കാഴ്ച്ച ഹൃദയഭേദകം; പരിക്കേറ്റ പൃഥ്വി ഷാ മടങ്ങിവരാന്‍ വൈകുമെന്ന് രവി ശാസ്ത്രി
Cricket
കാഴ്ച്ച ഹൃദയഭേദകം; പരിക്കേറ്റ പൃഥ്വി ഷാ മടങ്ങിവരാന്‍ വൈകുമെന്ന് രവി ശാസ്ത്രി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 5th December 2018, 4:52 pm

അഡ്‌ലെയ്ഡ്: പരിക്കേറ്റ് പുറത്തു പോയ ഇന്ത്യന്‍ താരം പൃഥ്വി ഷാ തിരിച്ചുവരാന്‍ വൈകുമെന്ന് സൂചന നല്‍കി പരിശീലകന്‍ രവി ശാസ്ത്രി. ഷായ്ക്ക് പരിക്കേറ്റത് ഹൃദയഭേദകമായ കാഴ്ച്ചയായിരുന്നു എന്നും ശാസ്ത്രി പറഞ്ഞു.

പരിശീലകന്‍ രവി ശാസ്ത്രി പറയുന്നതനുസരിച്ച് മൂന്നാം ടെസ്റ്റിലാണ്(ബോക്‌സിങ് ഡേ) താരം മടങ്ങിയെത്താന്‍ കൂടുതല്‍ സാധ്യത. “താരം വേഗം സുഖപ്പെടുന്നത് ആശ്വാസം നല്‍കുന്നെന്നും ഷാ ഇപ്പോള്‍ നടന്നുതുടങ്ങിയിട്ടുണ്ടെന്നും പറഞ്ഞ ശാസ്ത്രി ഈ ആഴ്ചയുടെ അവസാനത്തോടെ താരത്തിന് അല്‍പമെങ്കിലും ഓടാനാകും എന്ന് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.

Read Also : ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വിമര്‍ശിച്ച് ജര്‍മന്‍ ഇതിഹാസം മതേവുസ്

എന്നാല്‍ പെര്‍ത്ത് ടെസ്റ്റിനോട് അടുക്കുമ്പോള്‍ മാത്രമേ താരത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം പറയാനാകൂ എന്നും ഇന്ത്യന്‍ പരിശീലകന്‍ വ്യക്തമാക്കി.

സന്നാഹമത്സരത്തിനിടെ പരുക്കേറ്റ താരത്തെ അഡ്ലെയ്ഡില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനെതിരെ നടക്കുന്ന പരിശീലന മല്‍സരത്തിനിടെ സംഭവിച്ച പരുക്കാണ് പൃഥ്വി ഷായ്ക്കു തിരിച്ചടിയായത്.

പരിക്കു സാരമുള്ളതായതിനാല്‍ അഡ്‌ലെയ്ഡില്‍ ഡിസംബര്‍ ആറു മുതല്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റില്‍ പൃഥ്വി ഷായ്ക്കു കളിക്കാനാകില്ലെന്ന് ബി.സി.സി.ഐ അറിയിച്ചിരുന്നു.

കഴിഞ്ഞമാസം അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ സെഞ്ചുറിയടിച്ചിട്ടുള്ള പൃഥ്വി സന്നാഹമത്സരത്തിലും 66 റണ്‍സ് നേടിയിരുന്നു. ഇതോടെ ഓപണിംങ് സ്ഥാനം ഉറപ്പിച്ചിരുന്നതുമാണ്. അതിനിടെയാണ് പരിക്ക് വില്ലനായെത്തുന്നത്.

അതേസമയം ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള അന്തിമ ഇലവനെ മത്സരത്തിന് തൊട്ടുമുന്‍പ് മാത്രമേ അറിയിക്കുവെങ്കിലും 12 അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ച്. അഡ്ലെയ്ഡില്‍ നായകന്‍ വിരാട് കോലിയാണ് ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ്മ, ഹനുമാ വിഹാരി എന്നിവരില്‍ ഒരാള്‍ അവസാന 11ല്‍ നിന്ന് പുറത്താകാനാണ് സാധ്യത.

പരുക്കേറ്റ പൃഥ്വി ഷായുടെ അഭാവത്തില്‍ കെ.എല്‍ രാഹുലും മുരളി വിജയിയും ഇന്നിംഗ്‌സ് ഓപ്പണര്‍ ചെയ്യും.