സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കല്‍ വെറും വാഗ്ദാനം; രാജ്യം നാശത്തിന്റെ വഴിയിലാണെന്നും പ്രിയങ്കാ ഗാന്ധി
national news
സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കല്‍ വെറും വാഗ്ദാനം; രാജ്യം നാശത്തിന്റെ വഴിയിലാണെന്നും പ്രിയങ്കാ ഗാന്ധി
ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2019, 8:31 pm

ന്യൂദല്‍ഹി: സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നത് ബി.ജെ.പിയുടെ വെറും തെരഞ്ഞെടുപ്പ് വാഗ്ദാനം മാത്രമായിരുന്നെന്നും അവരുടെ നയങ്ങള്‍ രാജ്യത്തെ നാശത്തിന്റെ വഴിയിയൂടെയാണ് നയിക്കുന്നതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി.

‘ടീ എസ്റ്റേറ്റ് യൂണിയനുകളും മില്‍ അസോസിയേഷനുകളും നടത്തുന്ന പത്ര പരസ്യങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു. അവര്‍ പറയുന്നത് ഞങ്ങള്‍ മുങ്ങിതാഴുകയാണ്. ഞങ്ങളെ രക്ഷിക്കൂ’ എന്നാണ്. നമ്മുടെ സമ്പദ് വ്യവസ്ഥ ഇടിയുകയാണ്. അവരുടെ ദുരവസ്ഥ തുറന്നുകാട്ടുന്നതിനായി അവര്‍ പരസ്യങ്ങള്‍ നല്‍കേണ്ട അവസ്ഥയിലേക്ക് ചുരുങ്ങിയിരിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

റായ്ബറേലിയിലെ മോഡേണ്‍ കോച്ച് ഫാക്ടറിയുടെ സ്വകാര്യവല്‍ക്കരണത്തില്‍ പ്രതിഷേധിക്കുന്ന തൊഴിലാളികളെ സന്ദര്‍ശിക്കുകയായിരുന്നു പ്രിയങ്ക.

രാജ്യത്തെ സാമ്പത്തികമാന്ദ്യത്തിനെതിരെ രാഹുല്‍ഗാന്ധിയും രംഗത്തെത്തിയിരുന്നു. ആര്‍.ബി.ഐ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി സര്‍ക്കാറിന് നല്‍കാനുള്ള നീക്കം വെടിയേറ്റുണ്ടായ മുറിവില്‍ ബാന്‍ഡ് എയ്ഡ് ഒട്ടിക്കുന്നതു പോലത്തെ നടപടിയാണെന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘സ്വയം സൃഷ്ടിച്ച സാമ്പത്തിക ദുരന്തം എങ്ങനെ പരിഹരിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും. ആര്‍.ബി.ഐയില്‍ നിന്നും പിടിച്ചെടുക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ല. വെടിയുണ്ടകൊണ്ടുള്ള മുറിവില്‍ ബാന്റ് എയ്ഡ് ഒട്ടിക്കുന്നതുപോലെയാണത്’ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കരുതല്‍ ധനശേഖരത്തില്‍നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ ആര്‍.ബി.ഐ തീരുമാനിച്ചിരുന്നു. 2018-19 കാലത്തെ അധികവരുമാനമായ 1.23 ലക്ഷം കോടി രൂപയും പരിഷ്‌കരിച്ച എക്കണോമിക് ക്യാപിറ്റല്‍ ഫ്രെയിംവര്‍ക്ക് (ഇ.സി.എഫ്) പ്രകാരം 52,637 കോടിരൂപയും നല്‍കാനായിരുന്നു തീരുമാനം.