ദല്ലെവാളിനെ ഡോക്ടർമാർ വേണ്ടവിധം പരിചരിച്ചില്ല; വിമർശനവുമായി പ്രതിഷേധിക്കുന്ന കർഷകർ
national news
ദല്ലെവാളിനെ ഡോക്ടർമാർ വേണ്ടവിധം പരിചരിച്ചില്ല; വിമർശനവുമായി പ്രതിഷേധിക്കുന്ന കർഷകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd January 2025, 10:13 am

ന്യൂദൽഹി: പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ഖനൗരി സമരസ്ഥലത്ത് നിരാഹാരമിരിക്കുന്ന കർഷക നേതാവ് ജഗ്ജിത് സിംങ് ദല്ലേവാളിന് വേണ്ട വിധത്തിലുള്ള വൈദ്യസഹായം ലഭിക്കുന്നില്ലെന്ന് കർഷകർ.

അദ്ദേഹത്തിന് വൈദ്യസഹായം നൽകാൻ നിയോഗിച്ച സർക്കാർ ഡോക്ടർമാരുടെ സംഘത്തിൻ്റെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായതായി പ്രതിഷേധിക്കുന്ന പഞ്ചാബ് കർഷക നേതാക്കൾ ബുധനാഴ്ച ആരോപിച്ചു.

സർക്കാർ ഡോക്ടർമാർക്ക് ഇൻട്രാവെനസ് സൂചി ശരിയായി സ്ഥാപിക്കാൻ കഴിഞ്ഞില്ല, തൽഫലയമായി ചൊവ്വാഴ്ച രാത്രി ദല്ലേവാളിൻ്റെ കൈയിൽ നീര് വന്നതായി കർഷക നേതാക്കൾ പറഞ്ഞു.

ഫെബ്രുവരി 14ന് കർഷകരുടെ ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഒരു ഉന്നതതല കേന്ദ്ര പ്രതിനിധി സംഘം പ്രതിഷേധിക്കുന്ന കർഷകരെ യോഗത്തിന് ക്ഷണിച്ചതിന് ശേഷമാണ് ദല്ലേവാളിന് വൈദ്യസഹായം ലഭിച്ചത്. എങ്കിലും ബുധനാഴ്ച 58-ാം ദിവസത്തിലെത്തിയ അനിശ്ചിതകാല നിരാഹാരം അവസാനിപ്പിക്കാൻ ദല്ലേവാൾ തയ്യാറായില്ല.

സംസ്ഥാന സർക്കാർ നിയോഗിച്ച ഡോക്ടർമാർ ദല്ലേവാളിന്റെ കാര്യത്തിൽ അശ്രദ്ധകാണിച്ചുവെന്ന് ബുധനാഴ്ച ഖനൗരി ബോർഡർ പോയിൻ്റിൽ മാധ്യമങ്ങളെ അഭിസംബോധന ചെയ്ത കർഷക നേതാവ് കാക്ക സിങ് കോത്ര, പറഞ്ഞു.

അതേസമയം ദല്ലേവാളിൻ്റെ വൈദ്യ പരിചരണത്തിനായി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ നിയോഗിച്ചിരുന്നില്ലെന്ന് മറ്റൊരു കർഷക നേതാവ് അഭിമന്യു കോഹാർ അവകാശപ്പെട്ടു. തങ്ങൾ അതൃപ്തി പ്രകടിപ്പിച്ചതിനെ ശേഷം , മുതിർന്ന ഡോക്ടർമാരുടെയും അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരുടെയും ഒരു സംഘം ബുധനാഴ്ച പ്രതിഷേധ സ്ഥലത്ത് എത്തി ചൊവ്വാഴ്ച രാത്രി നടന്ന സംഭവത്തിൽ ക്ഷമാപണം നടത്തിയതായും കോഹാർ അവകാശപ്പെട്ടു.

 

Content Highlight: Protesting farmers allege ‘negligence’ by doctors toward Dallewal