ധിമുട്ടായി പി.എസ്.സി നേരിടുന്നത് ചോദ്യങ്ങള്‍ തയാറാക്കുന്ന അധ്യാപകരുടെ ബുദ്ധിമുട്ടാണ്. കേരളത്തിലെ സര്‍വകലാശാലാ അധ്യാപകരാണ് പി.എസ്.സിക്കായി ചോദ്യങ്ങള്‍ തയാറാക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടന്ന് അവര്‍ക്ക് അത് സാധ്യമാവുകയും അതു പി.എസ്.സിക്കു ബോധ്യപ്പെടുകയും ചെയ്താല്‍ പരീക്ഷകള്‍ മലയാളത്തില്‍ നടത്താം’, ചെയര്‍മാന്‍ പറഞ്ഞു.

ചോദ്യങ്ങള്‍ മലയാളത്തില്‍ തയാറാക്കുന്നതിനു സഹായകമായ പുസ്തകങ്ങള്‍, റഫറന്‍സുകള്‍ എന്നിവയുടെ ലഭ്യതക്കുറവാണ് അധ്യാപകര്‍ക്കു പ്രായോഗികമായി ബുദ്ധിമുട്ടുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊണ്ണൂറു ശതമാനം പരീക്ഷകള്‍ക്കും ഇപ്പോള്‍ മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കുന്നുണ്ട്. കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ്, മറ്റ് ഉന്നത തസ്തികകള്‍ എന്നിവയിലേക്കാണ് മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കാത്തത്. പിഎസ്സിക്കു മറ്റ് എതിര്‍പ്പുകളില്ലെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