കുരുതിയില്‍ ഞാന്‍ കഷ്ടപ്പെടുത്തിയതിന്റെ പത്തിലൊന്ന് ജോലി ബോളിവുഡില്‍ ഉണ്ടായിരുന്നോ; റോഷന്‍ മാത്യുവിനോട് പൃഥ്വിയുടെ ചോദ്യം
Entertainment news
കുരുതിയില്‍ ഞാന്‍ കഷ്ടപ്പെടുത്തിയതിന്റെ പത്തിലൊന്ന് ജോലി ബോളിവുഡില്‍ ഉണ്ടായിരുന്നോ; റോഷന്‍ മാത്യുവിനോട് പൃഥ്വിയുടെ ചോദ്യം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 7th August 2021, 4:46 pm

പൃഥ്വിരാജിനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന കുരുതിയാണ് സിനിമാലോകത്തെ പുതിയ ചര്‍ച്ച. പൃഥിയ്‌ക്കൊപ്പം റോഷന്‍ മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.

കുരുതിയുടെ പ്രൊമോഷന്റെ ഭാഗമായി പൃഥ്വിരാജും റോഷന്‍മാത്യുവും തമ്മിലുള്ള അഭിമുഖത്തിലാണ് ഇരുവരും രസകരമായ കാര്യങ്ങള്‍ സംസാരിക്കുന്നത്.

കുരുതിയില്‍ താന്‍ കഷ്ടപ്പെടുത്തിയതിന്റെ പത്തിലൊന്ന് ജോലി ബോളിവുഡില്‍ ഉണ്ടായിരുന്നോ എന്നാണ് പൃഥ്വിരാജ് റോഷന്‍ മാത്യുവിനോട് ചോദിക്കുന്നത്. ആലിയ ഭട്ടിനൊപ്പം ഡാര്‍ലിംഗ്‌സ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് റോഷന്‍.

പൃഥ്വിയുടെ ചോദ്യത്തിന് മറുപടിയായി റോഷന്‍ പറഞ്ഞത് ബോളിവുഡിലേക്കാള്‍ എളുപ്പം മലയാളത്തില്‍ ആയിരുന്നുവെന്നാണ്. അത് വെച്ച് നോക്കുമ്പോള്‍ ഇവിടെയാണ് എളുപ്പമെന്നും ഇവിടെ ലക്ഷ്വറി കൂടിപ്പോയതിന്റെ കുഴപ്പമേ ഉള്ളൂവെന്നും റോഷന്‍ പറഞ്ഞു.

ബോളിവുഡിലേക്ക് റോഷന്‍ മാത്യൂവിന്റെ അരങ്ങേറ്റ ചിത്രമാണ് ഡാര്‍ലിംഗ്‌സ്. ഷാറൂഖ് ഖാന്റെ നിര്‍മ്മാണ കമ്പനിയായ റെഡ് ചില്ലീസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

‘കോഫി ബ്ലൂം’ എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ സംവിധായകന്‍ കൂടിയാണ് കുരുതി സംവിധാനം ചെയ്ത മനു വാര്യര്‍. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. പൃഥ്വിരാജിനൊപ്പം റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്‌ലെന്‍, ശ്രിന്റ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരും പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജ് തന്നെയാണ് നിര്‍മ്മാണം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Prithviraj and Roshan Mathew talk about Kuruthi