മലര്‍ മിസ്സിനായി ആദ്യം പരിഗണിച്ചത് അസിനെ; കഥാപാത്രം സായ് പല്ലവിയില്‍ എത്തിയതിനെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍
Malayalam Cinema
മലര്‍ മിസ്സിനായി ആദ്യം പരിഗണിച്ചത് അസിനെ; കഥാപാത്രം സായ് പല്ലവിയില്‍ എത്തിയതിനെ കുറിച്ച് അല്‍ഫോണ്‍സ് പുത്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th June 2021, 1:09 pm

പ്രേമം സിനിമയിലെ മലര്‍ മിസ്സ് എന്ന കഥാപാത്രത്തിനു വേണ്ടി ആദ്യം പരിഗണിച്ചതു നടി അസിനെ ആയിരുന്നുവെന്നു സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍.

എന്തുകൊണ്ടാണു താങ്കളുടെ സിനിമകളില്‍ എപ്പോഴും ഒരു തമിഴ് ടച്ച് വരുന്നത് എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കവേയായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

തിരക്കഥയുടെ ആദ്യ ഘട്ടത്തില്‍ മലര്‍ എന്ന കഥാപാത്രം ഫോര്‍ട്ട് കൊച്ചിക്കാരിയായിരുന്നുവെന്നും അസിനെ ബന്ധപ്പെടാന്‍ കഴിയാതിരുന്നതോടെ ആ കഥാപാത്രത്തിനു തമിഴ് ടച്ചു നല്‍കുകയായിരുന്നുവെന്നും അല്‍ഫോന്‍സ് പറഞ്ഞു.

‘തമിഴ് ഭാഷയുടെ സ്വാധീനം നിങ്ങളുടെ മുമ്പുള്ള സിനിമകളില്‍ കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും മലര്‍ എന്ന കഥാപാത്രം, പശ്ചാത്തലമായി വരുന്ന തമിഴ് ഗാനങ്ങള്‍. നിങ്ങളുടെ ചെന്നൈ ജീവിതവും അവിടെയുള്ള സുഹൃത് വലയങ്ങളും നിങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാം, അത് നിങ്ങളുടെ സിനിമയിലും പ്രതിഫലിച്ചിരിക്കാം. പ്രേമം സിനിമയില്‍ ഇതു നന്നായി ഇഴ ചേര്‍ന്നു.

കോളേജ് സീക്വന്‍സ്, ആക്ഷന്‍, ഡാന്‍സ്, തമിഴ് സംസാരിക്കുന്ന നായിക ഇതൊക്കെ പ്രത്യേകതകളാണ്. മലയാളം സിനിമയിലെ തമിഴ് ഭാഷയുടെ സ്വാധീനത്തെ എങ്ങനെ കാണുന്നു. മലര്‍ എന്ന കഥാപാത്രം മലയാളി പെണ്‍കുട്ടിയായിരുന്നെങ്കില്‍ എങ്ങനെ ആയേനെ?’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ ചോദ്യം.

ഇതോടെ മറുപടിയുമായി അല്‍ഫോണ്‍സ് എത്തി. തിരക്കഥ എഴുതുന്ന ആദ്യ ഘട്ടത്തില്‍ ആ കഥാപാത്രം മലയാളിയായിരുന്നെന്നും അസിനെയാണ് മലര്‍ എന്ന കഥാപാത്രമായി താന്‍ ആഗ്രഹിച്ചതെന്നും അല്‍ഫോണ്‍സ് പറഞ്ഞു.

‘ഫോര്‍ട്ടുകൊച്ചിക്കാരിയായിരുന്നു ആ കഥാപാത്രം. പക്ഷേ എനിക്ക് അസിനെ കോണ്ടാക്ട് ചെയ്യാന്‍ കഴിഞ്ഞില്ല. നിവിന്‍ പോളിയും അസിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷേ കിട്ടിയില്ല. പിന്നീടാണ് എനിക്ക് മറ്റൊരു ഐഡിയ തോന്നിയതും മലര്‍ മിസ്സിന് തമിഴ് ടച്ച് നല്‍കിയതും. തിരക്കഥയുടെ തുടക്കത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്.

പിന്നെ, തമിഴ് ഭാഷയുമായി ശക്തമായ ഒരു ബന്ധം വരാന്‍ കാരണം, ഞാന്‍ ചെറുപ്പത്തില്‍ പഠിച്ചത് എല്ലാം ഊട്ടിയിലാണ്. സിനിമാ പഠനത്തിനായി ചെന്നൈയിലായിരുന്നു ബാക്കിയുള്ള കാലം. അതാണ് തമിഴും ഞാനുമായുള്ള ബന്ധം,’ അല്‍ഫോന്‍സ് വ്യക്തമാക്കി.

