'ഇത് കര്‍ഷക വിരുദ്ധം, എല്ലാ നിയമ സേവനങ്ങളും സൗജന്യമായി നല്‍കും'; കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷനും
national news
'ഇത് കര്‍ഷക വിരുദ്ധം, എല്ലാ നിയമ സേവനങ്ങളും സൗജന്യമായി നല്‍കും'; കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th December 2020, 7:51 pm

ന്യൂദല്‍ഹി: കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ദുഷ്യന്ത് ദാവെ. ലൈവ് ലോ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ദല്‍ഹി ബാര്‍ കൗണ്‍സിലും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക വിരുദ്ധമാണെന്നും അത് അഭിഭാഷക വിരുദ്ധമാണെന്നും ദാവെ കര്‍ഷകരെ പിന്തുണച്ചു കൊണ്ട് പറഞ്ഞു. കര്‍ഷകര്‍ക്ക് എല്ലാ നിയമ സേവനങ്ങളും സൗജന്യമായി നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയിട്ടുണ്ട്. ഒന്‍പത് ദിവസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം ഫലം കാണാതെ അവസാനിക്കുകയായിരുന്നു.

തുടര്‍ന്ന് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് വീണ്ടും ചര്‍ച്ച നടക്കാനിരിക്കെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ശനിയാഴ്ച ദേശ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിക്കുമെന്നും സംഘടനകള്‍ അറിയിച്ചു.

നിയമം പിന്‍വലിക്കാതെ പിറകോട്ടില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍. എന്നാല്‍ മൂന്ന് കാര്‍ഷിക നിയമങ്ങളിലും ഭേദഗതി വരുത്താമെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്.

സര്‍ക്കാരിന് ഈഗോ ഇല്ലെന്നും അതുകൊണ്ട് ശനിയാഴ്ചയും ചര്‍ച്ച നടത്താമെന്നാണ് വ്യാഴാഴ്ചത്തെ ചര്‍ച്ച പരിഹാരമില്ലാതെ അവസാനിച്ചതിന് പിന്നാലെ സര്‍ക്കാര്‍ പറഞ്ഞത്.

ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: President of Supreme Court Bar Association Dushyant Dave declared full support for farmers