നിര്‍മ്മാതാക്കളില്‍ ചിലര്‍ പണം തരാതെ പറ്റിച്ചിട്ടുണ്ടെന്ന് ധനുഷ്; രജനികാന്ത് ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നതിനെ കുറിച്ച് മിണ്ടാത്തതെന്തേ എന്ന് നിര്‍മ്മാതാവ് അഴകപ്പന്‍
Kollywood
നിര്‍മ്മാതാക്കളില്‍ ചിലര്‍ പണം തരാതെ പറ്റിച്ചിട്ടുണ്ടെന്ന് ധനുഷ്; രജനികാന്ത് ഉയര്‍ന്ന പ്രതിഫലം വാങ്ങുന്നതിനെ കുറിച്ച് മിണ്ടാത്തതെന്തേ എന്ന് നിര്‍മ്മാതാവ് അഴകപ്പന്‍
ന്യൂസ് ഡെസ്‌ക്
Friday, 30th August 2019, 11:44 pm

നിര്‍മ്മാതാക്കളില്‍ ചിലര്‍ തന്നെ പറഞ്ഞു പറ്റിച്ചിട്ടുണ്ടെന്ന് പറഞ്ഞ നടന്‍ ധനുഷിന്റെ പ്രസ്താവന വിവാദമാകുന്നു. ചില നിര്‍മ്മാതാക്കള്‍ മാത്രമേ പറഞ്ഞ പ്രതിഫലം മുഴുവന്‍ തന്നിട്ടുള്ളൂ എന്നാണ് ധനുഷ് പറഞ്ഞത്.

ധനുഷ് നായകനായ അസുരന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു പരാമര്‍ശം. ഇന്നത്തെ കാലത്ത് വളരെ ചുരുക്കം നിര്‍മ്മാതാക്കളില്‍ നിന്നേ പ്രതിഫലം പൂര്‍ണ്ണമായി കിട്ടൂവെന്നായിരുന്നു ധനുഷ് പറഞ്ഞത്.

എന്നാല്‍ അസുരന്റെ നിര്‍മാതാവ് സിനിമ പൂര്‍ത്തിയാകുന്നതിനു മുമ്പേ മുഴുവന്‍ പ്രതിഫലവും നല്‍കിയെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.

ധനുഷിന്റെ പ്രസ്താവനക്കെതിരെ നിര്‍മ്മാതാവ് അഴകപ്പന്‍ രംഗത്തെത്തി. തമിഴ് നിര്‍മ്മാതാക്കളെ എല്ലാവരെയും പ്രതിക്കൂട്ടിലാക്കുന്ന പരാമര്‍ശമാണ് ധനുഷ് നടത്തിയതെന്ന് അഴകപ്പന്‍ പറഞ്ഞു.

‘രജനികാന്ത് 60 കോടി രൂപയൊക്കെ പ്രതിഫലം വാങ്ങുന്നുണ്ട്. ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ നിര്‍മ്മാതാക്കള്‍ പ്രതിസന്ധിയിലാകും. അങ്ങനെയുണ്ടായിട്ടുമുണ്ട്. ധനുഷ് അതിനെക്കുറിച്ച് പറഞ്ഞില്ലല്ലോ. വിഷയത്തില്‍ ധനുഷിനോട് സംവാദത്തിന് തയ്യാറാണ്’- അഴകപ്പന്‍ പറയുന്നു.

വെട്രിമാരന്‍ സംവിധാനം ചെയുന്ന ചിത്രമാണ് അസുരന്‍. മഞ്ജു വാര്യരാണ് നായിക. മഞ്ജു ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമാകുന്നത്. വട ചെന്നൈക്ക് ശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുമ്പോള്‍ പ്രതികാര കഥയുടെ പശ്ചാത്തലത്തില്‍ തന്നെയാണ് ചിത്രം ഒരുങ്ങുന്നത്.