എഡിറ്റര്‍
എഡിറ്റര്‍
മറ്റു നടന്മാരെയും സിനിമകളെയും താഴ്ത്തിക്കെട്ടുന്ന തന്റെ ആരാധകരോട് പൃത്വിരാജിന് പറയാനുള്ളത്
എഡിറ്റര്‍
Tuesday 13th September 2016 9:18am

prithiraj


‘ആരെയും വിമര്‍ശിക്കാന്‍ ഉള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ വിമര്‍ശനം മാന്യവും കാര്യമാത്രപ്രസക്തവും ആയ ഭാഷയില്‍ ആവണം.’


 

സിനിമാ താരങ്ങള്‍ക്ക് ആരാധകരുണ്ടാവുകയെന്നത് സ്വാഭാവികമാണ്. ഓരോ താരത്തിനും അദ്ദേഹത്തെ ഇഷ്ടപ്പെടുകയും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കാണുകയും ചെയ്യുന്ന കുറേ ആരാധകരുണ്ടാവും. എന്നാല്‍ താന്‍ ആരാധിക്കുന്ന നടന്റെ ചിത്രങ്ങള്‍ ഒഴികെയുള്ളവയെ ചീത്തവിളിച്ചും കൂകിയും തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ചില ആരാധകരുമുണ്ട്. അത്തരം ആരാധകര്‍ക്കു മുമ്പില്‍ ഒരു അപേക്ഷയുമായെത്തിയിരിക്കുകയാണ് നടന്‍  പൃത്വിരാജ്.

ഇത്തരക്കാരുടെ അഭിപ്രായ പ്രകടനങ്ങളും അതിനു ഉപയോഗിക്കുന്ന ഭാഷയും തന്നെ വേദനിപ്പിക്കുന്ന തരത്തിലുള്ളതാണെന്നു വ്യക്തമാക്കിയ പൃത്വി ഇത്തരം ആരാധകര്‍ക്കു തനിക്കു സമ്മാനിക്കുന്നത് പ്രോത്സാഹനമല്ല, മറിച്ച് വേദനയും നാണക്കേടുമാണെന്ന് തുറന്നടിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് പൃത്വി ഇക്കാര്യം വ്യക്തമാക്കുന്നത്.

‘ആരെയും വിമര്‍ശിക്കാന്‍ ഉള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ വിമര്‍ശനം മാന്യവും കാര്യമാത്രപ്രസക്തവും ആയ ഭാഷയില്‍ ആവണം.’ പൃത്വി പറയുന്നു.

‘തന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നല്ല സിനിമയെയും നല്ല അഭിനയത്തേയും നിങ്ങള്‍ സ്‌നേഹിക്കണം.’ എന്ന ഉപദേശത്തോടെയാണ് പൃത്വി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പൃത്വിരാജിന്റെ പോസ്റ്റ് വായിക്കാം:

നമസ്‌കാരം,
സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ക്കു ആരാധകരും വിമര്‍ശകരും ഉണ്ടാവുക സ്വാഭാവികം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെ ആയി ഒരു അഭിനേതാവായി ജീവിക്കുന്ന എന്നെ സ്‌നേഹിക്കുന്ന ആരാധകരും, എന്നില്‍ പോരായ്മകള്‍ കണ്ടെത്തുന്ന വിമര്‍ശകരും ഉണ്ട്, എന്ന സത്യം ഞാന്‍ സന്തോഷപൂര്‍വം തിരിച്ചറിഞ്ഞ ഒരു വസ്തുത ആണ്.

ഇന്ന് എനിക്ക് സംസാരിക്കാന്‍ ഉള്ളത് ഇതില്‍ ആദ്യം പറഞ്ഞ കൂട്ടരോടാണ്. എന്നെയും എന്റെ സിനിമകളെയും സ്‌നേഹിച്ച്, എന്നെ ഞാന്‍ ആക്കി മാറ്റിയ എന്റെ പ്രിയപ്പെട്ട ആരാധകരോട്. സുഹൃത്തുക്കളെ,
നിങ്ങളുടെ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ഒരായിരം നന്ദി! ജീവിതത്തിന്റെ പകുതി ഇതിനോടകം സിനിമയ്ക്കു വേണ്ടി ചിലവഴിച്ചവനാണ് ഞാന്‍. ഈ യാത്രയില്‍ ഓരോ കയറ്റത്തിലും ഇറക്കത്തിലും എനിക്ക് താങ്ങായി നിന്നതു നിങ്ങളാണ്. എന്റയോ എന്റെ സിനിമകളുടേയോ വിജയപരാജയങ്ങള്‍ മറ്റു സിനിമകളെയോ നടന്മാരെയോ ആസ്പദം ആക്കി അല്ല എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.

അതുകൊണ്ടു തന്നെ ഈ ഇടയായി പല സോഷ്യല്‍ നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോമുകളിലും കണ്ടു വരുന്ന നിങ്ങളില്‍ ചിലരുടെയെങ്കിലും അഭിപ്രായ പ്രകടനങ്ങളും അതിനു ഉപയോഗിക്കുന്ന ഭാഷയും, എന്നെ വേദനിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ്. എന്നോടുള്ള സ്‌നേഹത്തിന്റെ പേരില്‍ മറ്റു നടന്മാരെയോ അവരുടെ സിനിമകളെയോ നിങ്ങള്‍ താഴ്ത്തി കെട്ടുമ്പോള്‍ നിങ്ങള്‍ എനിക്ക് സമ്മാനിക്കുന്നത് പ്രോത്സാഹനം അല്ല, മറിച്ചു വേദനയും നാണക്കേടുമാണ്.

ആരെയും വിമര്‍ശിക്കാന്‍ ഉള്ള അവകാശം നിങ്ങള്‍ക്കുണ്ട്. എന്നാല്‍ വിമര്‍ശനം മാന്യവും കാര്യമാത്രപ്രസക്തവും ആയ ഭാഷയില്‍ ആവണം. ഇനി ഒരിക്കല്‍ പോലും, എന്റെ പേരിലോ, എനിക്ക് വേണ്ടിയോ നിങ്ങള്‍ മറ്റൊരു സിനിമയെയോ നടനെയോ അവരുടെ ആരാധകരെ കുറിച്ചോ സഭ്യം അല്ലാത്ത ഭാഷയില്‍ പരാമര്‍ശിക്കരുത്. അത്..എന്റെ വിശ്വാസങ്ങള്‍ക്ക്കും ഞാന്‍ പഠിച്ച എന്റെ ശരികള്‍ക്കും എതിരാണ്. എല്ലാ നല്ല സിനിമകളും വിജയിക്കണം..എല്ലാ നല്ല നടീനടന്മാരും വളരണം. എന്നെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നല്ല സിനിമയെയും നല്ല അഭിനയത്തേയും നിങ്ങള്‍ സ്‌നേഹിക്കണം.
എന്ന്,
പ്രിത്വി.

Advertisement