നിസ പ്രവര്‍ത്തകര്‍ കാന്തപുരത്തിന്റെ കോലം കത്തിച്ചു
Daily News
നിസ പ്രവര്‍ത്തകര്‍ കാന്തപുരത്തിന്റെ കോലം കത്തിച്ചു
ന്യൂസ് ഡെസ്‌ക്
Monday, 30th November 2015, 9:39 am

nisa കോഴിക്കോട്: നിസ പ്രോഗ്രസീവ് മുസ്‌ലിം വുണ്‍സ് ഫോറം കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാരുടെ കോലം കത്തിച്ചു. ലിംഗസമത്വം പ്രകൃതിവിരുദ്ധവും ഇസ്‌ലാം വിരുദ്ധവുമാണെന്ന കാന്തപുരത്തിന്റെ പ്രസ്താവനയില്‍ പ്രതിഷേധമറിയിക്കുകയായിരുന്നു അവര്‍. കിഡസണ്‍ കോര്‍ണറിലായിരുന്നു നിസ പ്രവര്‍ത്തകരുടെ പ്രതിഷേധം.

നിസയുടെ നേതൃത്വത്തില്‍ കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ “ഇസ്‌ലാമും ലിംഗനീതിയും” എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചു. സംവാദനം സാഹിത്യകാരന്‍ എം.എന്‍ കാരശ്ശേരി ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തക വി.പി റജീന മുഖ്യ പ്രഭാഷണം നടത്തി.

ലിംഗനീതിക്കെതിരെ കാന്തപുരത്തിന്റെ പ്രസ്താവനയെ ശക്തമായി എതിര്‍ത്തുകൊണ്ട് നിസ ചെയര്‍പേഴ്‌സണ്‍ വി.പി സുഹറയാണ് സംവാദത്തിനു തുടക്കമിട്ടത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റ് പിച്ചും പേയും പറയുന്ന സ്വഭാവമാണ് കാന്തപുരത്തിനെന്ന് സുഹറ ആരോപിച്ചു. ഇന്നുവരെ സ്ത്രീകളെക്കുറിച്ച് അദ്ദേഹം പറഞ്ഞ വിവാദ ആശയങ്ങളൊന്നും ഇസ്‌ലാമിന്റെ ആശയമല്ലെന്നും സുഹറ വ്യക്തമാക്കി.

ലിംഗനീതിക്കുവേണ്ടിയുള്ള ഇത്തരം സംവാദങ്ങള്‍ക്കും ആശയങ്ങള്‍ക്കും ഒപ്പമാണ് താനെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം. എന്‍ കാരശ്ശേരി അഭിപ്രായപ്പെട്ടു.

ഷീബ അമിര്‍, എം. സുല്‍ഫത്ത്, ഡോ. ഖദീജ മുംതാസ്, കെ. അജിത, കല്‍പ്പറ്റ നാരായണന്‍, കെ.എം വേണുഗോപാലന്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുത്തു.