എഡിറ്റര്‍
എഡിറ്റര്‍
സംയോജിതകൃഷിയില്‍ ലാഭവും സംതൃപ്തിയും
എഡിറ്റര്‍
Thursday 18th October 2012 9:24am


ഇന്ന് നമ്മളനുഭവിക്കുന്ന എറ്റവും വലിയ പ്രതിസന്ധിയാണ് കാര്‍ഷിക മേഖലയുടെത്. വ്യാസായികവല്‍ക്കരണത്തിന്റെ അതിപ്രസരം മറ്റെല്ലാ മേഖലയെയും പോലെ തന്നെ കൃഷിയെയും തകിടം മറിച്ചുവെന്നു പറയാം. ഇന്ന് വികസനത്തിന്റെ പര്യായമായി ദ്വിതീയ-ത്രിദീയ മേഖലകള്‍ക്ക് അമിത പ്രാധാന്യം ലഭിച്ചിരിക്കുന്നു. ഭക്ഷ്യക്ഷാമം എന്നത് ഇന്ന് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുമ്പോള്‍ കേരള ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കേരള കര്‍ഷകന്‍ മാസിക എന്നിവയുടെ സഹകരണത്തോടുകൂടി ഇന്റര്‍നെറ്റ് വായനക്കാര്‍ക്കായി ഡൂള്‍ന്യൂസ്.കോം അതിന്റെ ചരിത്രപരമായ ഇടപെടല്‍ നടത്തുന്നു…


ഒരിഞ്ചു സ്ഥലവും ഇവിടെ പാഴാക്കാതെയാണ് കൃഷി. വാഴ വളര്‍ന്ന് തണലാകുന്നതുവരെ ഇവയ്‌ക്കൊപ്പം ചീര കൃഷിചെയ്യുന്നുണ്ട്. അതുപോലെതന്നെ തെങ്ങിന് ഇടവിളയായ് പശുവിനുള്ള തീറ്റപ്പുല്ലും പച്ചക്കറികളും വാഴയും മരച്ചീനിയും ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍ എന്നിവയും…


കിസാന്‍/കെ. വി. ഗോപി


കണ്ണൂരിലെ മൊകേരി പഞ്ചായത്തിലെ വള്ള്യായിലാണ് ഞാന്‍ ജനിച്ചത്. എസ്.എസ്.എല്‍.സിക്ക് ശേഷം അച്ഛന്റെ കൂടെ കുടുംബവക സ്ഥലത്ത് വാഴക്കൃഷിയും കോഴിവളര്‍ത്തലും നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് അത് വിപുലീകരിക്കണമെന്ന ഉദ്ദേശത്തോടുകൂടി വേങ്ങാട് പഞ്ചായത്തിലെ പാതിരയാട് 3 ഏക്കറോളം സ്ഥലം വാങ്ങിയത്. മേലുകീഴായ്  ചരിഞ്ഞുകിടക്കുന്ന ഭൂമി തട്ടുതട്ടായി തിരിച്ച് നടുവിലായ് തെങ്ങും ചുറ്റിലും ചീരയും കൃഷി ചെയ്തുകൊണ്ടാണ് തുടക്കം.

Ads By Google

സ്ഥലത്തിന്റെ ഒരു വശത്ത് ഷെഡുകള്‍ നിര്‍മ്മിച്ച് ഇറച്ചിക്കോഴി വളര്‍ത്തല്‍ തുടങ്ങി. പിന്നീട് പാഴ്മണ്ണിനെ മെരുക്കിയെടുക്കാനുള്ള ശ്രമം തുടങ്ങി. ചകിരിച്ചോറും കോഴിവളവും ചേര്‍ത്ത് മണ്ണിനെ ഫലഭൂയിഷ്ടമാക്കിയെടുത്തു. ആദ്യമായി ചീരകൃഷി തുടങ്ങാന്‍ തീരുമാനിച്ചു. എളുപ്പം വരുമാനം കിട്ടുമെന്നുള്ളതാണ് പ്രധാനവിളയായ് ചീര തന്നെ തെരഞ്ഞെടുക്കാന്‍ കാരണം. 3-4 സെന്റ് വീതമുള്ള ഓരോ കള്ളിയില്‍ നിന്നും 100-150 കി.ഗ്രാം വിളവ് കിട്ടാറുണ്ട്.

