പൃഥ്വിരാജിന്റെ മകളെ തേടി സിറിയയില്‍ നിന്നും സന്ദേശമെത്തി; സന്തോഷം പങ്കുവെച്ച് സുപ്രിയ
Entertainment
പൃഥ്വിരാജിന്റെ മകളെ തേടി സിറിയയില്‍ നിന്നും സന്ദേശമെത്തി; സന്തോഷം പങ്കുവെച്ച് സുപ്രിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th February 2021, 5:17 pm

നടന്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃത സിറിയയില്‍ പോയി തനിക്ക് ഏറെ ഇഷ്ടപ്പെട്ട നീന്തല്‍ താരം യൂസ്‌റ മര്‍ദീനിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. സുപ്രിയ മേനോനാണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. യൂസ്‌റിയെ കാണാനുള്ള മകളുടെ ആഗ്രഹത്തെ കുറിച്ച് സുപ്രിയ യൂസ്‌റിക്ക് സന്ദേശവുമയച്ചിരുന്നു.

ഇപ്പോള്‍ യൂസ്‌റ മെസേജിന് മറുപടി നല്‍കി അല്ലിയോട് ആശംസകള്‍ അറിയിച്ചതിന്റെ സന്തോഷം കൂടി പങ്കുവെച്ചിരിക്കുയാണ് സുപ്രിയ.

‘യൂസ്‌റ മര്‍ദീനി, അല്ലിക്ക് ഏറെ ഒരു മനോഹരമായ ദിവസം സമ്മാനിച്ചതിന് നന്ദി. നിങ്ങളുടെ മെസേജും ശബ്ദസന്ദേശവും മറുപടി ലഭിച്ചതിന്റെ ആവേശത്തിലാണവള്‍. തനിക്ക് വിശ്വസിക്കാനാവുന്നില്ലെന്ന് അവള്‍ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. നിങ്ങളെ എന്നെങ്കിലും നേരിട്ടുകാണാനാകുമെന്ന പ്രതീക്ഷയിലാണവള്‍. ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ഇങ്ങനെ പ്രചോദനമാകുന്നതില്‍ നിങ്ങളോട് ഒരിക്കല്‍ കൂടി നന്ദി പറയട്ടെ,’ സുപ്രിയ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.

യൂസ്‌റ മര്‍ദീനിയുടെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടും സുപ്രിയ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സുപ്രിയയുടെ പോസ്റ്റ് കണ്ടുവെന്നും താന്‍ ഇന്ത്യന്‍ സിനിമകളുടെ ആരാധികയാണെന്നും യൂസ്‌റ സന്ദേശത്തില്‍ പറയുന്നു. ചെറുപ്പത്തില്‍ കുടുംബത്തോടൊപ്പം ഇന്ത്യന്‍ ചിത്രങ്ങള്‍ കാണാറുണ്ടായിരുന്നെന്നും യൂസ്‌റ പറയുന്നുണ്ട്.

മകളോട് അടുത്ത യാത്ര എങ്ങോട്ട് പോകണമെന്ന് ചോദിച്ചപ്പോള്‍ സിറിയ എന്നു മറുപടി പറഞ്ഞുവെന്നും, കാരണം ചോദിച്ചപ്പോഴാണ് റിബെല്‍ ഗേള്‍സ് എന്ന പുസ്തകത്തിലൂടെ വായിച്ചറിഞ്ഞ യൂസ്‌റ മര്‍ദീനിയെ കാണാനാണെന്ന് പറഞ്ഞതെന്നും കഴിഞ്ഞ ദിവസത്തെ പോസ്റ്റില്‍ സുപ്രിയ പറഞ്ഞിരുന്നു. യൂസ്‌റയെ കുറിച്ച് ഒന്നും അറിയാത്ത തനിക്കും പൃഥ്വിരാജിനും ആറു വയസ്സുകാരിയായ അല്ലി അവരെ കുറിച്ച് വിശദീകരിച്ചു തന്നുവെന്നും സുപ്രിയ പറഞ്ഞിരുന്നു.