ജോണ്‍ പോള്‍: മലയാളിയുടെ സ്വന്തം സിനിമാ ലൈബ്രറി
FB Notification
ജോണ്‍ പോള്‍: മലയാളിയുടെ സ്വന്തം സിനിമാ ലൈബ്രറി
പ്രേംചന്ദ്‌
Saturday, 23rd April 2022, 2:32 pm

എണ്‍പതുകളില്‍ മലയാള സിനിമയെ പുതിയ ഭാവുകത്വത്തിലേക്ക് നയിച്ച എഴുത്തുകാരനാണ് ജോണ്‍ പോള്‍. മുഖ്യമായും സംവിധായകന്‍ ഭരതനുമായി ചേര്‍ന്നു ചെയ്ത അക്കാലത്തെ മധ്യവര്‍ത്തി സിനിമകളുടെ നട്ടെല്ലായിരുന്നു അദ്ദേഹം. വെള്ളിത്തിരയില്‍ അത് നവോന്മേഷം വിതറി. മുഖ്യധാരാ സിനിമയെ പൊതുവില്‍ ഭാവുകത്വപരമായി പരിഷ്‌കരിക്കുന്നതില്‍ ആ സിനിമകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

പ്രധാനപ്പെട്ട ജോണ്‍ പോള്‍ സിനിമകള്‍ നോക്കുക: ഭരതന്റെ ചാമരം (1980), മര്‍മ്മരം (1981), മോഹന്റെ വിടപറയും മുമ്പെ (1981), കഥയറിയാതെ (1981), ഭരതന്റെ ഓര്‍മക്കായി (1981), പാളങ്ങള്‍ (1981) അശോക് കുമാറിന്റെ തേനും വയമ്പും (1981), മോഹന്റെ ആലോലം (1982), ഐ.വി. ശശിയുടെ ഇണ (1982), ഭരതന്റെ സന്ധ്യ മയങ്ങും നേരം (1983), പി.ജി. വിശ്വംഭരന്റെ സാഗരം ശാന്തം (1983), ഒന്നു ചിരിക്കൂ (1983), മോഹന്റെ രചന (1983),

കെ.എസ്. സേതുമാധവന്റെ അറിയാത്ത വീഥികള്‍ (1984), ആരോരുമറിയാതെ (1984), ഐ.വി. ശശിയുടെ അതിരാത്രം (1984), സത്യന്‍ അന്തിക്കാടിന്റെ അടുത്തടുത്ത് (1984), ജോഷിയുടെ ഇണക്കിളി (1984), ടി. ദാമോദരനൊപ്പം ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ (1984), സത്യന്‍ അന്തിക്കാടിന്റെ അധ്യായം ഒന്നു മുതല്‍ (1985), ഭരതന്റെ കാതോട് കാതോരം (1985),

ജോണ്‍ പോളിന്റെ ഒരു പഴയകാല ചിത്രം

പി.ജി. വിശ്വംഭരന്റെ ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985), കെ.എസ്. സേതുമാധവന്റെ അവിടത്തെപ്പോലെ ഇവിടെയും (1985), പി.ജി, വിശ്വംഭരന്റെ ഈ തണലില്‍ ഇത്തിരി നേരം (1985), ബാലു മഹേന്ദ്രയുടെ യാത്ര (1985), സത്യന്‍ അന്തിക്കാടിന്റെ രേവതിക്കൊരു പാവക്കുട്ടി (1986), കമലിന്റെ മിഴിനീര്‍പ്പൂക്കള്‍ (1986), ഉണ്ണികളേ ഒരു കഥ പറയാം (1987), ടി. ദാമോദരനൊപ്പം ഐ.വി. ശശിയുടെ വ്രതം (1987), ഭരതന്റെ നീലക്കുറുഞ്ഞി പൂത്തപ്പോള്‍ (1987), ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം (1987),

