സൂപ്പര്‍താരങ്ങളുടെ ഇടയില്‍ കൂട്ടത്തല്ല്; പി.എസ്.ജിയില്‍ മെസി അല്ലെങ്കില്‍ നെയ്മര്‍ ഇതില്‍ ഒരാള്‍ മതിയെന്ന് റിപ്പോര്‍ട്ടുകള്‍
Football
സൂപ്പര്‍താരങ്ങളുടെ ഇടയില്‍ കൂട്ടത്തല്ല്; പി.എസ്.ജിയില്‍ മെസി അല്ലെങ്കില്‍ നെയ്മര്‍ ഇതില്‍ ഒരാള്‍ മതിയെന്ന് റിപ്പോര്‍ട്ടുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 15th August 2022, 8:52 am

ഒരുപാട് സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് വാഴുന്ന ടീമാണ് ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജി. ഫ്രാന്‍സിന്റെ കിലിയന്‍ എംബാപെയും, ലയണല്‍ മെസിയും, നെയ്മറും, ഒരുമിച്ച് കളിക്കുന്ന മുന്നേറ്റ നിരക്ക് ഏത് ടീമിനെയും തകര്‍ക്കാന്‍ സാധിക്കും. എന്നാല്‍ ടീമിലെ ഒത്തൊരുമ ഇല്ലായ്മ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചാവിഷയമാകുകയാണ്.

പി.എസ്.ജിയില്‍ മെസിയോ നെയ്മറോ ഇതില്‍ ഒരാള്‍ മതിയെന്ന് ടീമിന്റെ ഏറ്റവും പ്രധാന താരമായ എംബാപെ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഫ്രഞ്ച് ഓണ്‍ലൈന്‍ മീഡിയയായ ജി.എഫ്.എഫ്. എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഈ സീസണില്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാന്‍ ഒരുങ്ങിയ എംബാപെയെ നിലനിര്‍ത്തിയത് ഒരുപാട് ഓഫറുകള്‍ കൊടുത്താണ്. അതില്‍ ക്ലബ്ബില്‍ തീരുമാനമെടുക്കാനുള്ള അധികാരവും കൊടുത്തിരുന്നു. ഇത് അദ്ദേഹം ദുരുപയോഗം ചെയ്യുമെന്ന് വാദിക്കുന്നവരുണ്ട്.

എംബാപെയും നെയ്മറും തമ്മിലുള്ള സ്വരചേര്‍ച്ച ഇല്ലായ്മ നേരത്തെ തന്നെ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ ടീമില്‍ മെസി അല്ലെങ്കില്‍ നെയ്മര്‍ ഇതില്‍ ഒരാള്‍ മതിയെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

മെസിയില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്ന് വിശ്വസിക്കുന്ന എംബാപെ നെയ്മറെ ടീമില്‍ നിന്നും ഒഴിവാക്കിയാലും അത്ഭുതപ്പെടുത്താനില്ല. കഴിഞ്ഞ ദിവസം എംബാപെയെ വിമര്‍ശിച്ച ട്വീറ്റില്‍ നെയ്മര്‍ ലൈക്കടിച്ചത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

‘ഇപ്പോള്‍ ഇത് ഔദ്യോഗികമായിരിക്കുന്നു, പി.എസ്.ജിയില്‍ പെനാള്‍ട്ടി എടുക്കുന്നത് എംബാപെയാണ്. വ്യക്തമായും, ഇത് കരാറിന്റെ കാര്യമാണ്, കാരണം നെയ്മര്‍ ഉള്ള ലോകത്തെ ഒരു ക്ലബ്ബിലും അദ്ദേഹം പെനാള്‍ട്ടി എടുക്കാന്‍ രണ്ടാം സ്ഥാനക്കാരനാകില്ല. ഇത് കരാര്‍ കാരണമാണെന്ന് തോന്നുന്നു. എംബാപെയാണ് പി.എസ്.ജിയുടെ ഉടമ,’ എന്ന ആരാധകന്റെ ട്വീറ്റിനാണ് നെയ്മര്‍ ലൈക്കടിച്ചത്.

 

മോണ്ട്‌പെല്ലിയറിനെതിരെയുള്ള ലീഗിലെ രണ്ടാം മത്സരത്തില്‍ എംബാപെ കളത്തിലിറങ്ങിയിരുന്നു. ഒരു ഗോള്‍ നേടാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ ആദ്യം ലഭിച്ച പെനാള്‍ട്ടി എംബാപെ മിസ് ആക്കിയിരുന്നു.

23ആം മിനുട്ടിലായിരുന്നു എംബാപെക്ക് പി.എസ്.ജിയെ മുന്നിലെത്തിക്കാന്‍ ഒരു അവസരം ലഭിച്ചത്. പക്ഷെ അദ്ദേഹത്തിന് പെനാള്‍ട്ടി ലക്ഷ്യത്തിലെത്തിക്കാനായില്ല. പിന്നീട് 43ാം മിനുട്ടില്‍ പി.എസ്.ജിക്ക് വീണ്ടും പെനാള്‍ട്ടി ലഭിച്ചിരുന്നു. ഇത്തവണ നെയ്മര്‍ ആണ് കിക്ക് എടുക്കുകയും ഗോള്‍ നേടുകയും ചെയ്തത്.

മത്സരത്തിന് ശേഷം പി.എസ്.ജിയുടെ പ്രധാന പെനാള്‍ട്ടി ടേക്കര്‍ എംബാപെ തന്നെയാണെന്നും കോച്ച് വ്യക്തമാക്കിയിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പെനാള്‍ട്ടി ടേക്കര്‍മാരില്‍ ഒരാളായ നെയ്മര്‍ ടീമിലുള്ളപ്പോള്‍ ഇങ്ങനെ തീരുമാനിച്ചത് തീര്‍ച്ചയായും എംബാപെയുടെ കരാറിന്റെ അടിസ്ഥാനത്തിലാണെന്നാണ് ആരാധകരുടെ വാദം.

Content Highlights: Problems with Neymar And Mbape at Psg