മുംബൈ സിറ്റി എഫ്.സി ഇനി മാഞ്ചസ്റ്റര്‍ സിറ്റിയുടെ 'കൈകളില്‍'; അന്താരാഷ്ട്ര ക്ലബ്ബുകള്‍ മുതല്‍ താരങ്ങള്‍ വരെ ഇന്ത്യയിലേക്ക്?
Football
മുംബൈ സിറ്റി എഫ്.സി ഇനി മാഞ്ചസ്റ്റര്‍ സിറ്റിയുടെ 'കൈകളില്‍'; അന്താരാഷ്ട്ര ക്ലബ്ബുകള്‍ മുതല്‍ താരങ്ങള്‍ വരെ ഇന്ത്യയിലേക്ക്?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th November 2019, 8:07 am

മുംബൈ: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്ര നിമിഷത്തില്‍. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഉടമസ്ഥരായ സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് ഐ.എസ്.എല്‍ ടീമായ മുംബൈ സിറ്റി എഫ്.സിയുടെ ഓഹരികള്‍ വാങ്ങിയതോടെയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകം ആവേശത്തിലായത്. 65 ശതമാനം ഓഹരികളാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പ് വാങ്ങിയത്. ലോകത്ത് ഏറ്റവുമധികം സ്വത്തുള്ള ഫുട്‌ബോള്‍ കമ്പനിയാണ് ഇവരുടേത്.

ചരിത്രത്തിലാദ്യമായാണ് യൂറോപ്യന്‍ ലീഗ് ക്ലബ്ബുകളിലൊന്നിന്റെ ഉടമകള്‍ ഇന്ത്യന്‍ ക്ലബ്ബിനെ വാങ്ങുന്നത്. സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എട്ടാമത്തെ ക്ലബ്ബാണ് മുംബൈ സിറ്റി. ഓഹരി കൈമാറ്റം സംബന്ധിച്ച് ഫുട്‌ബോള്‍ ഭരണസംഘടനകളുടെ സാങ്കേതികമായ ചില അനുമതികള്‍ കൂടി ലഭിക്കണം.

ബാക്കിയുള്ള 35 ശതമാനം ഓഹരികള്‍ ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍, ബിമല്‍ പരേഖ് എന്നിവരില്‍ത്തന്നെ തുടരും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.എസ്.എല്‍ സംഘാടകരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എല്‍) അധ്യക്ഷ നിത അംബാനി, സിറ്റി ഗ്രൂപ്പ് സി.ഇ.ഒ ഫെറാന്‍ സൊറിയാനോ എന്നിവര്‍ ചേര്‍ന്നാണു പ്രഖ്യാപനം നടത്തിയത്.

സിറ്റി ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്റ് ഡേമിയന്‍ വിലോബിയെ ഇന്ത്യയിലെ ആദ്യ സി.ഇ.ഒ ആയും ക്ലബ്ബ് നിയമിച്ചിട്ടുണ്ട്. ഇതോടെ സിംഗപ്പൂരില്‍ നിന്ന് വിലോബി മുംബൈയിലേക്ക് ഓഫീസ് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മുംബൈ സിറ്റിയുടെ വരവോടെ എട്ട് ക്ലബ്ബുകളാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിനായത്. മാഞ്ചസ്റ്റര്‍ സിറ്റിയെക്കൂടാതെ, ന്യൂയോര്‍ക്ക് സിറ്റി, മെല്‍ബണ്‍ സിറ്റി, യോക്കഹാമ എഫ്. മരീനോസ് (ജപ്പാന്‍), ക്ലബ്ബ് അത്‌ലറ്റിക്കോ ടോര്‍ക്ക് (ഉറുഗ്വായ്), ജിറോണ എഫ്.സി (സ്‌പെയിന്‍), സിഷുവാന്‍ ജിയുനിയു (ചൈന) എന്നിവരാണുള്ളത്.

സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ വരവോടെ ഇന്ത്യന്‍ ഫുട്‌ബോള്‍ അടിമുടി മാറുമെന്നാണു കരുതപ്പെടുന്നത്. ഗ്രൂപ്പിന്റെ സ്വാധീനത്താല്‍ നിസാന്‍, ഇത്തിഹാദ് തുടങ്ങി വലുതും ചെറുതുമായ അന്താരാഷ്ട്ര സ്‌പോണ്‍സര്‍മാര്‍ ഇന്ത്യയിലെത്തും. കൂടെ ലാ ലിഗ, ബുണ്ടസ് ലിഗ തുടങ്ങിയ മുന്‍നിര ലീഗുകളിലെ ക്ലബ്ബുകള്‍ ഇന്ത്യയില്‍ വന്നേക്കുമെന്നും കരുതപ്പെടുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സിറ്റി ഗ്രൂപ്പിന്റെ മറ്റ് ക്ലബ്ബുകളിലെ 2, 3 ഡിവിഷന്‍ ടീമുകളിലെ യുവ കളിക്കാരെ ഇന്ത്യയില്‍ കൊണ്ടുവരാന്‍ സാധ്യതയുണ്ട്. മാത്രമല്ല, മാഞ്ചസ്റ്റര്‍, ന്യൂയോര്‍ക്ക്, മെല്‍ബണ്‍ ഉള്‍പ്പെടെ സിറ്റി ഗ്രൂപ്പിനു സാന്നിധ്യമുള്ള ഏഴു നഗരങ്ങളില്‍ മുംബൈ സിറ്റിയുടെ മത്സരങ്ങളുടെ ടി.വി സംപ്രേഷണത്തിന് അവസരം ലഭിക്കും.

ഏകദേശം 34,177 കോടി രൂപയാണ് സിറ്റി ഫുട്‌ബോള്‍ ഗ്രൂപ്പിന്റെ ആസ്തി. കഴിഞ്ഞദിവസം അവര്‍ യു.എസ് സ്ഥാപനമായ സില്‍വര്‍ ലേക്കില്‍നിന്ന് 500 മില്യണ്‍ ഡോളറിന്റെ നിക്ഷേപം സ്വീകരിച്ചിരുന്നു.