2022ല്‍ ഏറ്റവുമിഷ്ടപ്പെട്ട സിനിമയായി നേരത്തെ പറഞ്ഞത് കാന്താരയായിരുന്നു; പക്ഷെ അതിന് ശേഷമാണ് ഈ സിനിമ കണ്ടത്: പൃഥ്വിരാജ്
Entertainment news
2022ല്‍ ഏറ്റവുമിഷ്ടപ്പെട്ട സിനിമയായി നേരത്തെ പറഞ്ഞത് കാന്താരയായിരുന്നു; പക്ഷെ അതിന് ശേഷമാണ് ഈ സിനിമ കണ്ടത്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd December 2022, 2:09 pm

2022ല്‍ കണ്ടതില്‍ വെച്ച് തനിക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട സിനിമയെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. പുതിയ ചിത്രം കാപ്പയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് സംസാരിക്കവെയായിരുന്നു ഇഷ്ട സിനിമയെ കുറിച്ച് പൃഥ്വി പറഞ്ഞത്.

ഫ്രഞ്ച് സിനിമയായ അഥീനയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെന്നാണ് പൃഥ്വി പറയുന്നത്. നേരത്തെ കാന്താരയായിരുന്നു താന്‍ ഇഷ്ട സിനിമയായി പറഞ്ഞിരുന്നതെന്നും എന്നാല്‍ അതിന് ശേഷമാണ് താന്‍ അഥീന കണ്ടതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

2022ല്‍ ഒരു നടനെന്ന നിലയില്‍ ഏറ്റവും മികച്ചതെന്ന് തോന്നിയ സിനിമ ഏതാണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”ചിലപ്പോള്‍ ഏറ്റവും അടുത്ത് കണ്ടതുകൊണ്ട് ആയിരിക്കും. എന്റെ മനസില്‍ ഭയങ്കരമായി തങ്ങിനില്‍ക്കുന്നത് അഥീന (Athena) എന്ന സിനിമയാണ്. അത് ഒരു ഭയങ്കര റഫറന്‍സ് സിനിമയായി എനിക്ക് തോന്നി.

കുറച്ച് നാള് മുമ്പ് ഒരു ഡയറക്ടേഴ്‌സ് റൗണ്ട് ടേബിളില്‍ പങ്കെടുത്തപ്പോള്‍ അന്ന് ഇതേ ചോദ്യം എന്നോട് ചോദിച്ചിരുന്നു. അന്ന് ഞാന്‍ കാന്താര എന്നാണ് മറുപടി പറഞ്ഞത്. ഇപ്പോഴും കാന്താരക്ക് ഞാന്‍ വലിയ റേറ്റിങ് കൊടുക്കുന്നുണ്ട്. പക്ഷെ അതിന് ശേഷമാണ് ഞാന്‍ അഥീന കണ്ടത്.

മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ അഭിനയിച്ച സിനിമയായത് കൊണ്ട് അത് പറയുന്നതില്‍ ഒരു അഭംഗിയുണ്ട്. പക്ഷെ എനിക്ക് ഭയങ്കര ഇവോക്കേറ്റീവായി ഇപ്പോഴും മനസില്‍ തങ്ങിനില്‍ക്കുന്നത് ജന ഗണ മനയാണ്. എന്നെ ഭയങ്കരമായി മൂവ് ചെയ്ത സിനിമയാണത്.

തിങ്കളാഴ്ച നിശ്ചയം ഞാന്‍ കണ്ടിട്ടില്ല. പിന്നെ വിപിന്‍ ദാസിന്റെ പടം ജയ ജയ ജയ ജയഹേയും ഞാന്‍ കണ്ടിട്ടില്ല. ജാന്‍ എ മനും ഞാന്‍ കണ്ടിട്ടില്ല,” പൃഥ്വിരാജ് പറഞ്ഞു.

അതേസമയം, ഷാജി കൈലാസിന്റ സംവിധാനത്തിലൊരുങ്ങിയ കാപ്പ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Content Highlight: Prithviraj Sukumaran talks about his favourite movie in 2022