ഹൈദരാബാദ്: ജീവനക്കാർ ആഴ്ചയിൽ 90 മണിക്കൂർ ജോലിചെയ്യണമെന്ന ചെയർമാൻ എസ്. എൻ. സുബ്രഹ്മണ്യൻ്റെ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ. ആന്റ്.ടിയുടെ ഹൈദരാബാദ് ഓഫീസിൽ വൻ പ്രതിഷേധം.
വെള്ളിയാഴ്ചയായിരുന്നു ബഷീർബാഗിലെ ലാർസൻ ആൻഡ് ടൂബ്രോയുടെ (എൽ ആന്റ് ടി) മെയിൻ ഓഫീസിൽ സെൻ്റർ ഫോർ ഇന്ത്യൻ ട്രേഡ് യൂണിയൻസും (സി.ഐ.ടി.യു) ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷനും (എ.ഐ.ഡബ്ല്യു.എ) പ്രതിഷേധ പ്രകടനം നടത്തിയത്.
ഞായറാഴ്ചകളിലും നിങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കാത്തതിൽ തനിക്ക് സങ്കടമുണ്ടെന്നായിരുന്നു എസ്. എൻ. സുബ്രഹ്മണ്യൻ്റെ പ്രസ്താവന. കമ്പനിയിലെ ജീവനക്കാരുമായുള്ള ആശയവിനിമയത്തിനിടെ ലാർസൻ ആന്റ് ടു ബ്രോയുടെ ചെയർമാൻ എസ്.എൻ. സുബ്രഹ്മണ്യൻ ജീവനക്കാരോട് ഞായറാഴ്ചകളിൽ കൂടി ജോലി ചെയ്യാൻ നിർദേശിക്കുകയായിരുന്നു. ശനിയാഴ്ചകളിലുള്ള നിർബന്ധിത ജോലിയെക്കുറിച്ചുള്ള ജീവനക്കാരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഞായറാഴ്ചയും ജോലി ചെയ്യുകയാണ് വേണ്ടതെന്ന് തൊഴിലാളികളോട് പറഞ്ഞത്.
തുടർന്ന് സുബ്രഹ്മണ്യന്റെ പരാമർശത്തിൽ അദ്ദേഹം മാപ്പ് പറയണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. സുബ്രഹ്മണ്യൻ്റെ പ്രസ്താവനകളെ ശക്തമായി അപലപിച്ച പ്രതിഷേധക്കാർ ഇൻഫോസിസ് ചെയർമാൻ ആർ. നാരായണമൂർത്തിയുടെ സമാന പ്രസ്താവനകളെയും അപലപിച്ചു.
തൊഴിലാളികൾ എട്ട് മണിക്കൂർ ജോലി ചെയ്യേണ്ട നിലവിലെ സാഹചര്യത്തിൽ രാജ്യത്തുടനീളം 11,486 തൊഴിലാളികൾ മരണപ്പെട്ടതായി 2022 ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി) റിപ്പോർട്ട് വെളിപ്പെടുത്തുന്നുവെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ സി.ഐ.ടി.യു ഗ്രേറ്റർ ഹൈദരാബാദ് സിറ്റി പ്രസിഡൻ്റ് എം. വെങ്കിടേഷ് ചൂണ്ടിക്കാട്ടി.
‘സുബ്രഹ്മണ്യൻ്റെ നിർദേശങ്ങൾ പാലിച്ചാൽ, തൊഴിലാളികൾക്ക് പ്രതിദിനം 15 മണിക്കൂർ ജോലി ചെയ്യേണ്ടിവരും. ഇത് മുഴുവൻ തൊഴിലാളികളെയും അടിമകളാക്കി മാറ്റുകയാണ് ചെയ്യുക. കേന്ദ്രത്തിലെ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ഈ വർഷം ഏപ്രിൽ മുതൽ പ്രതിദിനം 12 മണിക്കൂർ ജോലി ഷിഫ്റ്റ് ചെയ്യേണ്ടി വരുന്ന നാല് ലേബർ കോഡുകൾ നടപ്പാക്കാൻ പദ്ധതിയിടുകയാണ്.
സാങ്കേതികവിദ്യയിലെ പുരോഗതിയും മെഷിനറികളുടെയും റോബോട്ടുകളുടെയും ഉപയോഗത്തിലൂടെ ഉത്പാദനം വർധിച്ചു. ലാഭം 300 ശതമാനം വർധിച്ചു. പക്ഷേ തൊഴിലാളികളുടെ വേതനം കുറയുകയാണുണ്ടായത്,’ വെങ്കിടേഷ് പറഞ്ഞു.
തൊഴിലാളികളുടെ വർക്ക് ഷിഫ്റ്റ് ആഴ്ചയിൽ അഞ്ച് ദിവസമാക്കുക, മിനിമം വേതനം 26,000 രൂപയായി ഉയർത്തുക, തൊഴിൽ സുരക്ഷ ഉറപ്പ് വരുത്തുക, കരാർ സമ്പ്രദായം ഇല്ലാതാക്കുക, എല്ലാ കരാർ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹൈദരാബാദിൽ തൊഴിലാളികൾ പ്രതിഷേധിച്ചത്.
Content Highlight: Protest at L&T Hyderabad office over chairman’s 90-hour workweek remark