ആദ്യം ചെയ്ത പടങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിച്ചില്ല, കിട്ടിയ അവസരങ്ങളൊക്കെ ഉപയോഗിക്കുകയായിരുന്നു: പ്രിയ വാര്യര്‍
Entertainment
ആദ്യം ചെയ്ത പടങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിച്ചില്ല, കിട്ടിയ അവസരങ്ങളൊക്കെ ഉപയോഗിക്കുകയായിരുന്നു: പ്രിയ വാര്യര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 20th November 2022, 9:13 pm

അഡാര്‍ ലൗ എന്ന സിനിമയിലെ കണ്ണിറുക്കലിലൂടെ ശ്രദ്ധേയയായ താരമാണ് പ്രിയ വാര്യര്‍. ആദ്യ സിനിമയായ അഡാര്‍ ലൗവിനുശേഷം നിരവധി പരസ്യ ചിത്രങ്ങളിലും മറ്റ് ഭാഷാചിത്രങ്ങളിലും പ്രിയക്ക് അവസരം ലഭിച്ചിരുന്നു.

എന്നാല്‍ താരത്തിന്റെ പെര്‍ഫോമന്‍സിനും ആദ്യ സിനിമക്കുമെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിലെ സ്ത്രീവിരുദ്ധമായ കമന്റുകളും ഡബിള്‍ മീനിങ് ജോക്കുകളും മേക്കിങ്ങിലെ നിലവാര തകര്‍ച്ചയുമായിരുന്നു പലരും വിമര്‍ശനങ്ങളായി പറഞ്ഞിരുന്നത്. അതേസമയം ഒരു ഘട്ടത്തിന് ശേഷം വ്യാപകമായ സൈബര്‍ അറ്റാക്കും പ്രിയ നേരിടേണ്ടി വന്നിരുന്നു.

ഇപ്പോള്‍ ആദ്യ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ തനിക്ക് പിഴവ് പറ്റിയെന്ന് പറയുകയാണ് പ്രിയ വാര്യര്‍.

‘ആദ്യ സിനിമക്ക് ശേഷം ചെയ്ത പടങ്ങളിലെല്ലാം ഒരേ പോലെയുള്ള കഥാപാത്രങ്ങള്‍ ചെയ്യേണ്ട എന്ന് തീരുമാനിച്ചിരുന്നു. എന്തെങ്കിലും പുതുമയുള്ള കഥാപാത്രങ്ങള്‍ ചെയ്യാനായിരുന്നു തീരുമാനം.

സിനിമയിലേക്ക് വരുമ്പോള്‍ അങ്ങനെ വലിയ പ്ലാന്‍ ഒന്നു തന്നെ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ നല്‍കിയിരുന്നില്ല. കിട്ടിയ അവസരങ്ങള്‍ ഉപയോഗിക്കുക മാത്രമായിരുന്നു ചെയ്തത്.

ഇപ്പോഴും സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നിര്‍ദേശങ്ങള്‍ ഒന്നും ആരില്‍ നിന്നും കിട്ടാറില്ല. ആദ്യം തിരഞ്ഞടുത്ത പടങ്ങള്‍ കുറച്ചുകൂടി ശ്രദ്ധിക്കണമായിരുന്നു എന്ന് എനിക്ക് തോന്നുന്നു,’ പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

അതേസമയം ചെറിയ ഇടവേളക്ക് ശേഷം മലയാളത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ് പ്രിയ. 4 Years എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്. രഞ്ജിത്ത് പണിക്കറാണ് സംവിധായകന്‍. പ്രിയക്ക് പുറമെ സര്‍ജാനോ ഖാലിദും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight:  Priya Varrier about her first movies