ഞാന്‍ ആദ്യമായി ക്യാമറാമാന്‍ എന്ന നിലയില്‍ ഷോട്ട് എടുത്തത് ആ സിനിമക്ക് വേണ്ടി; അവസരം നല്‍കിയത് സന്തോഷ് ശിവന്‍: പൃഥ്വിരാജ്
Entertainment
ഞാന്‍ ആദ്യമായി ക്യാമറാമാന്‍ എന്ന നിലയില്‍ ഷോട്ട് എടുത്തത് ആ സിനിമക്ക് വേണ്ടി; അവസരം നല്‍കിയത് സന്തോഷ് ശിവന്‍: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 29th September 2022, 6:41 pm

സിനിമയുടെ സാങ്കേതികവശങ്ങളെ കുറിച്ച് പൃഥ്വിരാജിന് ആഴത്തിലുള്ള അറിവുണ്ടെന്ന് അദ്ദേഹത്തോടൊപ്പം വര്‍ക്ക് ചെയ്ത പലരും പല തവണ പറഞ്ഞിട്ടുണ്ട്. മാര്‍ക്കറ്റില്‍ ഇന്നിറങ്ങുന്ന ക്യാമറയെ കുറിച്ച് വരെ പൃഥ്വിരാജിന് വലിയ അറിവുണ്ടാകുമെന്നും ഇവര്‍ പറയാറുണ്ട്.

വളരെ ചെറുപ്പത്തില്‍ സിനിമയിലേക്ക് എത്തിയതാണ് ഇത്തരം അറിവ് നേടാന്‍ സഹായകമായതെന്നാണ് ഈ പരാമര്‍ശങ്ങളോടുള്ള പൃഥ്വിരാജിന്റെ പ്രതികരണം. നിരന്തരം മാറ്റം നടന്നുകൊണ്ടിരിക്കുകയും വളരുകയും ചെയ്യുന്ന പ്രോസസാണ് ഇതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ക്കുന്നു.

സൂര്യ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. ക്യാമറയോട് താല്‍പര്യം തുടങ്ങിയതിനെ കുറിച്ചും വിവിധ സംവിധായകരും ക്യാമറ പേഴ്‌സണ്‍സും തനിക്ക് പഠിക്കാന്‍ അവസരം നല്‍കിയതിനെ കുറിച്ചും പൃഥ്വി അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

സിനിമയിലെത്തിയ ആദ്യ നാളുകളില്‍ തന്നെ പ്രഗത്ഭരായ ടെക്‌നീഷ്യന്‍സിനൊപ്പം വര്‍ക്ക് ചെയ്യാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘എസ്. കുമാര്‍ സാറാണ് ക്യാമറ റണ്‍ ചെയ്യുന്ന സമയത്ത് ഐ പീസിലൂടെ നോക്കാന്‍ എന്നെ ആദ്യം സമ്മതിക്കുന്നത്. അന്ന് ഫിലിം ക്യാമറയായിരുന്നു. ആ ക്യാമറ റണ്‍ ചെയ്യുമ്പോള്‍ കണ്ണിന്റെ മുമ്പില്‍ ഷട്ടര്‍ അടിച്ചുകൊണ്ടിരിക്കുമെന്ന് അന്നാണ് ഞാന്‍ മനസിലാക്കുന്നത്.

ഷോട്ട് സമയത്ത് ക്യാമറ ഓണ്‍ ചെയ്തിട്ട് ‘ഞാന്‍ ലൈവായി കണ്ടോളാം, രാജു ഐ പീസിലൂടെ നോക്കിക്കോ’ എന്ന് പറയുന്നത് കുമാരേട്ടനാണ്.

ഒരു ഓപ്പറേറ്റിങ് ക്യാമറമാന്‍ എന്ന നിലയില്‍ ഒരു ഷോട്ട് എടുക്കാന്‍ അവസരം നല്‍കുന്നത് സന്തോഷേട്ടനാണ്. ക്യാമറ ഓപ്പറേറ്റ് ചെയ്‌തോളാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. ഉറുമിക്ക് വേണ്ടിയായിരുന്നു ഇത്.

അതുപോലെ, അമലിനൊപ്പം അന്‍വര്‍ ചെയ്തപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. ജിമ്മിജിബ് എന്ന ഉപകരണത്തെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ കഴിഞ്ഞതും അവിടെ നിന്നാണ്.

അതുവരെ എന്റെ സിനിമകളില്‍ പാട്ട് സീനുകളിലും ഫൈറ്റിനുമൊക്കെ ജിമ്മിജിബ് കൊണ്ടുവരുന്ന ഉപകരണം എന്നേ എനിക്ക് ജിമ്മിജിബിനെ കുറിച്ച് അറിയുമായിരുന്നുള്ളു. എന്നാല്‍ ആ ഉപകരണത്തെ ക്രിയേറ്റീവായി ഉപയോഗിച്ച് ഒരു സീന്‍ എങ്ങനെ സ്‌റ്റേജ് ചെയ്യാമെന്ന് പഠിക്കാന്‍ കഴിഞ്ഞത് അമല്‍ നീരദിനൊപ്പം വര്‍ക്ക് ചെയ്തപ്പോഴാണ്.

ലിജോക്കും അഞ്ജലിക്കുമൊപ്പം സിനിമ ചെയ്തപ്പോഴും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞു. എനിക്ക് അറിയാനും പഠിക്കാനും താല്‍പര്യമുണ്ടെന്ന് പറഞ്ഞ് അവര്‍ അവസരങ്ങള്‍ നല്‍കുകയായിരുന്നു. അങ്ങനെ ഒപ്പം വര്‍ക്ക് ചെയ്തവരില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ എനിക്ക് പഠിക്കാനായി.

ഈയടുത്ത് ജന ഗണ മനയില്‍ ഒരു പുതിയ ടീമിനൊപ്പം വര്‍ക്ക് ചെയ്തു. സംവിധായകന്‍ ഡിജോയടക്കം എല്ലാവരും എന്നേക്കാള്‍ വളരെ ചെറുപ്പം ആള്‍ക്കാരായിരുന്നു. നോക്കുമ്പോള്‍, എന്റെ പത്തിലൊന്ന് എക്‌സപീരിയന്‍സ് പോലും അവര്‍ക്കില്ല. പക്ഷെ, അവരില്‍ നിന്നും എനിക്ക് ഏറെ പഠിക്കാന്‍ കഴിഞ്ഞു,’ പൃഥ്വിരാജ് പറഞ്ഞു.

അറിയാനുള്ള അടങ്ങാത്ത ആഗ്രഹമാണ് എല്ലാത്തിനും പിന്നിലെന്നാണ് താന്‍ കരുതുന്നതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ഒരു പൊസിഷനിലെത്തി കഴിഞ്ഞാല്‍ പിന്നെ എക്കാലവും അവിടെ തന്നെ തുടരാം എന്നൊരു അവസ്ഥ സിനിമയിലില്ലെന്നും എപ്പോഴും പുതിയ കാര്യങ്ങള്‍ പഠിക്കുകയും അറിയുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Prithviraj talks about him working as a camera person for a shot in Santhosh Sivan movie