ഓമനത്തമുള്ള മാമാട്ടി! ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ; വനിതയിലെ ദിലീപിന്റെ കുടുംബ ചിത്രത്തെ പിന്തുണച്ച് സാന്ദ്ര തോമസിന്റെ പോസ്റ്റ്; പിന്നാലെ എയറില്‍
actress attack case
ഓമനത്തമുള്ള മാമാട്ടി! ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ; വനിതയിലെ ദിലീപിന്റെ കുടുംബ ചിത്രത്തെ പിന്തുണച്ച് സാന്ദ്ര തോമസിന്റെ പോസ്റ്റ്; പിന്നാലെ എയറില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th January 2022, 12:49 pm

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ കുടുംബ ചിത്രം വനിത മാഗസിനില്‍ കവര്‍ ഫോട്ടോ ആയി വന്നതിനെ പിന്തുണച്ച് നിര്‍മാതാവ് സാന്ദ്ര തോമസ്.

വനിതയില്‍ ദിലീപിന്റെ കുടുംബ ചിത്രം കവര്‍ ഫോട്ടോ ആയി വരുന്നതിനെതിരെ വ്യാപക പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. സഹപ്രവര്‍ത്തകയെ ആക്രമിച്ച സംഭവത്തില്‍ പ്രതിയായ ഒരാളെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു പ്രസിദ്ധീകരണത്തില്‍ വെള്ളപൂശുന്നെന്നായിരുന്നു സോഷ്യല്‍ മീഡിയ ഉയര്‍ത്തിയ വിമര്‍ശനം.

എന്നാല്‍ മാമാട്ടിയെന്ന കുഞ്ഞിനെ മാത്രമാണ് തനിക്ക് ഈ ചിത്രത്തില്‍ കാണാനാവുന്നുള്ളൂയെന്നായിരുന്നു സാന്ദ്ര തോമസിന്റെ ഫേസ്ബുക്കിലെ കുറിപ്പ്.

‘മാമാട്ടി’ ആ പേര് പോലെ തന്നെ ഓമനത്തമുള്ളൊരു കുട്ടി. ഇവിടെ എനിക്ക് ആ കുഞ്ഞിനെ മാത്രമേ കാണാന്‍ പറ്റുന്നൊള്ളു. ആ കുഞ്ഞിന്റെ കണ്ണുകളിലെ പ്രതീക്ഷകള്‍ മാത്രമേ കാണാന്‍ പറ്റുന്നുള്ളു. എല്ലാവരെയും സ്‌നേഹിക്കാനും അറിയാനും തുളുമ്പുന്ന ഒരു മനസ്സ് മാത്രമേ കാണാന്‍ പറ്റുന്നുള്ളു. ജന്മം കൊണ്ട് ഇരയാക്കപ്പെട്ടവള്‍. മനുഷ്യത്വം അത് എല്ലാവരും ഒരുപോലെ അര്‍ഹിക്കുന്നു.’നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവളെ കല്ലെറിയട്ടെ എന്നുമായിരുന്നു സാന്ദ്ര തോമസ് ഫേസ്ബുക്കില്‍ എഴുതിയത്.

എന്നാല്‍ സാന്ദ്രയുടെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ആ കുഞ്ഞിനെ ആരും ഒന്നും പറഞ്ഞില്ലെന്നും ഒരു സ്ത്രീയെ അതും സഹപ്രവര്‍ത്തകയായ ഒരു സ്ത്രീയെ കൊട്ട്വേഷന്‍ കൊടുത്ത് ലൈംഗികമായി ആക്രമിച്ച ഒരു വ്യക്തിയെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഒരു മാഗസിനില്‍ കവര്‍ സ്റ്റോറിയായി അവതരിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധമെന്നും സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.

സാന്ദ്രയുടെ പോസ്റ്റിനെതിരെ എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്തും രംഗത്ത് എത്തി. തനിക്കീ ചിത്രത്തില്‍ സിനിമാലോകം ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നികൃഷ്ടമായ ക്രിമിനല്‍ ഗൂഢാലോചന നടത്തി അത് പ്രാവര്‍ത്തികമാക്കിയ ഒരു ക്രിമിനലിനെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. ഒപ്പം ഈ ചിത്രം കാണുമ്പോള്‍ ‘കനല്‍വഴികള്‍ താണ്ടി’യെന്ന മട്ടിലുള്ള അയാളുടെ ജീവചരിത്രം വായിക്കുമ്പോള്‍ നെഞ്ച് പൊള്ളുന്ന മറ്റൊരു പെണ്‍കുട്ടിയേയും കാണാന്‍ പറ്റുന്നുണ്ടെന്നായിരുന്നു ദീപ നിശാന്ത് കമന്റായി എഴുതിയത്.

സാന്ദ്ര എന്തിനാണ് ആ കുഞ്ഞിനെ ഇതിലേക്ക് വലിച്ചിഴക്കുന്നതെന്നും കമന്റുകള്‍ ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് വനിതയിലെ പുതിയ കവര്‍ ചിത്രം പുറത്തുവരുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്മേല്‍ അന്വേഷണത്തിന് കോടതി അനുമതി നല്‍കിയിരുന്നു. ജനുവരി 20നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം

തുടര്‍ന്ന് രഹസ്യ മൊഴി രേഖപ്പെടുത്താന്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിന് കോടതി സമന്‍സ് അയച്ചിരുന്നു. ജനുവരി 12നാണ് മൊഴി രേഖപ്പെടുത്തേണ്ടത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

&

Producer Sandra Thomas’s post in support of Actor Dileep’s family picture in Vanitha