പ്രിയങ്ക രണ്ടാമതും സോന്‍ഭദ്രയിലെത്തി; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കശ്മീര്‍ വിഷയത്തില്‍ പ്രതികരണവും
national news
പ്രിയങ്ക രണ്ടാമതും സോന്‍ഭദ്രയിലെത്തി; വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കശ്മീര്‍ വിഷയത്തില്‍ പ്രതികരണവും
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 6:13 pm

ന്യൂദല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നീക്കം ഭരണഘടനാ വിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രിയങ്ക പ്രതികരിച്ചു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര സന്ദര്‍ശത്തിനിടെയായിരുന്നു കശ്മീര്‍ വിഷയത്തില്‍ പ്രിയങ്കയുടെ പ്രതികരണം.

സോന്‍ഭദ്രയിലെ ഉഭ ഗ്രാമത്തലവനും സംഘവും വെടിവെച്ചു കൊന്ന പത്ത് ദളിതരുടെ കുടുംബാംഗങ്ങളെ കാണുന്നതിന് വേണ്ടിയാണ് പ്രിയങ്ക രണ്ടാമതും അവിടെയെത്തിയത്.

‘കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയ രീതി പൂര്‍ണ്ണമായും ഭരണഘടനാ വിരുദ്ധമാണെന്നും ഇത് ജനാധിപത്യത്തിന്റെ എല്ലാ മാനദണ്ഡങ്ങള്‍ക്കും എതിരാണെന്നും’ പ്രിയങ്ക പ്രതികരിച്ചു. ‘ഇത്തരം കാര്യങ്ങള്‍ നടപ്പാക്കുമ്പോള്‍ അതിന് രീതികളുണ്ടെന്നും അതൊന്നും ഇക്കാര്യത്തില്‍ പാലിച്ചിട്ടില്ലെന്നും’ പ്രിയങ്ക പറഞ്ഞു.

വിഷയത്തില്‍ കോണ്‍ഗ്രസില്‍ തന്നെ ഭിന്നാഭിപ്രായങ്ങള്‍ ഉടലെടുത്തിരുന്നു. പ്രിയങ്കയും രാഹുലും വിഷയത്തില്‍ പ്രതികരിക്കാത്തതും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. സോന്‍ഭാദ്ര സംഭവം നടന്ന് ഒരു മാസത്തിനിപ്പുറമാണ് പ്രിയങ്ക രണ്ടാമതും അവിടെയെത്തുന്നത്.

സോന്‍ഭദ്രയിലേക്ക് പോകുന്നതിന് മുന്‍പ് പ്രിയങ്ക’ ഇന്ന് ഞാന്‍ സഹോദരീ സഹോദരന്മാരെയും ഉഭ ഗ്രാമത്തിലെ കുട്ടികളെയും കാണാന്‍ സോന്‍ഭദ്രയിലേക്ക് പോകുകയാണ്. എന്ന് ട്വിറ്ററില്‍ കുറിച്ചിരുന്നു. സംഭവം നടന്ന സമയത്ത് പ്രിയങ്കയെ കടത്തിവിടാതിരുന്ന പ്രദേശത്ത് അവര്‍ ഇന്ന് എത്തുകയും ഇരകളുടെ ബന്ധുക്കളെ കണ്ട് സംസാരിക്കുകയും ചെയ്തു.

ഉഭ ഗ്രാമത്തലവന്‍ ഇ.കെ ദത്ത് രണ്ട് വര്‍ഷം മുമ്പ് 36 ഏക്കര്‍ കൃഷിഭൂമി വാങ്ങിയിരുന്നു. ഭൂമി ഏറ്റെടുക്കാന്‍ ഇയാള്‍ എത്തിയപ്പോള്‍ ഗ്രാമീണര്‍ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്.

സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ചൂണ്ടിക്കാട്ടി ഗ്രാമീണര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ഗ്രാമത്തലവന്‍ കൂട്ടാളികളുമായി ചേര്‍ന്ന് ഗ്രാമീണര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാന്‍ സംഭവം നടന്നതിന്റെ പിറ്റേ ദിവസം പ്രിയങ്ക ഗാന്ധി സോന്‍ഭദ്രയിലേക്ക് യാത്ര തിരിച്ചിരുന്നു.

തുടര്‍ന്ന് പ്രിയങ്കയെ അവിടേക്ക് പറഞ്ഞയക്കാതെ പൊലീസ് തടഞ്ഞിരുന്നു. അന്ന് രാത്രി മുഴുവന്‍ അവിടെയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയെ കാണാന്‍ ഇരകളുടെ കുടുംബാംഗങ്ങള്‍ വന്നിരുന്നു.