യു.പിയില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പ്രിന്‍സിപ്പള്‍ അറസ്റ്റില്‍; ആര്‍.എസ്.എസുകാരനായതിനാല്‍ നടപടി വൈകിയെന്ന് ആരോപണം
national news
യു.പിയില്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച പ്രിന്‍സിപ്പള്‍ അറസ്റ്റില്‍; ആര്‍.എസ്.എസുകാരനായതിനാല്‍ നടപടി വൈകിയെന്ന് ആരോപണം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 29th August 2023, 11:34 pm

ലഖ്നൗ: ഉത്തര്‍പ്രദേശില്‍  പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍  പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഗാസിയാബാദിലെ ഒരു സ്‌കൂളിലെ പ്രിന്‍സിപ്പലായ ഡോ. രാജീവ് പാണ്ഡെയാണ് പിടിയിലായത്.

വിഷയത്തില്‍ വിലിയ പ്രതിഷേധമുണ്ടായതോടെയാണ് പ്രിന്‍സിപ്പലിനെ പൊലിസ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായതെന്ന ആക്ഷേപമുണ്ട്. ഇയാള്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചോര കൊണ്ട് കത്തെഴുതിയിരുന്നു. പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് കത്തില്‍ പറയുന്നത്. പാണ്ഡെ രാഷ്ട്രീയ സ്വയംസേവക് സംഘ്(ആര്‍.എസ്.എസ്) അംഗമാണെന്നും ഇതാണ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കാത്തതെന്നും കത്തില്‍ പറയുന്നു.

‘ഞങ്ങളെ നാല് മണിക്കൂര്‍ പൊലീസ് സ്റ്റേഷനില്‍ ഇരുത്തി. എന്നിട്ടും പ്രിന്‍സിപ്പലിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. പൊലീസ് ദിവസവും ഞങ്ങളുടെ വീട്ടില്‍ വന്ന് ഞങ്ങളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തി,’ വിദ്യാര്‍ത്ഥികള്‍ യു.പി മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ പറഞ്ഞു.

12 മുതല്‍ 15 വയസ് വരെ പ്രായമുള്ള പെണ്‍കുട്ടികള്‍ പീഡനെത്തിനിരയായതെന്നാണ് രാജീവ് പാണ്ഡെക്കെതിരായ പരാതിയിലുള്ളത്. രാജീവ് പാണ്ഡെ പെണ്‍കുട്ടികളെ താന്‍ ജോലി ചെയ്യുന്ന ഓഫിസീലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്ന് പരാതിയില്‍ പറയുന്നു.