കടുവയില്‍ അങ്ങനെയൊരു അതിഥി വേഷമില്ല; വ്യക്തമാക്കി പൃഥ്വിരാജ്
Film News
കടുവയില്‍ അങ്ങനെയൊരു അതിഥി വേഷമില്ല; വ്യക്തമാക്കി പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th June 2022, 10:39 am

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനാവുന്ന മാസ് ആക്ഷന്‍ ചിത്രം കടുവക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്രോയ് ആണ് വില്ലന്‍ വേഷത്തിലെത്തുന്നത്.

ചിത്രത്തില്‍ മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇങ്ങനെയുള്ള വാര്‍ത്തകള്‍ എങ്ങനെയാണ് വന്നതെന്ന് തനിക്ക് അറിയില്ലെന്നും അത്തരമൊരു അതിഥി വേഷമില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അതെങ്ങനെയാണ് വന്നതെന്ന് എനിക്കറിയില്ല. സിനിമയില്‍ അത്തരത്തിലൊരു അതിഥിവേഷമില്ല. കടുവയിലെ നടന്‍, സിനിമയുടെ നിര്‍മാതാവ്, അതിനെല്ലാമുപരി ഒരു സിനിമാപ്രേമി എന്നനിലയില്‍ ഈ സിനിമ വിജയിച്ചുകാണാന്‍ എനിക്ക് വലിയ ആഗ്രഹമുണ്ട്. കാരണം, മാസ് ആക്ഷന്‍ എന്റര്‍ടെയിനറുകള്‍ വീണ്ടും നിര്‍മിക്കാന്‍ ഈ സിനിമയുടെ വിജയം മലയാളത്തെ പ്രേരിപ്പിക്കും.

വലിയ കാന്‍വാസില്‍ ഒരുക്കിയ സിനിമയാണിത്. പാലാ, ഈരാറ്റുപേട്ട, വണ്ടിപ്പെരിയാര്‍ ഭാഗങ്ങളിലാണ് കൂടുതലായും ചിത്രീകരിച്ചത്. 1990-ല്‍ നടക്കുന്ന കഥയായതിനാല്‍ കോട്ടയം ജില്ലാജയിലിന്റെയെല്ലാം അന്നത്തെ രൂപം ആവശ്യമായിരുന്നു. അതിനായി എറണാകുളത്ത് നാലഞ്ചേക്കര്‍ സ്ഥലത്ത് ജില്ലാ ജയിലിന്റെ സെറ്റ് നിര്‍മിക്കുകയായിരുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബ്ലെസി ചിത്രം ആടുജീവിതത്തെ പറ്റിയും പൃഥ്വിരാജ് പറഞ്ഞു.

‘ആടുജീവിതം സിനിമയുടെ വിദേശചിത്രീകരണമെല്ലാം പൂര്‍ത്തിയായി. ഇത്തവണ ചിത്രീകരണത്തിനായി പോയത് അള്‍ജീരിയയിലായിരുന്നു. 40-45 ദിവസം ചിത്രീകരണത്തിനായി സഹാറാ മരുഭൂമിയില്‍ ചെലവിട്ടു. കൃത്യമായ പ്ലാനിങ്ങോടെയാണ് പോയത്. മുമ്പും അങ്ങനെത്തന്നെയായിരുന്നു. പക്ഷേ, കൊവിഡ് പ്രശ്‌നങ്ങള്‍ കാര്യങ്ങളെല്ലാം അവതാളത്തിലാക്കി. ഇത്തവണ ചിത്രീകരണം തീരാറായപ്പോള്‍ ഭാര്യയും മകളും അവിടേക്ക് വന്നു. അവരെ ആ സ്ഥലങ്ങളെല്ലാം കാണിക്കണം എന്നത് എന്റെ ആഗ്രഹമായിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Prithviraj clarified that there is no guest role of mohanlal in kaduva movie