മലേഷ്യയില്‍ സ്വകാര്യ ജെറ്റ് ഹൈവേയില്‍ തകര്‍ന്നുവീണു; 10 മരണം
World News
മലേഷ്യയില്‍ സ്വകാര്യ ജെറ്റ് ഹൈവേയില്‍ തകര്‍ന്നുവീണു; 10 മരണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 17th August 2023, 10:59 pm

ക്വാലാലംപൂര്‍: മലേഷ്യയില്‍ ക്വാലാലംപൂരിലെ ഹൈവേയില്‍ സ്വകാര്യ ജെറ്റ് തകര്‍ന്ന് വീണ് 10 പേര്‍ മരിച്ചു. മലേഷ്യയിലെ സെന്‍ട്രല്‍ സെലാന്‍ഗോര്‍ സ്‌റ്റേറ്റില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ജെറ്റ് മോട്ടോര്‍ ബൈക്കിലും കാറിലും ഇടിച്ചു. അപകടത്തില്‍ ജെറ്റിലെ എട്ട് പേരും മോട്ടോര്‍ ബൈക്കിലെ ഒരാളും കാറിലെ ഒരാളുമാണ് മരിച്ചത്. ആറ് യാത്രക്കാരും രണ്ട് ജീവക്കാരുമായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്‍മിന ടൗണ്‍ഷിപ്പിന് സമീപം വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് സെലാംഗൂര്‍ പൊലീസ് മേധാവി ഹുസൈന്‍ ഒമര്‍ ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായുള്ള ബന്ധം നഷ്ടപ്പെട്ട് വിമാനം ഹൈവേയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. എമര്‍ജന്‍സി കോള്‍ വന്നിരുന്നില്ലെന്നും ലാന്‍ഡ് ചെയ്യാനുള്ള അനുമതി വിമാനത്തിന് നല്‍കിയിരുന്നതായും ഖാന്‍ പറഞ്ഞു.

ലങ്കാവി ദ്വീപില്‍ നിന്ന് പുറപ്പെട്ട വിമാനം ക്വാലാലംപൂരിനടുത്തുള്ള സെലാന്‍ഗോറിലെ സുല്‍ത്താന്‍ അബ്ദുള്‍ അസീസ് ഷാ എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയിലായിരുന്നുവെന്ന് മലേഷ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സി.എ.എ.എം അറിയിച്ചു.

ലാന്‍ഡിങ്ങിന് മിനിട്ടുകള്‍ മാത്രം നില്‍ക്കെ ദിശ മാറി ഷാ ആലം ജില്ലയില്‍ പതിക്കുകയായിരുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി ലോകെ പറഞ്ഞു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയതായും ലോകെ അറിയിച്ചു.

അപകട കാരണം മനസിലാക്കുന്നതിനായി ഉദ്യോഗസ്ഥര്‍ ബ്ലാക്ക് ബോക്‌സിനായി തെരച്ചില്‍ നടത്തുന്നതായും അദ്ദേഹം അറിയിച്ചു. ഇടിയുടെ ആഘാതത്തില്‍ വിമാനം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയ ബെര്‍നാമ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

Content Highlights: Private ject crashed on a highway in malaysia; 10 pepole died