നേരത്തെ പ്രേമം സിനിമയുമായി ബന്ധപ്പെട്ട ആരാധകരുടെ ചില സംശയങ്ങള്‍ക്കും അല്‍ഫോണ്‍സ് മറുപടി നല്‍കിയിരുന്നു.

ചിത്രം കണ്ടിറങ്ങിയവരുടെ പ്രധാന സംശയം ആയിരുന്നു മലരിന് ഓര്‍മ തിരിച്ചു കിട്ടിയിരുന്നോ? അതോ ജോര്‍ജിനെ തേച്ചുപോയതാണോ എന്നത്.

സിനിമ റിലീസ് ചെയ്ത് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആ ചോദ്യത്തിനായിരുന്നു അല്‍ഫോണ്‍സ് മറുപടി നല്‍കിയത്.

‘പ്രേമത്തില്‍, ജോര്‍ജിനോട് ഒന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് മലര്‍ ഒടുവില്‍ പറയുന്നു. മൂന്നു തവണ സിനിമ കണ്ടതിനു ശേഷം ഞങ്ങള്‍ ആശയക്കുഴപ്പത്തിലാണ്. അവര്‍ക്ക് ശരിക്കും ഓര്‍മ നഷ്ടപ്പെട്ടോ? അതോ മനഃപൂര്‍വം അവനെ ഒഴിവാക്കാന്‍ അവള്‍ ആഗ്രഹിക്കുന്നുണ്ടോ? അതോ അടുത്തിടെ ഓര്‍മ തിരികെ ലഭിച്ച അവള്‍ ജോര്‍ജ് വിവാഹിതനാകുന്നതിനാല്‍ ജോര്‍ജിനോട് അതു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലേ? ഉത്തരത്തിനായി എന്റെ സുഹൃത്തുമായി ഞാന്‍ 100 രൂപയുടെ പന്തയം വെച്ചിരിക്കുകയാണ്’. എന്നായിരുന്നു സ്റ്റീഫന്‍ എന്നയാളുടെ ചോദ്യം.

ഇതോടെ മറുപടിയുമായി അല്‍ഫോണ്‍സ് എത്തി. ‘അവളുടെ ഓര്‍മ നഷ്ടപ്പെട്ടു. ഓര്‍മ തിരിച്ചു കിട്ടിയപ്പോള്‍ അവള്‍ അറിവഴകനുമായി സംസാരിച്ചിരിക്കും. അവിടെ എത്തിയപ്പോള്‍ സെലിനുമൊത്ത് ജോര്‍ജ് സന്തോഷവാനാണെന്ന് അവള്‍ക്ക് തോന്നിയിരിക്കും. കൈ കൊണ്ട് ‘സൂപ്പര്‍’ എന്ന് പറഞ്ഞതില്‍ നിന്നും മലരിന് ഓര്‍മ തിരിച്ചു കിട്ടിയെന്നു ജോര്‍ജിനും മനസിലായി. എന്നാല്‍ ഇത് സംഭാഷണങ്ങളില്‍ പറയുന്നില്ല. എന്നാല്‍, ഇത് ആക്ഷന്‍സിലൂടെയും വയലിനു പകരം ഹാര്‍മോണിയത്തിന്റെ സംഗീതം ഉപയോഗിച്ചും കാണിക്കുന്നുണ്ട്. നിങ്ങളുടെ സംശയം മാറിയെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള അവസാന ഉത്തരം ഇതാണ്, മലരിന് ഓര്‍മ തിരികെ ലഭിച്ചു.’ – ഇതായിരുന്നു ചോദ്യത്തിന് അല്‍ഫോന്‍സ് പുത്രന്‍ നല്‍കിയ ഉത്തരം.

അനുപമ അവതരിപ്പിച്ച മേരിയുടെ സഹോദരിയാണോ സെലിന്‍ എന്ന ചോദ്യത്തിനും അല്‍ഫോന്‍സ് മറുപടി നല്‍കിയിരുന്നു.

‘മേരിയുടെ പെങ്ങള്‍ അല്ല സെലിന്‍. ചേച്ചിയുടെ ഇംഗ്ലിഷ് പദം കിട്ടാത്തതുകൊണ്ട് സബ് ടൈറ്റില്‍ ചെയ്ത ആള്‍ ചുറ്റിപ്പോയതാ. മേരി സിസ്റ്റര്‍ എന്നൊക്കെയാണ് സബ് ടൈറ്റിലില്‍ കാണിക്കുന്നത്. മേരിയുടെ പെങ്ങളാണ് സെലിനെങ്കില്‍, മേരിയുടെ വീട്ടില്‍ സെലിന്‍ ഇരിക്കുന്നതു ഞാന്‍ സിനിമയില്‍ കാണിക്കുമായിരുന്നു.’അല്‍ഫോന്‍സ് വ്യക്തമാക്കി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Premam Movie Malar Miss Azin Sai Pallavi Alphonse Puthren