[]ന്യൂദല്‍ഹി: മുന്‍ ലോക സുന്ദരിയും ബോളിവുഡ് താരവുമായ പ്രിയങ്കാ ചോപ്രയുടെ ജിവിതം പാഠ്യ വിഷയമാകുന്നു. ദല്‍ഹി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള സാമൂഹിക പാഠത്തിലാണ് പ്രിയങ്കയുടെ ജീവിതം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പുസ്തകത്തിലെ ആദ്യ അധ്യായമാണ് പ്രിയങ്ക ചോപ്രയെ കുറിച്ച് പറയുന്നത്. സ്‌കൂളിന്റെ കരിക്കുലം ആക്ടിവിറ്റീസിന്റെ ഭാഗമായാണ് പ്രിയങ്കാ ചോപ്രയുടെ ജിവിതം പാഠ്യവിഷയമാകുന്നത്.[]
ദല്‍ഹി സ്‌കൂളിലെത്തിയ പ്രിയങ്ക ചോപ്ര തന്റെ ജീവിത പാഠം കണ്ട് അമ്പരന്നെന്നാണ് അറിയുന്നത്. പ്രിയങ്കയുടെ കുട്ടിക്കാലം മുതലുള്ള കാര്യങ്ങള്‍ പാഠഭാഗത്ത് പറയുന്നുണ്ടെന്നാണ് അറിയുന്നത്.
ആര്‍മി ഉദ്യോഗസ്ഥനായ പിതാവിനൊപ്പം രാജ്യത്തിന്റെ പലഭാഗങ്ങളിലായാണ് പ്രിയങ്ക കുട്ടിക്കാലം കഴിച്ചത്. റോവിങ് ഫാമിലീസ് (സഞ്ചാര കുടുംബം) എന്നാണ് പാഠത്തിന്റെ പേര്.
പ്രിയങ്കയുടെ കുടുംബ ചിത്രങ്ങളും 2000 ല്‍ മിസ് ഇന്ത്യ ആകുന്നതും പാഠഭാഗത്തില്‍ പറയുന്നുണ്ട്. ലോക സുന്ദരി പട്ടം നേടിയ പ്രിയങ്ക ചോപ്ര അഭിനയരംഗത്തേക്ക് പതുക്കെ ചുവടുവെക്കുകയായിരുന്നു.
ആദ്യ കാലങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളൊന്നും ലഭിച്ചില്ലെങ്കിലും ആത്മസമര്‍പ്പണം മൂലം ഇന്ത്യയിലെ മികച്ച നടിയായി മാറിയിരിക്കുകയാണ് പ്രിയങ്ക. ഇപ്പോള്‍ ആലാപനരംഗത്തും പ്രിയങ്ക ചുവടുറപ്പിച്ച് വരുന്നു.