എഡിറ്റര്‍
എഡിറ്റര്‍
‘പ്രതിഷേധത്തിന്റെ അലയൊലികള്‍’
എഡിറ്റര്‍
Wednesday 6th September 2017 8:30pm


തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതില്‍ സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധം. രാഷ്ടീയ-സാംസാകാരിക-മാധ്യമ-സന്നദ്ധ സംഘടനകള്‍ സംസ്ഥാനമാകെ പ്രതിഷേധകൂട്ടായ്മകള്‍ നടത്തി.

തലസ്ഥാന ജില്ലയില്‍ വനിത മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ പ്രതിഷേധം സംഘടിപ്പിച്ചു. പീപ്പിള്‍ എഗെയ്ന്‍സ്റ്റ് ഫാസിസം പ്രവര്‍ത്തകരും പുരോഗമനകലാസാഹിത്യസംഘം പ്രവര്‍ത്തകരും എറണാകുളത്ത് സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

അഡ്വ. സെബാസ്റ്റ്യന്‍ പോള്‍ പ്രതിഷേധ പരിപാടിയെ അഭിസംബോധന ചെയ്തു സംസാരിച്ചു. മാധ്യമപ്രവര്‍ത്തകരായ ഹര്‍ഷന്‍, ഷാഹിന നഫീസ തുടങ്ങിവര്‍ പങ്കെടുത്തു.


കോഴിക്കോട് പത്ര പ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍. പി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട്  കോഴിക്കോട്ടെ യുവമാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. മാനാഞ്ചിറയിലും കിഡ്‌സ് ആന്‍ഡ് കോര്‍ണറിലും നടന്ന പ്രതിഷേധസംഗമം പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡണ്ടും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നിയുക്ത പ്രസിഡണ്ടുമായ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു.

ഫാസിസ്റ്റ് ശക്തികള്‍ എതിര്‍ശബ്ദ്ങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുമ്പോള്‍ പൊതുജനങ്ങളും പ്രതിരോധവുമായി മുന്നോട്ടു വരണമെന്ന് കമാല്‍ വരദൂര്‍ പറഞ്ഞു. എപ്പോള്‍ വേണമെങ്കിലും നമ്മള്‍ കൊല്ലപ്പെടാമെന്നും കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനിടെ ഫാസിസ്റ്റുകളുടെ ശക്തി ഇരട്ടിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അലി ഹൈദര്‍ സ്വാഗതവും അനൂപ്ദാസ് അധ്യക്ഷതയും വഹിച്ച പ്രതിഷേധസംഗമത്തില്‍, കിഡ്‌സ് ആന്‍ഡ് കോര്‍ണറില്‍ മാധ്യമപ്രവര്‍ത്തകന്‍ നൗഷാദും യുവ എഴുത്തുകാരി പക്‌സിയും സംസാരിച്ചു.

ഇന്നലെ രാത്രിയാണ് ബംഗലൂരുവിലെ വസതിയില്‍ അജ്ഞാതരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.

ഫോട്ടോ കടപ്പാട്: വിഘ്‌നേശ് ടി. കനകന്‍

 

Advertisement