അത്രയും പൈസക്ക് കൊണ്ടുവരാന്‍ പറ്റില്ല, ഹി ഷുഡ് ബി പെയ്ഡ് മോര്‍ എന്നാണ് സുപ്രിയ പറഞ്ഞത്: പൃഥ്വിരാജ്
Film News
അത്രയും പൈസക്ക് കൊണ്ടുവരാന്‍ പറ്റില്ല, ഹി ഷുഡ് ബി പെയ്ഡ് മോര്‍ എന്നാണ് സുപ്രിയ പറഞ്ഞത്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th April 2022, 9:22 am

ഏപ്രില്‍ 28നാണ് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായ ജന ഗണ മന റിലീസ് ചെയ്തത്. മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് നിര്‍മിച്ചത്.

സുപ്രിയയെക്കാളും നല്ല പ്രൊഡ്യൂസര്‍ ലിസ്റ്റിനാണെന്ന് പറയുകയാണ് പൃഥ്വിരാജ്. സുപ്രിയ കുറച്ച് കൂടി ആര്‍ട്ടിസ്റ്റിക്കാണെന്നും അതിനാല്‍ ചില കാര്യങ്ങളില്‍ കയ്യയക്കുമെന്നും പൃഥ്വിരാജ് പറഞ്ഞു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം സുപ്രിയയേയും ലിസ്റ്റിനെ പറ്റിയും പറഞ്ഞത്.

‘സുപ്രിയയെക്കാളും നല്ല പ്രൊഡ്യൂസര്‍ ലിസ്റ്റിനാണ്. കാരണം സുപ്രിയയും ഒരു പരിധി വരെ എന്നെ പോലെ ആര്‍ട്ടിസ്റ്റിക്കാണ്. ചില കാര്യങ്ങള്‍ കയ്യയച്ച് ചെയ്യും. ഒരു സംഭവം ഉണ്ടായി. ആള്‍ടെ പേരൊന്നും ഞാന്‍ പറയുന്നില്ല. മാനേജര്‍ വന്ന് ഇന്ന ആര്‍ട്ടിസ്റ്റിന് ഇത്ര പൈസ കൊടുക്കണം എന്ന് പറഞ്ഞു. അത് പറ്റില്ല, അത്രയും പൈസക്ക് അയാളെ കൊണ്ടുവരാന്‍ പറ്റില്ല, ഹി ഷുഡ് ബി പെയ്ഡ് മോര്‍ എന്നാണ് സുപ്രിയ പറഞ്ഞത്. ഇത് ശരിക്കും നടന്ന കാര്യമാണ്. അങ്ങനൊക്കെ ചിന്തിക്കുന്ന ആളാണ് സുപ്രിയ. അത് നല്ലതാണ്.

എന്നാല്‍ ഇക്കാര്യത്തില്‍ ലിസ്റ്റിന്‍ കുറച്ച് കൂടി ഒബ്ജക്ടീവാണ്. ഒരു പക്ഷേ കൂടുതല്‍ എക്‌സ്പീരിയന്‍സ് ഉള്ളതുകൊണ്ടാവാം. പത്തിരുപത്തഞ്ച് സിനിമകള്‍ ലിസ്റ്റിന്‍ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

അതേസമയം താന്‍ അത്ര നല്ല ഭര്‍ത്താവല്ലെന്നും കാരണം ഒരു വിവാഹജീവിതത്തില്‍ ആവശ്യമായ സമയം ചെലവഴിക്കാന്‍ പറ്റാറില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. കാരണം തന്റെ ജോലിയാണെന്ന് പറയാമെങ്കിലും അത് അത്ര നല്ല കാര്യമല്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

അതേസമയം സമയം സമകാലിക രാഷ്ട്രീയ ഇന്ത്യയിലെ വിവിധ സംഭവങ്ങള്‍ പരാമര്‍ശിച്ച നിര്‍മിച്ച ജന ഗണ മനക്ക് കയ്യടികള്‍ ഉയരുകയാണ്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. പുറത്തിറങ്ങിയ ചിത്രത്തന്റെ ടീസറിലും ട്രെയ്‌ലറിലും രണ്ടാം ഭാഗത്തെ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചു എന്ന പ്രത്യേകതയും ജന ഗണ മനക്കുണ്ട്.

മംമ്ത മോഹന്‍ദാസ്, വിന്‍സി അലോഷ്യസ്, ധ്രുവന്‍, ശാരി എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: Prithviraj says listin steephan is a better producer than Supriya