പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസന്‍സും ബോളിവുഡിലേക്ക്; നായകരായി അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും
Entertainment news
പൃഥ്വിയുടെ ഡ്രൈവിംഗ് ലൈസന്‍സും ബോളിവുഡിലേക്ക്; നായകരായി അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th September 2021, 7:49 pm

മുംബൈ: അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് പിന്നാലെ പൃഥ്വിരാജ് അഭിനയിച്ച ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രവും ബോളിവുഡിലേക്ക്. ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ഹിന്ദി റീമേക്കില്‍ അഭിനയിക്കുന്നത്.

പൃഥ്വിരാജ് അഭിനയിച്ച സിനിമാ താരത്തിന്റെ റോളിലാണ് അക്ഷയ് കുമാര്‍ എത്തുക. സുരാജ് വെഞ്ഞാറമൂടിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മി എത്തും.

ആദ്യമായിട്ടാണ് ഇരുവരും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നത്. രാജ് മേഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്തത് ജീന്‍ പോള്‍ ലാല്‍ ആയിരുന്നു. മിയ, ദീപ്തി സതി, സൈജു കുറുപ്പ്, മേജര്‍ രവി എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തിയത്.

പൃഥ്വിരാജിനേയും ബിജു മേനോനേയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും ഹിന്ദിയിലൊരുക്കുന്നതിനുള്ള അവകാശം ജോണ്‍ എബ്രഹാം ആണ് സ്വന്തമാക്കിയത്.

ജോണിന്റെ നിര്‍മാണക്കമ്പനിയായ ജെ. എ എന്റര്‍ടൈന്‍മെന്റ് ആകും ഹിന്ദിയില്‍ ചിത്രം നിര്‍മിക്കുക. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളം, കാര്‍ത്തിക് സുബ്രരാജ് സംവിധാനം ചെയ്ത ജിഗ്ഗര്‍തണ്ട എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച തമിഴ്.എസ്.കതിരേശനാണ് അയ്യപ്പനും കോശിയുടെയും തമിഴ് റീമേക്ക് അവകാശം വാങ്ങിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Prithviraj’s driving license goes to Bollywood; Akshay Kumar and Emran Hashmi are the heroes