മോഹന്‍ലാലിന്റെ അഭിനയം പോലെയാണ് മഞ്ജുവിന്റേയും, അതിലവര്‍ സൂപ്പര്‍ ലേഡിയാണ്: പി.വി. ഗംഗാധരന്‍
Film News
മോഹന്‍ലാലിന്റെ അഭിനയം പോലെയാണ് മഞ്ജുവിന്റേയും, അതിലവര്‍ സൂപ്പര്‍ ലേഡിയാണ്: പി.വി. ഗംഗാധരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 5th April 2022, 7:40 pm

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജു വാര്യര്‍. സല്ലാപം, ഇരട്ടക്കുട്ടികളുടെ അച്ഛന്‍, കളിയാട്ടം, ദയ, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായ മഞ്ജു വാര്യര്‍ വിവാഹശേഷം സിനിമയില്‍ നിന്നും വിട്ട നില്‍ക്കുകയായിരുന്നു.

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തിയ മഞ്ജു വാര്യര്‍ പിന്നീട് മലയാളത്തിലെ മുന്‍നിര അഭിനേത്രി ആയിരിക്കുകയാണ്.

ധനുഷ് നായകനായ അസുരന്‍ എന്ന ചിത്രത്തിലൂടെ തമിഴിലും താരം സാന്നിധ്യം അറിയിച്ചിരുന്നു. മഞ്ജു വാര്യരുടെ അഭിനയം മോഹന്‍ലാലിന്റേത് പോലെയാണെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് നിര്‍മാതാവ് പി.വി. ഗംഗാധരന്‍.

മാനസികമായി എന്ത് വിഷമമുണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് മഞ്ജു നന്നായി അഭിനയിക്കുമെന്നും അഭിനയത്തില്‍ അവര്‍ സൂപ്പര്‍ ലേഡിയാണെന്നും ഗംഗാധരന്‍ പറഞ്ഞു. കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു വാര്യരെ പറ്റി ഗംഗാധരന്‍ പറഞ്ഞത്.

‘തൂവല്‍ കൊട്ടാരത്തില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ വളരെ സന്തോഷത്തോടെയാണ് മഞ്ജു വാര്യര്‍ വന്നത്. അതിനു ശേഷം മഞ്ജു വാര്യരുമായി നല്ലൊരു സ്‌നേഹബന്ധമുണ്ടായിരുന്നു. ആളുകള സഹായിക്കാനുള്ള ഒരു മനസ്ഥിതി ഉണ്ട്. ആരും അറിയാതെ പലരെയും അവര്‍ സഹായിച്ചിട്ടുണ്ട്,’ ഗംഗാധരന്‍ പറഞ്ഞു.

‘മഞ്ജു വാര്യര്‍ ആദ്യമായി ഡബ്ബ് ചെയ്ത സിനിമയാണ് തൂവല്‍ കൊട്ടാരം. അഭിനേത്രി എന്ന നിലയില്‍ വിലയിരുത്തിയാല്‍ മോഹന്‍ലാലിന്റെ അഭിനയം പോലെയാണ് തോന്നിയിട്ടുള്ളത്. അഭിനയിച്ചു ജീവിക്കുകയാണ്. അതാണ് അവരുടെ വിജയം. എന്തൊക്കെ മാനസിക വിഷമമുണ്ടെങ്കിലും അതൊക്കെ മാറ്റിവെച്ച് നന്നായി അഭിനയിക്കും. അഭിനയത്തില്‍ അവര്‍ സൂപ്പര്‍ ലേഡിയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: producer pv gangadharan about manju warrier