പൃഥ്വിക്കൊപ്പം ബൈക്കില്‍ കല്ല്യാണി പ്രിയദര്‍ശനും; ബ്രോ ഡാഡി സെറ്റില്‍ നിന്ന് ചിത്രം പുറത്തുവിട്ട് പൃഥ്വിരാജ്
Entertainment
പൃഥ്വിക്കൊപ്പം ബൈക്കില്‍ കല്ല്യാണി പ്രിയദര്‍ശനും; ബ്രോ ഡാഡി സെറ്റില്‍ നിന്ന് ചിത്രം പുറത്തുവിട്ട് പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 15th July 2021, 1:26 pm

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ നിന്ന് ഫോട്ടോ പങ്കുവെച്ച് പൃഥ്വിരാജ്. കല്ല്യാണി പ്രിയദര്‍ശനും താനും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് പങ്കുവെച്ചത്.

ബ്രോ ഡാഡിയുടെ ഷൂട്ടിങ്ങ് ഇന്ന് തുടങ്ങിയതായി നേരത്തേ സുപ്രിയ പൃഥ്വിരാജ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചിരുന്നു.

മോണിറ്ററിന് മുന്നിലിരിക്കുന്ന പൃഥ്വിരാജിന്റെ ഫോട്ടോയാണ് സുപ്രിയ പങ്കുവെച്ചത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

ലാലു അലക്‌സ്, സൗബിന്‍ ഷാഹിര്‍, ജഗദീഷ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബ്രോ ഡാഡി ഒരു ചെറിയ സിനിമയാണെന്ന് നേരത്തേ പൃഥ്വിരാജ് പറഞ്ഞിരുന്നു. കോള്‍ഡ് കേസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ വര്‍ക്കുകളുമായി ബന്ധപ്പെട്ട് ആരാധകരോട് സംസാരിക്കവേയാണ് പൃഥ്വിരാജ് ബ്രോ ഡാഡി ഒരു ചെറിയ ചിത്രമാണെന്ന് സൂചിപ്പിച്ചത്. ലൂസിഫറില്‍ നിന്നും വ്യത്യസ്തമായ ചിത്രമാണ് ബ്രോ ഡാഡിയെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

തനു ബാലക് സംവിധാനം ചെയ്ത കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റെ പുറത്തിറങ്ങിയ പുതിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് കോള്‍ഡ് കേസിന് ലഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prithviraj shares photo from the location of bro daddy