മണ്ണിരകമ്പോസ്റ്റും വെര്‍മിവാഷുമാണ് മറ്റു വളങ്ങളായ് ഉപയോഗിക്കുന്നത്. വെര്‍മിവാഷ്, 6 ഇരട്ടി വെള്ളം ചേര്‍ത്ത് ഇലകളില്‍ തളിക്കുന്നു. വേപ്പെണ്ണ-വെളുത്തുള്ളി-സോപ്പ് ലായനി ഇലപ്പുഴുവിനെതിരായ് ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. ചീരയുടെ വെള്ളക്കുത്ത് രോഗത്തിന് മഞ്ഞള്‍പ്പൊടി, അപ്പക്കാരം, ഗോമൂത്രം എന്നിവ ചേര്‍ത്ത് തളിച്ചാല്‍ പരിഹാരമാകുന്നുണ്ട്.

100 ഗ്രാം മഞ്ഞള്‍പ്പൊടിയും 20 ഗ്രാം അപ്പക്കാരം കൂട്ടിക്കലര്‍ത്തി 1 ലിറ്റര്‍ വെള്ളത്തില്‍ 4 ഗ്രാം പൊടി എന്ന തോതില്‍ കലക്കി തളിക്കുക. കായീച്ചയ്ക്കും മറ്റു കീടങ്ങള്‍ക്കും ചിരട്ടക്കെണിയാണ്് ഉപയോഗിക്കുന്നത്. കുരുമുളകു വള്ളിയിലെ ദ്രുതവാട്ടത്തിനും മറ്റുചെടികളുടെ അഴുകല്‍ രോഗത്തിനും ട്രൈക്കോഡെര്‍മ ചാണകവളത്തില്‍ വളര്‍ത്തി ഉപയോഗിക്കുന്നു. അതിനുപുറമേ സ്യൂഡോേമാണാസ് ചെടികളില്‍ തളിക്കുന്നു.

ഒരിഞ്ചു സ്ഥലവും ഇവിടെ പാഴാക്കാതെയാണ് കൃഷി. വാഴ വളര്‍ന്ന് തണലാകുന്നതുവരെ ഇവയ്‌ക്കൊപ്പം ചീര കൃഷിചെയ്യുന്നുണ്ട്. അതുപോലെതന്നെ തെങ്ങിന് ഇടവിളയായ് പശുവിനുള്ള തീറ്റപ്പുല്ലും പച്ചക്കറികളും വാഴയും മരച്ചീനിയും ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍ എന്നിവയും കൃഷിചെയ്യുന്നുണ്ട്. പിന്നെ കശുമാവ്, പന്നിയൂര്‍-1 കുരുമുളക്, ഔഷധസസ്യങ്ങള്‍ ഇതെല്ലാം ഒരേസ്ഥലത്താണ് ഇടവിളയായ് കൃഷി ചെയ്യുന്നത്.

ഇതിനിടയില്‍ 10 തേനീച്ച പെട്ടികള്‍ ഉണ്ട്. പച്ചക്കറി വിളകള്‍ക്കും തെങ്ങിനും കശുമാവിനും ഉത്പാദനം കൂട്ടുന്നതിനായ് തേനീച്ചകളെ ഉപയോഗിക്കുന്നു. ഇതിനു പുറമേ തോട്ടത്തില്‍ പ്ലാവ്, മാവ്, മുരിങ്ങ, പപ്പായ, ഓറഞ്ച്, സപ്പോട്ട തുടങ്ങിയവയും ഉണ്ട്.

ഇതിനെല്ലാം ആവശ്യമായ വളത്തിനും അധിക വരുമാനത്തിനുമായി ഇരുപത് പശുക്കളുടെ ഒരു ഫാമും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനോടനുബന്ധിച്ച് ഉത്പാദനശേഷി കൂട്ടുന്നതിനായി ഇരുപത് കന്നുകുട്ടികളെ വളര്‍ത്തിയെടുക്കുന്ന ഒരു യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. 150 ലിറ്റര്‍ പാല്‍ ദിവസവും ലഭിക്കും. ക്ഷീരോത്പാദന സഹകരണ സംഘത്തിലും പൊതുവിപണിയിലും പാല്‍ വില്‍പന നടത്തുന്നു. പാലുത്പന്നങ്ങളായ തൈര്, മോര്,നെയ്യ് എന്നിവയും ഇവിടെ വില്‍പന നടത്തുന്നുണ്ട്.

