തെന്നിന്ത്യയില്‍ നിന്നുള്ള സംവിധായകരെ വളരാന്‍ ബോളിവുഡ് അനുവദിക്കാറില്ല; പ്രിയദര്‍ശന്‍
Movie Day
തെന്നിന്ത്യയില്‍ നിന്നുള്ള സംവിധായകരെ വളരാന്‍ ബോളിവുഡ് അനുവദിക്കാറില്ല; പ്രിയദര്‍ശന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 1st August 2021, 3:03 pm

കൊച്ചി: പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ഹംഗാമ 2. മലയാള ചിത്രം മിന്നാരത്തിന്റെ റിമേക്കാണ് ഹംഗാമ 2. ബോളിവുഡില്‍ ഇപ്പോഴും തന്റെ സിനിമകള്‍ അംഗീകരിക്കപ്പെടുന്നതിനെപ്പറ്റി തുറന്നുപറയുകയാണ് അദ്ദേഹം. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയദര്‍ശന്‍ മനസ്സുതുറന്നത്.

‘സിനിമകളുടെ വിജയം കൊണ്ടുമാത്രം പിടിച്ചുനില്‍ക്കാന്‍ പറ്റുന്ന ഇന്‍ഡസ്ട്രിയാണ് ബോളിവുഡ്. സാധാരണനിലയില്‍ തെന്നിന്ത്യയില്‍ നിന്നുള്ള സംവിധായകരെ വളരാന്‍ ബോളിവുഡ് അനുവദിക്കാറില്ല.

ഒന്നോ രണ്ടോ സിനിമകള്‍ ചെയ്യുമ്പോഴേക്കും അവരെ വന്ന വഴിതിരിച്ച് ഓടിക്കുകയാണ് ബോളിവുഡിന്റെ രീതി. മലയാളത്തില്‍നിന്നും തമിഴില്‍നിന്നും ബോളിവുഡിലേക്ക് പോയ ഭൂരിഭാഗം സംവിധായകരും അത്തരം അനുഭവങ്ങള്‍ നേരിട്ട് മടങ്ങിയിട്ടുണ്ട്.

ബോളിവുഡില്‍ സക്രിയസാന്നിധ്യമാകാനും എന്തെങ്കിലും അടയാളപ്പെടുത്തലുണ്ടാക്കാനും എനിക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രധാനകാരണം ഞാന്‍ ചെയ്ത 80 ശതമാനം ചിത്രങ്ങളും ബോക്സോഫീസില്‍ വിജയിച്ചതുകൊണ്ടാണ്,’ പ്രിയദര്‍ശന്‍ പറഞ്ഞു.

ബോളിവുഡിലെ ഒരു ക്യാമ്പുകളിലും ലോബികളിലും താന്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പൊതുസമ്മതി നേടാന്‍ അത് സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘മറ്റൊന്ന് ബോളിവുഡിലെ ഒരു ക്യാമ്പിലും ഞാന്‍ പോയി പെട്ടിട്ടില്ല എന്നതാണ്. പഞ്ചാബി, മറാത്തി, യു.പി അങ്ങനെ പല ലോബികളുണ്ട് ബോളിവുഡില്‍. അതില്‍ ഒന്നിലും പെടരുത് എന്ന് ഞാന്‍ തീരുമാനിച്ചിരുന്നു.

അതിനാല്‍ പൊതുവേ പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുന്നത് കുറവാണ്. അതുകൊണ്ട് പൊതുസമ്മതി നേടാനും അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ്കുമാര്‍ തുടങ്ങി മുന്‍നിര നടന്മാരെയെല്ലാം കൂടെ സിനിമകളും പരസ്യങ്ങളും ചെയ്യാനും സാധിച്ചു.

അവരൊന്നും ഒരിക്കലും എന്റെ കൂടെ വര്‍ക്ക് ചെയ്യാനാവില്ല എന്നു പറഞ്ഞിട്ടില്ല, അതെന്റെ ഭാഗ്യമായി കാണുന്നു. അതുപോലെ നല്ല കുറെ നിര്‍മാതാക്കള്‍ ഒന്നില്‍ക്കൂടുതല്‍ സിനിമകള്‍ എനിക്ക് തന്നു.

ഹംഗാമയുടെ നിര്‍മാതാവുമൊത്തുള്ള അഞ്ചാമത്തെ സിനിമയാണിത്. അവരുദ്ദേശിച്ച ബജറ്റില്‍ സിനിമകള്‍ ചെയ്യാന്‍ സാധിക്കുന്നത് കൊണ്ടാകാം അങ്ങനെ വീണ്ടും അവസരങ്ങള്‍ തരുന്നത്,’ പ്രിയദര്‍ശന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights; Priyadarshan Talks About Bollywood Film Career