എഡിറ്റര്‍
എഡിറ്റര്‍
നാവികരെ ഇന്ത്യയിലേക്ക് തിരിച്ചയച്ചതില്‍ ഇറ്റലിയില്‍ വന്‍ പ്രതിഷേധം
എഡിറ്റര്‍
Saturday 23rd March 2013 8:00am

റോം: കടല്‍ക്കൊലക്കേസിലെ പ്രതികളായ നാവികരെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചതില്‍ ഇറ്റലിയില്‍ വന്‍ പ്രതിഷേധം. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി ജിയുലിയൊ ടെര്‍സി രാജിവെക്കണമെന്ന ആവശ്യം രാജ്യത്തുയര്‍ന്നുകഴിഞ്ഞു.

Ads By Google

പ്രധാനമന്ത്രി മരിയോ മോണ്ടിയുടെ നേതൃത്വത്തിലുള്ള കെയര്‍ടേക്കര്‍ മന്ത്രിസഭയാണ് മാര്‍ച്ച് 11ന് നാവികരെ തിരിച്ചയയ്‌ക്കേണ്ട എന്ന് തീരുമാനിച്ചത്.

ഈ തീരുമാനമാണ് വെള്ളിയാഴ്ച മാറ്റിയത്. നാവികര്‍ വധശിക്ഷ നേരിടേണ്ടിവരില്ല എന്ന ഇന്ത്യയുടെ ഉറപ്പിനെത്തുടര്‍ന്നായിരുന്നു തീരുമാനം.

തിരഞ്ഞെടുപ്പ് സമയത്ത് നാവികരെ സ്വതന്ത്രരാക്കി ഇറ്റലിയില്‍ കാണിച്ചതിനുശേഷം ഇപ്പോള്‍ തിരിച്ചയയ്ക്കുകയാണെന്നാണ് പ്രധാന ആരോപണം.

ജനങ്ങളില്‍ നിന്നും വോട്ട് നേടാനുള്ള ശ്രമമായിരുന്നു നാവികരെ നാട്ടിലെത്തിച്ചതെന്നും വോട്ട് നേടിയതിന് ശേഷം തീരുമാനം മാറ്റിയത് ജനങ്ങളോടുള്ള വെല്ലുവിളിക്കുകയാണെന്നും അവര്‍ പറഞ്ഞു.

കോടതി നല്‍കിയ സമയം പാലിച്ചാല്‍ അറസ്റ്റില്ലെന്നും ഇന്ത്യന്‍ നിയമസമ്പ്രദായമനുസരിച്ച് അത്യപൂര്‍വ കേസുകളുടെ ഗണത്തില്‍ പെടാത്തതിനാല്‍ വധശിക്ഷ ലഭിക്കില്ലെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് നാവികരെ തിരിച്ചെത്തിക്കാന്‍ ഇറ്റലി തയ്യാറായത്.

സൈനികരായ മാസിമിലാനോ ലത്തോറും  സാല്‍വതോര്‍ ജിറോണും ഇന്നലെ വൈകിട്ട്  സൈനിക വിമാനത്തിലാണ് ദല്‍ഹിയില്‍ മടങ്ങിയെത്തിയത്. വിദേശകാര്യ ഉപമന്ത്രി സ്‌റ്റെഫാന്‍ ഡി മിസ്തുരയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

ഇന്ത്യന്‍ ജുഡീഷ്യല്‍ പ്രക്രിയയുടെ അന്തസ് കാത്തുസൂക്ഷിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പ്രതികരിച്ചു. അറസ്റ്റ്, വധശിക്ഷ എന്നിവ സംബന്ധിച്ച് ഇറ്റലിക്കു നല്‍കിയ വിശദീകരണം സുപ്രീം കോടതിയെ അറിയിക്കുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.

കോടതി അനുവദിക്കുന്ന സഞ്ചാരസ്വാതന്ത്ര്യം പ്രതികള്‍ക്കു ലഭിക്കും; എന്തു ശിക്ഷ ലഭിക്കുമെന്നല്ല, അത്യപൂര്‍മായ കേസുകളുടെ ഗണത്തില്‍പെടുന്നില്ലെന്നാണ് തങ്ങളുടെ വിലയിരുത്തലെന്നാണ് അറിയച്ചതെന്നും മന്ത്രി വിശദീകരിച്ചു.

പൊതു തിരഞ്ഞെടുപ്പില്‍ സ്വന്തം നാട്ടില്‍ വോട്ടു ചെയ്യുന്നതിനാണ് പ്രതികളായ സൈനികര്‍ക്കു നാലാഴ്ചത്തേക്കു നാട്ടില്‍ പോകാന്‍ കഴിഞ്ഞ മാസം 22ന് സുപ്രീം കോടതി അനുമതി നല്‍കിയത്. സമയപരിധിക്കുള്ളില്‍ സൈനികര്‍ മടങ്ങിയെത്തുമെന്ന് ഇന്ത്യയിലെ ഇറ്റാലിയന്‍ സ്ഥാനപതി ഡാനിയേല്‍ മഞ്ചീനി കോടതിക്ക് ഉറപ്പും നല്‍കി. എന്നാല്‍ പിന്നീടായിരുന്നു ഇറ്റലി നിലപാട് മാറ്റിയത്.

Advertisement