കുട്ടികള്‍ ഉണ്ടാകാന്‍ നിരത്തിക്കിടത്തിയ സ്ത്രീകള്‍ക്ക് മുകളിലൂടെ നടന്ന് പൂജാരിമാര്‍
national news
കുട്ടികള്‍ ഉണ്ടാകാന്‍ നിരത്തിക്കിടത്തിയ സ്ത്രീകള്‍ക്ക് മുകളിലൂടെ നടന്ന് പൂജാരിമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 23rd November 2020, 5:58 pm

ധാമാത്രി: ഛത്തീസ്ഗഡിലെ ധാമാത്രിയില്‍ കുട്ടികള്‍ ഉണ്ടാകാനായി സ്ത്രീകളെ നിരത്തി കിടത്തി അവരുടെ ശരീരത്തിന് മുകളിലൂടെ പൂജാരിമാര്‍ നടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിവാഹിതരായ 200 ഓളം സ്ത്രീകളാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.

കുട്ടികളുണ്ടാകുന്നതിന് വേണ്ടിയാണ് ഈ ആചാരമെന്നാണ് പറയുന്നത്. പൂജാരിമാരുടെ ഒരു സംഘമാണ് സ്ത്രീകളെ ചവിട്ടി നടക്കുന്നത്. പൂജാരിമാര്‍ ശരീരത്തിലൂടെ നടക്കുന്നത് മൂലം അനുഗ്രഹമുണ്ടാവുമെന്നും ഗര്‍ഭിണിയാകുമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

മാതായ് മേളയുടെ ഭാഗമായി നടത്തുന്ന ചടങ്ങാണിത്. ദീപാവലിയ്ക്ക് ശേഷം വരുന്ന ആദ്യ വെള്ളിയാഴ്ചയാണ് ഈ ചടങ്ങ് നടക്കുന്നത്. നിരവധിപേര്‍ ഇതില്‍ പങ്കെടുക്കാനായി എത്തുന്നു.

എത്തുന്നവരില്‍ ഭൂരിഭാഗം പേരും ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ ചടങ്ങ് നടന്നത്. മാസ്‌ക് ധരിച്ച് പ്രദേശത്ത് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്ന പൊലീസുദ്യോഗസ്ഥരെ ദൃശ്യങ്ങളില്‍ കാണാം.

എന്നാല്‍ മറ്റുള്ളവര്‍ ഇത് പാലിച്ചിട്ടില്ലെന്നതും വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ആദി ശക്തി മാ അങ്കാരമൂര്‍ത്തി എന്ന ട്രസ്റ്റാണ് ഈ ചടങ്ങിന് നേതൃത്വം നല്‍കുന്നത്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെ നടന്ന ചടങ്ങിനെതിരെ രൂക്ഷവിമര്‍ശനമുയരുകയാണ്. രോഗവ്യാപനത്തിനിടയില്‍ ചടങ്ങിന് അനുമതി നല്‍കിയ ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Fake Rituals Get Ride of Infertility