ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
National Politics
‘കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും പുറത്താക്കണം’ രാഷ്ട്രപതിക്ക് മിസോറാമില്‍ നിന്നും കത്ത്
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 4:29pm

 

ഐസോള്‍: കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും നീക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. പ്രിസം പാര്‍ട്ടിയാണ് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുന്നത്.

കുമ്മനത്തിന്റെ നിയമനത്തിന്റെ സ്വഭാവവും അദ്ദേഹത്തിന്റെ മുന്‍കാല ചരിത്രവും അദ്ദേഹം ഉയര്‍ത്തിപ്പിടിക്കാമെന്ന് പ്രതിജ്ഞ ചെയ്തിരിക്കുന്ന ഭരണഘടനയുടെ മഹത്വത്തിന് എതിരാണെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച കത്തില്‍ പ്രിസം ആരോപിക്കുന്നത്.

‘ഈവര്‍ഷം മിസോറാം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കുമ്മനം രാജശേഖരനെ മിസോറാമിന്റെ ഗവര്‍ണറായി നിയമിച്ചതില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന സംശയമുയരുന്നുണ്ട്. ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് ഒരാഴ്ച മുമ്പുവരെ അദ്ദേഹം കേരളത്തിലെ ബി.ജെ.പി പ്രസിഡന്റും സജീവ പ്രവര്‍ത്തകനുമായിരുന്നു. വരുന്ന തെരഞ്ഞെടുപ്പില്‍ സ്വതന്ത്രമായ വോട്ടെടുപ്പ് നടക്കാതിരിക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് പ്രിസം വിശ്വസിക്കുന്നു.’ പാര്‍ട്ടി വ്യക്തമാക്കി.


Also Read:ജയനഗറില്‍ ബി.ജെ.പിയെ തറപറ്റിച്ച് കോണ്‍ഗ്രസിന് മിന്നുന്ന ജയം; വിജയം 5000 ത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍


1983ലെ നിലക്കല്‍ ഹിന്ദു-ക്രിസ്ത്യന്‍ സംഘര്‍ഷത്തിനു പിന്നില്‍ സൂത്രധാരന്‍ കുമ്മനമായിരുന്നെന്നും പ്രിസം ആരോപിക്കുന്നു. ‘സമാധാനപരമായ സഹവര്‍ത്തിത്വത്തിന് വഴി കണ്ടെത്തുന്നതിനേക്കാള്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്നതിലാണ് തനിക്ക് താല്‍പര്യമെന്ന് അദ്ദേഹം തെളിയിച്ചുകഴിഞ്ഞു.’ പ്രിസം ആരോപിക്കുന്നു.

കുമ്മനത്തെ ഗവര്‍ണര്‍ സ്ഥാനത്തുനിന്നും പുറത്താക്കണമെന്ന ആവശ്യമുയര്‍ത്തി പ്രിസം ഒപ്പുശേഖരണം നടത്തിയിരുന്നു. 53167 പേരുടെ ഒപ്പുകള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് പ്രിസം അവകാശപ്പെട്ടത്.

നേരത്തെ കുമ്മനം സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുമ്പു തന്നെ പ്രിസം അദ്ദേഹത്തിന്റെ നിയമനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

Advertisement