കൊവിഡ് 19: ആരോഗ്യമേഖലയില്‍ അടിയന്തിര നിയമനങ്ങള്‍ നടത്താന്‍ പി.എസ്.സി; നിയമനം അഭിമുഖം ഒഴിവാക്കി;പരീക്ഷകളില്‍ മാറ്റം
COVID-19
കൊവിഡ് 19: ആരോഗ്യമേഖലയില്‍ അടിയന്തിര നിയമനങ്ങള്‍ നടത്താന്‍ പി.എസ്.സി; നിയമനം അഭിമുഖം ഒഴിവാക്കി;പരീക്ഷകളില്‍ മാറ്റം
ന്യൂസ് ഡെസ്‌ക്
Monday, 23rd March 2020, 5:04 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടിയന്തിര നിയമനങ്ങള്‍ നടത്താന്‍ പി.എസ്.സി. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാ​ഗമായാണ് പി.എസ്.സി മുഖേന 246 ഡോക്ടര്‍മാരുടെയും 400 ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെയും നിയമനത്തിന് സർക്കാർ തയ്യാറെടുക്കുന്നത്. റേഡിയോഗ്രാഫര്‍, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ അഭിമുഖം ഒഴിവാക്കി 24 മണിക്കൂറിനുള്ളില്‍ നിയമനം നടത്തണമെന്നും സർക്കാർ നിർദേശിച്ചു.

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രതയും കരുതലും ആവശ്യമാണെന്ന് നേരത്തെ ആരോ​ഗ്യമന്ത്രി കെ.കെ ശെെലജ വ്യക്തമാക്കിയിരുന്നു. ഈ സാ​ഹചര്യത്തിൽ ഡോക്ടർമാരുടെയും ആരോ​ഗ്യപ്രവർത്തരുടെയും ക്ഷാമം നേരിടാൻ പാടില്ലെന്നതുകൊണ്ടാണ് സർക്കാർ അടിയന്തിര നിയമനത്തിന് ശിപാർശ ചെയ്തിരിക്കുന്നത്.

ഇതിനോടകം തന്നെ എല്ലാവർക്കും നിയമന ഉത്തരവ് നൽകി കഴിഞ്ഞു. വീഡിയോ കോൺഫറൻസിങ്ങ് വഴി അഭിമുഖം നടത്തി ഒറ്റ ദിവസം കൊണ്ടായിരിക്കും ഇവരെ നിയമിക്കുക. ഇതുപോലെ മറ്റു പാരമെഡിക്കൽ വിഭാ​ഗങ്ങളിലുള്ളവരെയും നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു.

കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ 2020 മാർച്ച് ഇരുപതിന് RIE( 3 )910 2/17/GW പ്രകാരം ആരോഗ്യ വകുപ്പിൽ അസിസ്റ്റൻറ് സർജൻ/ കാഷ്വാലിററി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് അഡ്വൈസ് ചെയ്യപ്പെട്ട ഉദ്യോഗാർഥികൾക്കാണ് നിയമനം ലഭിക്കുക. നിയമന പ്രക്രിയ മാർച്ച് 24 നു തന്നെ ആരംഭിക്കും. ഈ ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവർ നിയമന കാലാവധി നീട്ടികിട്ടണമെങ്കിൽ മാർച്ച് 24 രണ്ട് മണിക്ക് മുന്നേ തന്നെ easectiondhs@gmail.com എന്ന email ൽ അപേക്ഷ നൽകാനും സർക്കാർ നിർദേശമുണ്ട്. ഈ വിവരം കേരള ഹെൽത്ത് സർവ്വീസിന്റെ ഒഫീഷ്യൽ പേജ് വഴിയും സർക്കാർ അറിയിച്ചിട്ടുണ്ട്.

 

കേരളത്തിൽ സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആ​ഗോളതലത്തിൽ ഭീഷണിയുയർത്തിയ കൊവിഡ് 19 രോ​ഗം സംസ്ഥാനത്ത് വ്യാപകമായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോ​ഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ക്ഷാമം നേരിടാതിരിക്കാനാണ് സർക്കാർ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നത്. നേരത്തെ അവധിയിലുള്ള ഡോക്ടർമാരോടും ആരോ​ഗ്യ പ്രവർത്തകരോടും അടിയന്തിരമായി ജോലിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു.

