'നീതി ഞങ്ങളുടെ ഭാഗത്താണ് നിയമപരമായി മുന്നോട്ട് പോകും
'; പാഠമെടുത്ത് കഴിയാതെ പരീക്ഷ നടത്താന്‍ ഒരുങ്ങിയ സര്‍വ്വകലാശാലക്കെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍
kERALA NEWS
'നീതി ഞങ്ങളുടെ ഭാഗത്താണ് നിയമപരമായി മുന്നോട്ട് പോകും '; പാഠമെടുത്ത് കഴിയാതെ പരീക്ഷ നടത്താന്‍ ഒരുങ്ങിയ സര്‍വ്വകലാശാലക്കെതിരെ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍
അനുശ്രീ
Friday, 7th June 2019, 4:00 pm

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വ്വകലാശാല നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ജൂണ്‍ പത്ത് മുതല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ജൂലായിലേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. കാലിക്കറ്റ് സര്‍വ്വകലാശാല പരിധിയില്‍പ്പെടുന്ന കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, ജില്ലയിലെ വിവിധ കോളെജുകളിലെ വിദ്യാര്‍ത്ഥികളാണ് സമരരംഗത്തുള്ളത്.

സര്‍വ്വകലാശാലക്ക് കീഴിലുള്ള നാലാം സെമസ്റ്റര്‍ പി.ജി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ടത് തെണ്ണൂറ് അധ്യയനദിവസങ്ങളാണ്. എന്നാല്‍ വിവിധ കാരണങ്ങളാല്‍ ഇത്തവണ അവര്‍ക്ക് ലഭിച്ചത് നാല്‍പ്പത്തഞ്ച് അധ്യയന ദിവസങ്ങള്‍ മാത്രമാണ്. അതിനാല്‍ തന്നെ പ്രൊജക്ട് ഉള്‍പ്പെടെയുള്ള നാലാ സെമസ്റ്ററില്‍ പാഠഭാഗങ്ങള്‍ എടുത്തു തീര്‍ക്കാതെയാണ് സര്‍വ്വകലാശാല പരീക്ഷനടത്താന്‍ ഒരുങ്ങുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഒരു സെമസ്റ്റര്‍ എന്നത് ആറ് മാസമാണ് ഇതില്‍ നാല്‍പ്പത്തഞ്ച് ദിവസം മാത്രമാണ് ക്ലാസ് കിട്ടിയിട്ടുള്ളത്. സാധാരണഗതിയില്‍ നാല് മാസമെങ്കിലും ക്ലാസ് കിട്ടാറുണ്ട്. പകുതി പാഠഭാഗം പോലും എടുത്ത് കഴിഞ്ഞിട്ടില്ല. പാഠഭാഗങ്ങള്‍ കഴിയാത്തതിനാലും പ്രൊജക്ട് കഴിയത്തതിനാലും പരീക്ഷ മാറ്റി വെക്കണമെന്നാണ് ആവശ്യം. നീതി ഞങ്ങളുടെ ഭാഗത്താണെന്ന് വി.സി അംഗീകരിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ ഇതില്‍ പ്രതിഷേധിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ്ചാന്‍സിലറെ വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചിരുന്നു. വ്യാഴാഴ്ച്ചയായിരുന്നു സംഭവം നടന്നത്. 200 ഓളം വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചുകൊണ്ട് ഉപരോധത്തില്‍ പങ്കെടുത്തത്. പിന്നാലെ ചര്‍ച്ച നടത്തി വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാക്കാമെന്നാണ് വൈസ് ചാന്‍സിലര്‍ ഉറപ്പ് നല്‍കിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

പക്ഷെ നിലവില്‍ ഇതുവരെ ഇത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അതിനാല്‍ നിയമപരമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം.

‘ഞങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ച സമയത്തും അനുകൂലമായ പ്രതികരണങ്ങളൊന്നും സര്‍വ്വകലാശാലയുടെ ഭാഗത്തു നിന്നും ലഭിച്ചിട്ടില്ല. സമരസപ്പെടാന്‍ ഞങ്ങള്‍ ഒരുക്കമല്ല. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഹൈക്കോടതിയില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാനാണ് തീരുമാനം. ‘വിദ്യാര്‍ത്ഥി പ്രതികരിച്ചു.

സര്‍വകലാശാല പരീക്ഷാ കലണ്ടര്‍ പ്രകാരം ജൂണ്‍ ഇരുപതിനാണ് പരീക്ഷ നടത്തേണ്ടത്. നിലവില്‍ ജൂണ്‍ പത്താം തിയ്യതിയാണ് പരീക്ഷ ആരംഭിക്കാനാണ് സര്‍വ്വകലാശാല തീരുമാനം. അധ്യയന ദിവസങ്ങള്‍ ലഭിച്ചില്ലെന്ന് മാത്രമല്ല, പരീക്ഷ പത്ത് ദിവസം നേരത്തെ ആക്കിയത് വിദ്യാര്‍ത്ഥികളെ ദുരിതത്തിലാക്കി. 2017 സെപ്തംബറില്‍ തുടങ്ങിയ കോഴ്സ് 2019 ജൂണില്‍ അവസാനിപ്പിക്കാനാണ് സര്‍വകലാശാല അധികൃതര്‍ ശ്രമിക്കുന്നത്.

എന്നാല്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ പിജി ക്ലാസുകള്‍ നേരത്തെ തുടങ്ങാന്‍ വേണ്ടിയാണ് ഈ വര്‍ഷത്തെ നാലാ സെമസ്റ്റര്‍ പരീക്ഷ നേരത്തെയാക്കുന്നതെന്നാണ് സര്‍വ്വകലാശാലയുടെ വിശദീകരണമെന്ന് അധികൃതര്‍ പറഞ്ഞതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഇതിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ സഹകരിക്കേണ്ടി വരുമെന്ന് സര്‍വ്വകലാശാല ആവശ്യപ്പെട്ടതായും ഇവര്‍ പറയുന്നു.

ക്ലാസുകള്‍ കൃത്യമായി ലഭിക്കാത്തതുമൂലവും ഇന്റേണലിനടക്കം സമയം ലഭിക്കാതെയും പരീക്ഷ നടത്തുന്നിന്റെ പ്രശ്നത്തെ കുറിച്ച് പല കോളെജുകളിലേയും പ്രിന്‍സിപ്പിള്‍മാരും, എച്ച്.ഒ.ഡിമാരും സര്‍വകലാശാലയെ അറിയിച്ചിരുന്നുവെങ്കിലും സഹകരിക്കണമെന്ന മറുപടി മാത്രമാണ് അവര്‍ക്ക് ലഭിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു

എന്നാല്‍ ഇക്കാര്യം ഉന്നയിച്ച് ഇതുവരെയും ഇവര്‍ വിദ്യാര്‍ത്ഥി സംഘടനകളെയൊന്നും സമീപിച്ചിട്ടില്ലെന്നും അതേസമയം വിദ്യാര്‍ത്ഥി സംഘടനകളെല്ലാം തന്നെ സമരത്തിനെ പിന്തുണയറിയിച്ചെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നുണ്ട്.

കൃത്യമായ അധ്യയന ദിവസങ്ങള്‍ ലഭിച്ച രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ പരീക്ഷയാണ് ആദ്യം നടത്തേണ്ടിയിരുന്നതെങ്കിലും അത് നടത്താതെയാണ് നാലാംസെമസ്റ്റര്‍ വിദ്യാര്‍ഥികളുടെ പരീക്ഷ ആദ്യം നടത്തുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

 

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