സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുക; ദല്‍ഹിയിലെ കോണ്‍ഗ്രസ്ഹെ ഡ്ക്വാട്ടേഴ്‌സിനുമുമ്പില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍
national news
സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുക; ദല്‍ഹിയിലെ കോണ്‍ഗ്രസ്ഹെ ഡ്ക്വാട്ടേഴ്‌സിനുമുമ്പില്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍
ന്യൂസ് ഡെസ്‌ക്
Thursday, 13th December 2018, 12:17 pm

 

ന്യൂദല്‍ഹി: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ദല്‍ഹിയിലെ ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റി ഹെഡ്ക്വാട്ടേഴ്‌സിനു മുമ്പിലാണ് പ്രതിഷേധം.

സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുകയെന്ന മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഇന്നു പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജസ്ഥാന്‍ സ്‌റ്റേറ്റ് യൂണിറ്റ് ചീഫായ സച്ചിന്‍ പൈലറ്റും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്‌ലോട്ടുമാണ് പരിഗണനയിലുള്ളത്.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ ഗെഹ് ലോട്ടിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് രാജസ്ഥാനിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പു ചുമതല ഗെഹ്‌ലോട്ടിനെ ഏല്‍പ്പിച്ചിരുന്നെങ്കില്‍ രാജസ്ഥാനില്‍ 120 ലേറെ സീറ്റുകള്‍ ലഭിക്കുമായിരുന്നെന്നും ഇവര്‍ വാദിക്കുന്നു.

Also Read:നിയമസഭയില്‍ ഇതാണ് സ്ഥിതിയെങ്കില്‍ 2019ല്‍ ബി.ജെ.പിയെ കാത്തിരിക്കുന്നത് വന്‍ദുരന്തം: നഷ്ടമാകുക 32 സീറ്റുകള്‍

അതേസമയം യുവ നേതാവായ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് പാര്‍ട്ടിക്ക് വലിയ ഗുണം ചെയ്യുമെന്നാണ് മറുപക്ഷം വാദിക്കുന്നത്. ഇരുവരും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ദല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

മധ്യപ്രദേശിലേയും രാജസ്ഥാനിലേയും ചത്തീഗഢിലേയും മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ തീരുമാനമായെന്നും ഉടന്‍ തന്നെ അവര്‍ ആരെല്ലാമാണെന്ന കാര്യം ജനങ്ങളെ അറിയിക്കുമെന്നും രാഹുല്‍ ഗാന്ധി അല്പസമയം മുമ്പ് അറിയിച്ചിരുന്നു.

“പാര്‍ട്ടിയിലെ വ്യത്യസ്ത ആളുകളില്‍ നിന്നും അഭിപ്രായം ആരാഞ്ഞു. എം.എല്‍.എമാരോടും പാര്‍ട്ടി പ്രവര്‍ത്തകരോടും സംസാരിച്ചു കഴിഞ്ഞു. ഒട്ടും വൈകാതെ തന്നെ നിങ്ങള്‍ക്ക് മുന്‍പില്‍ മുഖ്യമന്ത്രി ആരാണെന്ന് പ്രഖ്യാപിക്കും” എന്നാണ് രാഹുല്‍ പറഞ്ഞത്.