ഉത്തര്‍പ്രദേശിലെ മുസ്‌ലിം വോട്ടുബാങ്ക് സ്വന്തമാക്കാന്‍ പ്രിയങ്ക; അഖിലേഷ് യാദവിന്റെ കോട്ടകള്‍ തകരുന്നുവോ? ഇടപെടലും പ്രതികരണങ്ങളുമിങ്ങനെ
national news
ഉത്തര്‍പ്രദേശിലെ മുസ്‌ലിം വോട്ടുബാങ്ക് സ്വന്തമാക്കാന്‍ പ്രിയങ്ക; അഖിലേഷ് യാദവിന്റെ കോട്ടകള്‍ തകരുന്നുവോ? ഇടപെടലും പ്രതികരണങ്ങളുമിങ്ങനെ
ന്യൂസ് ഡെസ്‌ക്
Friday, 14th February 2020, 8:31 pm

അസംഗഡ്: 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ഉത്തര്‍പ്രദേശിന്റെ പ്രത്യേക ചുമതല ഏറ്റെടുത്ത് രാഷ്ട്രീയത്തില്‍ സജീവമായത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് നിരാശയായിരുന്നു ഫലമെങ്കിലും പ്രിയങ്ക പിന്നീട് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ നെടുംതൂണായി ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രിയങ്ക മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ബിലാരിയാഗജില്‍ നടത്തിയ സന്ദര്‍ശനമാണ് ഇപ്പോള്‍ പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ അസംഗഡ് ജില്ലയിലെ അധികം പ്രമുഖമല്ലാത്ത ടൗണാണ് ബിലാരിയാഗഞ്ച്. ജില്ലാ കേന്ദ്രത്തില്‍നിന്നും ഏകദേശം 300 കിലോമീറ്റര്‍ ദൂരത്താണത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങുകയും പൊലീസ് അധിക്രമത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തത് ഇവിടെയാണ്. കഴിഞ്ഞ ദിവസവും പ്രിയങ്ക അസംഗഡില്‍ എത്തി.

സംസ്ഥാനത്ത് പാര്‍ട്ടിയുടെ പഴയ പ്രതാപം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് പ്രിയങ്ക. സംസ്ഥാനത്തിന്റെ മുസ്‌ലിം വോട്ടുബോങ്ക് ലക്ഷ്യമിട്ടാണ് അവരുടെ പ്രവര്‍ത്തനങ്ങളേറെയും. സന്ദര്‍ശനത്തിനിടെ പ്രിയങ്ക മുസ് ലിം വീടുകളിലെത്തുകയും മുസ്‌ലിം സ്ത്രീകളുമായി പ്രത്യേകം സംസാരിക്കുകയും ചെയ്തു.

മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ബലിയാഗഞ്ചില്‍ പ്രിയങ്കയെ കേള്‍ക്കാന്‍ നൂറുകണക്കിന് മുസ്‌ലിം സ്ത്രീകളാണ് പൊതുവേദിയുടെ സമീപത്ത് തടിച്ചുകൂടിയത്. താന്‍ ഈ ജനതയ്‌ക്കൊപ്പമാണെന്നും പൊലീസ് അധിക്രമങ്ങളില്‍ നടപടി സ്വീകരിക്കാന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും പ്രിയങ്ക അവര്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്തു.

വരാണസിയില്‍നിന്നും ബിലാരിയാഗഞ്ചിലേക്കുള്ള യാത്രാ മധ്യേ പ്രിയങ്ക കടന്നുപോയ എല്ലാ ചെറുനഗരങ്ങളിലും വലിയ ആള്‍ക്കൂട്ടം വരവേല്‍ക്കാനുണ്ടായിരുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ കൂടിയായ അഖിലേഷ് യാദവിന്റെ ലോക്‌സഭാ മണ്ഡലമാണ് അസംഗഡ്. പൗരത്വ പ്രക്ഷോഭത്തിനിടെയുണ്ടായ അതിക്രമങ്ങള്‍ക്ക് ശേഷം അഖിലേഷ് മണ്ഡലത്തിലേക്കെത്തുകയോ തങ്ങളുടെ കാര്യങ്ങള്‍ ചോദിച്ചറിയുകയോ പോലുമുണ്ടായിട്ടില്ലെന്ന പരാതി നിരവധി സ്ത്രീകള്‍ പ്രിയങ്കയ്ക്ക് മുന്നില്‍ അവതരിപ്പിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലും മീററ്റിലും ബിജ്‌നോറിലും പ്രിയങ്ക സന്ദര്‍ശനം നടത്തി.

എസ്.പിയുടെയും ബി.എസ്.പിയുടെയും വോട്ടുബാങ്കായ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പ്രിയങ്ക അടിക്കടി സന്ദര്‍ശനം നടത്തുന്നത് ഇരുപാര്‍ട്ടികള്‍ക്കുമുള്ളില്‍ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്.

ബ്രാഹ്മിണ്‍-മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ തരംഗമുണ്ടാക്കാനാണ് പ്രിയങ്കയുടെ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഈ രണ്ട് മേഖലകളില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയാല്‍ കോണ്‍ഗ്രസിന്റെ വിജയമുറപ്പാക്കാം എന്നാണ് യു.പിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