ജയഹേയും ജാന്‍ എ മന്നും തിങ്കളാഴ്ച നിശ്ചയവുമൊന്നും ഞാന്‍ കണ്ടിട്ടില്ല: പൃഥ്വിരാജ് സുകുമാരന്‍
Entertainment news
ജയഹേയും ജാന്‍ എ മന്നും തിങ്കളാഴ്ച നിശ്ചയവുമൊന്നും ഞാന്‍ കണ്ടിട്ടില്ല: പൃഥ്വിരാജ് സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 22nd December 2022, 7:14 pm

ജയ ജയ ജയ ജയഹേ, ജാന്‍ എ മന്‍, തിങ്കളാഴ്ച നിശ്ചയം എന്നീ സിനിമകള്‍ താന്‍ കണ്ടിട്ടില്ലെന്ന് പൃഥ്വിരാജ് സുകുമാരന്‍. പുതിയ ചിത്രം കാപ്പയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് വിവിധ ഓണ്‍ലൈന്‍ ചാനലുകള്‍ക്കായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.

2022ല്‍ കണ്ടതില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട സിനിമയെ കുറിച്ചുള്ള അവതാരകന്റെ ചോദ്യത്തിന് മറുപടി പറയവെയാണ് സഹതാരങ്ങള്‍ പരാമര്‍ശിച്ച ജയ ജയ ജയ ജയഹേ, ജാന്‍ എ മന്‍, തിങ്കളാഴ്ച നിശ്ചയം എന്നീ സിനിമകള്‍ താന്‍ കണ്ടിട്ടില്ല എന്ന് പൃഥ്വി പറഞ്ഞത്.

ഫ്രഞ്ച് സിനിമയായ അഥീനയാണ് 2022ല്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമെന്നും പൃഥ്വി പറയുന്നു.

”ചിലപ്പോള്‍ ഏറ്റവും അടുത്ത് കണ്ടതുകൊണ്ട് ആയിരിക്കും. എന്റെ മനസില്‍ ഭയങ്കരമായി തങ്ങിനില്‍ക്കുന്നത് അഥീന (Athena) എന്ന സിനിമയാണ്. അത് ഒരു ഭയങ്കര റഫറന്‍സ് സിനിമയായി എനിക്ക് തോന്നി.

കുറച്ച് നാള് മുമ്പ് ഒരു ഡയറക്ടേഴ്സ് റൗണ്ട് ടേബിളില്‍ പങ്കെടുത്തപ്പോള്‍ അന്ന് ഇതേ ചോദ്യം എന്നോട് ചോദിച്ചിരുന്നു. അന്ന് ഞാന്‍ കാന്താര എന്നാണ് മറുപടി പറഞ്ഞത്. ഇപ്പോഴും കാന്താരക്ക് ഞാന്‍ വലിയ റേറ്റിങ് കൊടുക്കുന്നുണ്ട്. പക്ഷെ അതിന് ശേഷമാണ് ഞാന്‍ അഥീന കണ്ടത്.

മലയാളത്തില്‍ ഈ വര്‍ഷം ഇറങ്ങിയ എല്ലാ സിനിമകളും ഞാന്‍ കണ്ടിട്ടില്ല. ഞാന്‍ അഭിനയിച്ച സിനിമയായത് കൊണ്ട് അത് പറയുന്നതില്‍ ഒരു അഭംഗിയുണ്ട്. പക്ഷെ എനിക്ക് ഭയങ്കര ഇവോക്കേറ്റീവായി ഇപ്പോഴും മനസില്‍ തങ്ങിനില്‍ക്കുന്നത് ജന ഗണ മനയാണ്. എന്നെ ഭയങ്കരമായി മൂവ് ചെയ്ത സിനിമയാണത്.

തിങ്കളാഴ്ച നിശ്ചയം ഞാന്‍ കണ്ടിട്ടില്ല. പിന്നെ വിപിന്‍ ദാസിന്റെ പടം ജയ ജയ ജയ ജയഹേയും ഞാന്‍ കണ്ടിട്ടില്ല. ജാന്‍ എ മനും ഞാന്‍ കണ്ടിട്ടില്ല,” പൃഥ്വിരാജ് പറഞ്ഞു.

മലയാളത്തില്‍ ഈ വര്‍ഷം ഏറ്റവും ആഘോഷിക്കപ്പെട്ട സിനിമകളിലൊന്നാണ് ജയ ജയ ജയ ജയഹേ. 2021ല്‍ കൊവിഡിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ വലിയ ഹിറ്റായി മാറിയ സിനിമയായിരുന്നു ജാന്‍ എ മന്‍. മികച്ച മലയാള സിനിമക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ തിങ്കളാഴ്ച നിശ്ചയം ഒ.ടി.ടി റിലീസിന് പിന്നാലെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

അതേസമയം, ഷാജി കൈലാസിന്റ സംവിധാനത്തിലൊരുങ്ങിയ കാപ്പ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആസിഫ് അലി, അപര്‍ണ ബാലമുരളി, അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Content Highlight: Prithviraj says he didn’t watched the movies Thinkalazhcha Nishchayam, Jan.E.Man and Jaya Jaya Jaya Jaya Hey