എഡിറ്റര്‍
എഡിറ്റര്‍
മലയാളം മിഷനില്‍ കൂട്ടരാജി; ഘടന മാറ്റണമെന്നാവശ്യപ്പെട്ട് സാംസ്‌കാരിക സംഘടനകള്‍
എഡിറ്റര്‍
Sunday 25th March 2012 10:04am

ന്യൂദല്‍ഹി: പ്രവാസി മലയാളികളുടെ കുട്ടികളെ മാതൃഭാഷ പഠിപ്പിക്കുന്നതിനുള്ള മലയാളം മിഷന്റെ ആരംഭിക്കാനിരിക്കുന്ന വെബ് മാഗിസിനില്‍ കൂട്ട രാജി. വെബ് മാഗസിന്‍ ക്രിയേറ്റീവ് എഡിറ്ററും പത്രാധിപ സമിതിയംഗങ്ങളുമാണ് രാജിവെച്ചിരിക്കുന്നത്. വെബ് മാഗസിന്‍ ക്രിയേറ്റീവ് എഡിറ്ററും പ്രശസ്ത ചിത്രകാരനുമായ അഥനു റോയി, പത്രാധിപസമിതിയംഗങ്ങളായ ജി. നിര്‍മല, വേണുഗോപാലന്‍ നമ്പ്യാര്‍ എന്നിവരാണ് രാജിവെച്ചത്. മലയാളം മിഷനിലെ ചട്ടങ്ങള്‍ ലംഘിച്ചുള്ള രജിസ്ട്രാര്‍ നിയമനത്തെക്കുറിച്ച് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. മലയാളം മിഷനുമായി സഹകരിച്ചിരുന്നവരില്‍ നിന്നും അതൃപ്തി ഉയരാന്‍ തുടങ്ങിയതിനിടെയാണ് ക്രിയേറ്റീവ് എഡിറ്റര്‍ രാജിവെച്ചിരിക്കുന്നത്.

മലയാളം മിഷന്റെ നിലവിലെ പ്രവര്‍ത്തന സംവിധാനവുമായി യോജിച്ചു പോകാനാവില്ലെന്നും പ്രതിഫലം പോലും വാങ്ങാതെ മലയാളം മിഷനു വേണ്ടി പ്രവര്‍ത്തിച്ച തനിക്ക് വേദനാജനകമായ അനുഭവമാണ് ഉണ്ടായതെന്നും അഥനു റോയ് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ നിയമനത്തിനെതിരെ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ വന്നിട്ടും മലയാളം മിഷന്‍ ഔദ്യോഗികമായി അത് നിഷേധിക്കാത്തത് വേദനാജനകമാണെന്ന് മുഖ്യമന്ത്രിക്കയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.

നാഷണല്‍ ബുക് ട്രസ്റ്റിന്റെ ഉപദേശക സമിതി അംഗവും കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ പ്രസിദ്ധീകരണ മേഖലയിലെ മുതിര്‍ന്ന കലാകാരനുമാണ് അഥനു. വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള അധനു റോയ്, 1996 മുതല്‍ കേരളത്തിലെ പാഠപുസ്തക രൂപകല്‍പനയിലും സഹകരിച്ചിട്ടുണ്ട്. മലയാളം മിഷന്‍ പുസ്തകങ്ങള്‍ രൂപകല്‍പന ചെയ്തതും അദ്ദേഹമായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രത്യേക പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.

അതിനിടെ, മലയാളം മിഷനിലെ രജിസ്ട്രാര്‍ നിയമനത്തിലെ ക്രമക്കേടിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കത്തയച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മാത്രമെ രജിസ്ട്രാറായി നിയമിക്കാവൂ എന്ന നിയമം അട്ടിമറിച്ച്, സെക്രട്ടറിയേറ്റില്‍ നിന്ന് വിരമിച്ച കോണ്‍ഗ്രസ് അനുകൂല സംഘടന നേതാവായ കെ.സുധാകരന്‍ പിള്ളയെയാണ് രജിസ്ട്രാര്‍ ആയി നിയമിച്ചത്. ഒ.എന്‍.വി കുറുപ്പ്, സുഗതകുമാരി, കെ.എല്‍ മോഹനവര്‍മ്മ തുടങ്ങിയ സമിതി അംഗങ്ങള്‍ നേരത്തെ നിയമനത്തില്‍ പ്രതിഷേധം അറിയിച്ചിരുന്നു.

അതേസമയം, അതേസമയം, മലയാളം മിഷന്റെ ഘടന അടിമുടി മാറ്റണമെന്നാവശ്യപ്പെട്ട് ദല്‍ഹിയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ജനസംസ്‌കൃതി പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറി. മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ മലയാളി സംഘടനകള്‍ക്കും പങ്കാളിത്തം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

ഈ സംഭവ വികാസങ്ങളോടെ മുഖ്യമന്ത്രി ഭരണസമിതി ചെയര്‍മാനായുള്ള മലയാളം മിഷന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

Malayalam News

Kerala News in English

Advertisement