ചാണകം മണ്ണിരകമ്പോസ്റ്റിനായ് ഉപയോഗിക്കുന്നു. തനിവളമായും ഉണക്കിപ്പൊടിച്ചിട്ടും ഇത് വില്‍പന നടത്തുന്നു. ബ്രോയിലര്‍ കോഴിയുടെ അവശിഷ്ടവും മറ്റ് പച്ചക്കറികളുടെ അവശിഷ്ടവും പന്നിക്ക് തീറ്റയായ് കൊടുക്കുന്നു. അമ്പതോളം പന്നികളെ അതിനായ് വളര്‍ത്തുന്നു.

ഇറച്ചിക്കായി ബ്രോയിലര്‍,ഇറച്ചിക്കും മുട്ടയ്ക്കുമായ് നാടന്‍ കോഴികള്‍, കാട, മുയല്‍, താറാവ്, ഗിനി, ടര്‍ക്കി,  20 മലബാറി ആടുകളുള്ള ഒരു യൂണിറ്റും പ്രവര്‍ത്തിക്കുന്നു. അലങ്കാര മത്സ്യങ്ങള്‍, കാര്‍പ്പ് മത്സ്യങ്ങള്‍ എന്നിവയും മീന്‍കുഞ്ഞുങ്ങളേയും ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്നു.

മണ്ണിരകമ്പോസ്റ്റിന്റെ ഒരു യൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. പന്നിയുടെയും പശുക്കളുടെയും അവശിഷ്ടം ബയോഗ്യാസ് പ്ലാന്റിലേക്കാണ് വിടുന്നത്. പാചകത്തിനും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ഈ ഗ്യാസ് ഉപയോഗിക്കുന്നു. ഗ്യാസ് ഉത്പാദിപ്പിച്ചതിന് ശേഷമുള്ള സ്ലറി കൃഷിയിടത്തില്‍ എല്ലായിടത്തും എത്തിക്കാനുള്ള സംവിധാനവുമുണ്ട്.

ഗുണനിലവാരമുള്ള നടീല്‍വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന നഴ്‌സറിയും അലങ്കാരച്ചെടികളും ഉള്ള ഒരു നഴ്‌സറിയും ഇവിടെ പ്രവര്‍ത്തിക്കുന്നു. കൂടാതെ പച്ചക്കറിവിത്തുകള്‍, നാടന്‍കോഴിമുട്ട, കാടമുട്ട, തേന്‍ എന്നിവ വില്‍പന നടത്തുന്നതിനായ് ഒരു കൗണ്ടറും പ്രവര്‍ത്തിക്കുന്നു.

പാരമ്പര്യകൃഷിയും ആധുനിക കൃഷിരീതിയും സംയോജിപ്പിച്ച് ബഹുതല, ബഹുവിള കൃഷിരീതി നടപ്പാക്കാന്‍ സഹായം ലഭിച്ചത് കൃഷിവിജ്ഞാനകേന്ദ്രം, കൃഷിഭവന്‍,മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ് എന്നിവിടങ്ങളില്‍നിന്നും കേരളകര്‍ഷകന്‍, കര്‍ഷകശ്രീ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ നിന്നും മറ്റുമാണ്.

അമ്പതോളം പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടത് സംസ്ഥാന ഗവണ്‍മെന്റിന്റെ കര്‍ഷകോത്തമ, മലയാള മനോരമയുടെ കര്‍ഷകശ്രീ, ഗാന്ധിജി സ്റ്റഡി സെന്ററിന്റെ കര്‍ഷകതിലക്,മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാതല അവാര്‍ഡ്, ആകാശവാണിയുടെ അവാര്‍ഡുകള്‍ എന്നിവ കര്‍ഷകനെന്നനിലയില്‍ ഒരു അംഗീകാരമായി എനിക്കു ലഭിച്ചു.

കേരളകര്‍ഷകന്‍ഷകന്‍
സെപ്റ്റംബര്‍ 2011, പുസ്തകം 57, ലക്കം 4

കിസാനിലെ മറ്റ് അദ്ധ്യായങ്ങള്‍ വായിക്കൂ..

Advertisement