വയനാട്ടില്‍ ഇനിയുമൊരു അണക്കെട്ടോ?
നിമിഷ ടോം

പ്രളയത്തില്‍ തകര്‍ന്ന വയനാടന്‍ പുനര്‍നിര്‍മ്മാണവും പുനരധിവാസവുമെല്ലാം പാതിവഴിമാത്രം പിന്നിട്ട് നില്‍ക്കുകയാണ്. കേരളത്തില്‍ പ്രളയം നാശം വിതച്ചപ്പോള്‍ വയനാടിനെ തകര്‍ത്തത് ബാണാസുര സാഗര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതായിരുന്നു. പ്രളയത്തിന് ഒരു വര്‍ഷമിപ്പുറം വയനാട്ടില്‍ മറ്റൊരു അണക്കെട്ടുകൂടി നിര്‍മ്മിക്കാനുള്ള പദ്ധതികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോവുന്നത്.

ജലക്ഷാമവും രൂക്ഷ വരള്‍ച്ചയും നേരിടുന്ന വയനാട്ടിലെ പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പ്രദേശത്തേക്ക് ജലമെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് കടമാന്‍തോട് അണക്കെട്ട് നിര്‍മ്മിക്കാനൊരുങ്ങുന്നത്. എന്നാല്‍ കടമാന്‍തോട്ടില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതാണോ വയനാടന്‍ ജലസേചനത്തിന് പരിഹാരമെന്ന ചോദ്യമാണ് ഇവിടെനിന്നും ഉയരുന്നത്.

കബനീനദിയിലെ വെള്ളം കേരളം ഉപയോഗിക്കുന്നില്ലെന്നും കര്‍ണാടകയിലേക്ക് വെള്ളമൊഴുകുകയാണെന്നും ഈ വെള്ളം തമിഴ്‌നാടിന് നല്‍കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് കടമാന്‍തോട് അണക്കെട്ട് പദ്ധതി വീണ്ടും ചര്‍ച്ചയിലേക്ക് വരുന്നത്. എന്നാല്‍, ലക്ഷ്യം കാണാതെ പാതിവഴിയിലുപേക്ഷിച്ച കാരാപ്പുഴ, ബാണാസുരസാഗര്‍ അണക്കെട്ടുകള്‍ വയനാടിന് തന്നെ ഭീഷണിയും ബാധ്യതയുമായി തുടരുമ്പോള്‍ അണക്കെട്ടല്ലാത്ത ചില ബദലുകള്‍ കൂടി പരിശോധിക്കേണ്ടതുണ്ട് എന്ന അഭിപ്രായമാണ് നാട്ടുകാരടക്കം ഉന്നയിക്കുന്നത്.