കൊച്ചി: ഈസ്‌റ്റേണ്‍ കോണ്ടിമെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ വിറ്റുവരവില്‍ വര്‍ധനവെന്ന് ഈസ്‌റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ നവാസ് മീരാന്‍.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലേതിനെ അപേക്ഷിച്ച് 24 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇതോടെ കമ്പനിയുടെ വിറ്റുവരവ് 480 കോടിയിലെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
കമ്പനിയുടെ എല്ലാ മേഖലകളിലും മികച്ച പുരോഗതിയാണ് ദൃശ്യമായത്. കയറ്റുമതിയിലാണ് ഏറ്റവും നല്ല പ്രകടനം കാഴ്ച്ചവെച്ചത്. കമ്പനിയുടെ കയറ്റുമതിയിലെ വിറ്റുവരവ് 100 കോടി രൂപയെന്ന റെക്കാഡ് നേട്ടം രേഖപ്പെടുത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.
കയറ്റുമതി ലക്ഷ്യമിട്ട് 2011ല്‍ കമ്പനി കോതമംഗലത്ത് ഒരു യൂണിറ്റ് തുടങ്ങിയിരുന്നു. ഇതിന്റെ ഉല്പാദനശേഷി ഇപ്പോള്‍ പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. പ്രതിദിനം 40 ടണ്‍ ശേഷിയാണ് പ്‌ളാന്റിനുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും സുഗന്ധവ്യഞ്ജന പൗഡറുകളുടെയും മസാല മിശ്രണങ്ങളുടെയും കയറ്റുമതിയിലെ നല്ല പ്രകടനത്തിന് സ്‌പൈസസ് ബോര്‍ഡിന്റെ അവാര്‍ഡ് ഈസ്‌റ്റേണിന് ലഭിച്ചിരുന്നു. ഈ അംഗീകാരം തുടര്‍ച്ചയായ 14ാം തവണയും നേടാനായത് ഗുണനിലവാരത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നതുകൊണ്ടാണെന്നും നവാസ് മീരാന്‍ അവകാശപ്പെട്ടു.