സംസ്ഥാനത്ത് നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, മരുന്നുകൾ, സുരക്ഷ ഉപകരണങ്ങൾ വെന്റിലേറ്റർ, ഉൾപ്പെടെ ആരോ​ഗ്യ മേഖലയിലെ സൗകര്യങ്ങൾ ഇനിയും വിപുലമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാ​ഗമായാണ് അടിയന്തിരമായി ഇത്രയധികം പേർക്ക് ഒരു ദിവസത്തിൽ നിയമനം നൽകുന്നത്.മൂന്ന് ദിവസത്തിനകം ഡോക്ടർമാർ അടിയന്തിരമായി ജോലിയിൽ പ്രവേശിക്കണമെന്നും നിർദേശമുണ്ട്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രാ സൗകര്യത്തിന് ബുദ്ധിമുട്ട് നേരിടുന്നവരും സർക്കാരിനെ അറിയിക്കാൻ ബന്ധപ്പെട്ട വകുപ്പ് അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് പോസീറ്റീവ് കേസുകൾ വർധിച്ചുവരുന്നതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ ഇതിനെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ആരോ​ഗ്യവകുപ്പ് നടത്തുന്നത്. ഇത് മുന്നിൽ കണ്ട് ആരോ​ഗ്യ വകുപ്പ് പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെയുള്ള പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യമന്ത്രി അറിയിച്ചിരുന്നു. 60000ത്തോളം ഐസൊലേഷൻ കിടക്കകളാണ് തയ്യാറാക്കിയിരിക്കുന്നത്. 21866 പേരെ ഒരേസമയം താമസിപ്പിക്കാൻ കഴിയുന്ന കൊറോണ കെയർ സെന്ററുകളും കണ്ടെത്തിയിട്ടുണ്ട്.

Also Read

ഉടനടി ഡോക്ടർമാരെ നിയമിച്ച് പ്രതിരോധത്തിന് പഴുതടച്ച നടപടികളുമായി മുന്നോട്ട് പോകാനുള്ള സർക്കാർ തീരുമാനത്തിന് വൻ പിന്തുണയായി ലഭിക്കുന്നത്. സമൂഹത്തിന്റെ വിവിധ കോണുകളിൽ  നിന്നും നിരവധിപേർ  തീരുമാനത്തിൽ സർക്കാരിനെ അഭിനന്ദിച്ച് രം​ഗത്ത് എത്തി.

കേരളം ആരോ​ഗ്യമേഖലയിൽ കെെവരിച്ച നേട്ടം കൊവിഡ് പ്രതിരോധം ശക്തമാക്കാൻ സർക്കാരിനെ സഹായിക്കുമെന്നാണ് വിലയിരുത്തൽ.കേരളത്തിൽ സർക്കാർ കണക്കുകൾ പ്രകാരം ആയിരത്തോളം പിച്ച്സികളാണ് നിലവിലുള്ളത്. കൂടാതെ 4500ൽപരം സബ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇതിനു പുരമെ 200ൽ പരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനം ഏകോപിപ്പിച്ചാൽ രോ​ഗ ല​ക്ഷണങ്ങൾ ഉള്ളവരെ പെട്ടെന്ന് തിരിച്ചറിയാം എന്ന വിലയിരുത്തലുകളും ഉണ്ട്. നേരത്തെ തന്നെ പ്രെെവറ്റ് ആശുപത്രികളിൽ കൊവിഡ് രോ​ഗലക്ഷണങ്ങളുമായി ആരെങ്കിലും എത്തിയാൽ ഇവരുടെ വിവരങ്ങൽ കെെമാറാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം എല്ലാ പരീക്ഷകളും മാറ്റിവെക്കുകയാണെന്ന് പി.എസ്.സി അറിയിച്ചു. ഏപ്രില്‍ 30 വരെ നടത്താനിരുന്ന പി.എസ്.സി പരീക്ഷകളാണ് മാറ്റിയിരിക്കുന്നത്.പുതുക്കിയ തിയതികള്‍ പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

വൈറസ് പടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ല പൂര്‍ണ്ണമായും എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകള്‍ ഭാഗികമായും അടച്ചിടാനും ഭക്ഷ്യവസ്തുക്കള്‍ വീടുകളിലേക്ക് എത്തിച്ചു നല്‍കാനുമാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.ഇത് സംബന്ധിച്ച തീരുമാനത്തിനായി ഇന്ന് വൈകിട്ട് വിവിധ ജില്ലകളിലെ വ്യാപാരി വ്യവസായി ഏകോപനസമിതി പ്രതിനിധികളുമായും ജില്ലാ കളക്ടറുമാരുമായും മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തും. അതിന് ശേഷമായിരിക്കും ഈയൊരു ക്രമീകരണം അടച്ചിടുന്ന ജില്ലകളില്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിക്കുക.
അതേസമയം മറ്റ് ജില്ലകളിലും ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും.

Also Read