ടിക്കാറാം മീണ വ്യക്തിപരമായി ഇകഴ്ത്തി കാണിക്കുന്നു; ഖേദം പ്രകടനം നടത്തിയ കാര്യത്തില്‍ പ്രതികരണത്തിനില്ലെന്നും ശ്രീധരന്‍ പിള്ള
D' Election 2019
ടിക്കാറാം മീണ വ്യക്തിപരമായി ഇകഴ്ത്തി കാണിക്കുന്നു; ഖേദം പ്രകടനം നടത്തിയ കാര്യത്തില്‍ പ്രതികരണത്തിനില്ലെന്നും ശ്രീധരന്‍ പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st April 2019, 9:37 am

തിരുവനന്തപുരം: ചാനല്‍ പരിപാടിക്കിടെ തനിക്കെതിരെ വിമര്‍ശനം ഉന്നയിച്ച മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് മറുപടിയുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള.

ടിക്കാറാം മീണ തന്നെ വ്യക്തിപരമായി ഇകഴ്ത്തി കാണിക്കുകയാണെന്നും താന്‍ ഖേദം പ്രകടിപ്പിച്ചു എന്ന മീണയുടെ പ്രസ്താവനയോട് പ്രതികരിക്കാനില്ലെന്നുമായിരുന്നു ശ്രീധരന്‍ പിള്ള പറഞ്ഞത്.

സത്യം തന്റെ ഭാഗത്താണെന്നും മീണയും താനും നിയമത്തിന് അതീതരല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ഒരു ഏറ്റുമുട്ടലിനില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ വിവാദ പ്രസ്താവനകളില്‍ ശ്രീധരന്‍ പിള്ള തന്നെ വിളിച്ചു മാപ്പ് പറഞ്ഞിരുന്നുവെന്നും എന്നാല്‍ തുടര്‍ന്നും വിവാദ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തുവെന്നും ടിക്കാറാം മീണ തുറന്നടിച്ചിരുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ പരാമശങ്ങള്‍ നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്നായിരുന്നു ടിക്കാറാം മീണ പറഞ്ഞത്.

സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം, കാര്യമാക്കരുത് എന്ന് ശ്രീധരന്‍പിള്ള പറഞ്ഞെന്നായിരുന്നു മീണയുടെ വെളിപ്പെടുത്തല്‍.

വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ളയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മീണ രംഗത്തെത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ തെരഞ്ഞെടുപ്പ് പരിപാടിയായ വാള്‍പോസ്റ്റിലായിരുന്നു ടിക്കാറാം മീണയുടെ പ്രതികരണം.

വിഷയത്തില്‍ തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞെന്നും എന്നാല്‍ അതിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് ശ്രീധരന്‍ പിള്ളയുടെ പതിവെന്നുമാണ് മീണ പറഞ്ഞു. ‘എന്തെങ്കിലും പറഞ്ഞിട്ട്, സാര്‍ തെറ്റായിപ്പോയി മാപ്പാക്കണം കാര്യമാക്കരുത്’ എന്ന് എന്നെ വിളിച്ച് മാപ്പ് പറയും. പക്ഷേ പുറത്ത് പോയിട്ട് മറ്റൊന്ന് പറയും. ഇവരെ എങ്ങനെ വിശ്വസിക്കും. ഞാനിനി ആവര്‍ത്തിക്കില്ലെന്ന് മാപ്പ് പറഞ്ഞിട്ട് വീണ്ടും അത് തന്നെ ചെയ്യുന്നത് ഇരട്ടത്താപ്പാണ്. മീണ കൂട്ടിച്ചേര്‍ത്തു.

ആറ്റിങ്ങലില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു പിള്ള വര്‍ഗീയ പരാമര്‍ശം നടത്തിയത്. ബാലാക്കോട്ട് ആക്രമണം കഴിഞ്ഞെത്തിയ ഇന്ത്യന്‍ സൈന്യത്തോട് മരിച്ച ഭീകരരുടെ എണ്ണവും മതവും രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും പിണറായിയും ചോദിച്ചെന്ന വിമര്‍ശനത്തോടെയാണ് ശ്രീധരന്‍ പിള്ള വിവാദം പരാമര്‍ശം നടത്തിയത്.

‘ഇസ്‌ലാമാകണമെങ്കില്‍ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ. വസ്ത്രം മാറ്റി നോക്കിയാല്‍ അതറിയാന്‍ പറ്റും’ എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളായിരുന്നുശ്രീധരന്‍ പിള്ള പ്രസംഗത്തിനിടെ നടത്തിയത്.

ശ്രീധരന്‍പിള്ളയുടെ പ്രസംഗത്തില്‍ ചട്ടലംഘനമുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.