'ഈ പഞ്ചറായ സമ്പദ് വ്യവസ്ഥയോ ബി.ജെ.പി കൊട്ടിഘോഷിച്ച അച്ഛാദിന്‍?'; വിമര്‍ശിച്ച് പ്രിയങ്കഗാന്ധി
national news
'ഈ പഞ്ചറായ സമ്പദ് വ്യവസ്ഥയോ ബി.ജെ.പി കൊട്ടിഘോഷിച്ച അച്ഛാദിന്‍?'; വിമര്‍ശിച്ച് പ്രിയങ്കഗാന്ധി
ന്യൂസ് ഡെസ്‌ക്
Saturday, 31st August 2019, 11:34 am

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തീക പ്രതിസന്ധിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മോദി സര്‍ക്കാരിന്റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളെ പരിഹസിച്ച പ്രിയങ്ക, രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇടിഞ്ഞതില്‍ രൂക്ഷ വിമര്‍ശനവും നടത്തി.

ഇതാണോ ബി.ജെ.പി കൊട്ടിഘോഷിച്ച നല്ല ദിനങ്ങളെന്ന് പ്രിയങ്ക പരിഹാസരൂപേണ ചോദിച്ചു. 2019-20 ആദ്യ പാദത്തിലെ ജി.ഡി.പി വളര്‍ച്ചയില്‍ അഞ്ച് ശതമാനത്തിന്റെ കുറവുണ്ടായെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.

“ഈ പഞ്ചറായ സാമ്പത്തികാവസ്ഥയെയാണോ നല്ല ദിനങ്ങളെന്ന് ബിജെപി കൊട്ടിഘോഷിച്ചത്? ജി.ഡി.പി വളര്‍ച്ചയെ താറുമാറാക്കിയത് ആരാണെന്ന് ഇപ്പോള്‍ വ്യക്തമാണ്”, പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒന്നുകില്‍ സാമ്പത്തിക വളര്‍ച്ചയോ അല്ലെങ്കില്‍ കറന്‍സിയുടെ മൂല്യമോ ഏതെങ്കിലുമൊന്ന് ശക്തിപ്രാപിക്കണമെന്നും പ്രിയങ്ക പറഞ്ഞു. നിലവിലെ സാമ്പത്തിക പ്രതിസന്ധി അംഗീകരിക്കാത്ത കേന്ദ്ര നിലപാടിനെതിരെയും പ്രിയങ്ക വിമര്‍ശനമുന്നയിച്ചു.

അടിയന്തരമായി പുതിയ സാമ്പത്തിക പദ്ധതി ആവിഷ്‌കരിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തീകാവസ്ഥ തകിടംമറിയുമെന്ന് സാമ്പത്തിക ഉപദേഷ്ടാവും ബി.ജെ.പി നേതാവുമായ സുബ്രഹ്മണ്യന്‍ സ്വാമിയും തുറന്നു പറഞ്ഞിരുന്നു. ഇന്ത്യന്‍ സാമ്പത്തീക വ്യവസ്ഥയെ അഞ്ച് ട്രില്യണിലെത്തിക്കണമെന്ന ലക്ഷ്യ വൃഥാവിലാകുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്.

‘പുതിയ സാമ്പത്തിക പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ അഞ്ച് മില്യണ്‍ എന്ന ലക്ഷ്യത്തോട് എന്നെന്നേക്കുമായി ഗുഡ് ബൈ പറയാന്‍ തയ്യാറായിക്കൊള്ളുക. സാമ്പത്തികാവസ്ഥയെ പിടിച്ചുനിര്‍ത്താന്‍ ഒന്നുകില്‍ ധൈര്യം വേണം. അല്ലെങ്കില്‍ വിവരം വേണം. ഇത് രണ്ടും ആവശ്യമാണ്. എന്നാല്‍ ഇതില്‍ ഒന്നുമില്ലാത്ത അവസ്ഥയാണ് നമ്മുടേത്’, സുബ്രഹ്മണ്യന്‍ സ്വാമി ട്വിറ്ററില്‍ കുറിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നതടക്കമുള്ള പദ്ധതികള്‍ കേന്ദ്രം ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും നിക്ഷേപത്തില്‍ ശ്രദ്ധയൂന്നാതെ പിടിച്ചുനില്‍ക്കാനാവില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.