കമലിന്റെ ഉണ്ണികൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് (1988), ഭരത് ഗോപിയുടെ ഉത്സവപ്പിറ്റേന്ന് (1988), ഭരതന്റെ ഒരു സായാഹ്നത്തിന്റെ സ്വപ്നം (1989), ജേസിയുടെ പുറപ്പാട് (1990), കെ. മധുവിന്റെ ഒരുക്കം (1990), രണ്ടാം വരവ് (1991), ഐ.വി. ശശിയുടെ ഭൂമിക (1991), ഭരതന്റെ മാളൂട്ടി (1991), അനിലിന്റെ സൂര്യഗായത്രി (1992), സിബി മലയിലിന്റെ അക്ഷരം (1995), ഭരതന്റെ മഞ്ജീരധ്വനി (1997) ….. ലിസ്റ്റ് തീരുന്നില്ല. 2000 വരെ മലയാള സിനിമയില്‍ നിര്‍ണായക ശക്തിയായിരുന്നു ജോണ്‍പോള്‍.

ജോണ്‍ പോള്‍ ഇടത്തേയറ്റം

എല്ലാം അതത് കാലത്തെ താര നായകീ നായകന്മാരായ പ്രേംനസീര്‍, ലക്ഷ്മി, ശ്രീവിദ്യ, സോമന്‍, മാധവി, സുകുമാരന്‍, സുമലത, നെടുമുടി വേണു, സറീന വഹാബ്, പ്രതാപ് പോത്തന്‍, രതീഷ്, ഭരത് ഗോപി, ജലജ, മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, റഹ്മാന്‍ തുടങ്ങിയവര്‍ വേഷമിട്ട സിനിമകള്‍. തിയേറ്ററുകളില്‍ ചലനം സൃഷ്ടിച്ചവ. അതില്‍ എത്രയോ സൂപ്പര്‍ഹിറ്റുകള്‍, അതിലേറെ പ്രകാശം പരത്തിയ സിനിമകള്‍ പിറന്നു. ഇതില്‍ മിക്കതും ഭരതന്‍, മോഹന്‍ സിനിമകള്‍. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അതിലേറെയും എഴുത്തുകാരനിലേക്ക് വെളിച്ചം വീശാത്ത സിനിമകളാണ്.

സംവിധായകന്‍ ഭരതനൊപ്പം ജോണ്‍ പോള്‍

പുതിയ നൂറ്റാണ്ടില്‍ സിനിമ അടിമുടി മാറിയപ്പോള്‍ ആ സംസ്‌കാരത്തോടൊപ്പം നില്‍ക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് തന്നെ ജോണ്‍പോള്‍ പിന്‍വലിഞ്ഞു. താരങ്ങളായി കഥയുടെ മുതലാളിമാര്‍. സ്റ്റോറി ഫിക്‌സിങ് എന്ന പുതിയ അധികാരം പിന്നോട്ടടിപ്പിച്ച സംവിധായകരുടെയും എഴുത്തുകാരുടെയും നിരയില്‍ ജോണ്‍ പോളും ഉണ്ടായിരുന്നു. എങ്കിലും 2021ലും സിനിമാ എഴുത്തില്‍ സജീവമായിരുന്നു അദ്ദേഹം.

മലയാള സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക സെക്രട്ടറിയായിരുന്നു ജോണ്‍ പോള്‍. എത്രയോ കാലം ആ സ്ഥാനത്തിരുന്ന് സംഘടനക്ക് അടിത്തറയിട്ടു. എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ‘ഒരു ചെറു പുഞ്ചിരി’ എന്ന സിനിമ നിര്‍മിച്ചിട്ടുണ്ട്. എം.ടിയെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മിക്കുകയും ഒരു പുസ്തകം എഴുതുകയും ചെയ്തിട്ടുണ്ട്.

ഭരതനെക്കുറിച്ചുള്ള പുസ്തകമടക്കം നിരവധി ചലച്ചിത്ര ചരിത്രഗ്രന്ഥങ്ങളുടെ രചയിതാവാണ്. ഗ്രന്ഥരചനക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. നല്ല അവതാരകനാണ്. സഫാരി ചാനലിലെ ഓര്‍മ പറച്ചില്‍ ഒരനുഭവം തന്നെയായിരുന്നു.

2003-2012 കാലത്ത് ചിത്രഭൂമിയുടെ ചുമതല വഹിച്ചിരുന്ന കാലത്തുടനീളം മനോഹരമായ കയ്യക്ഷjത്തില്‍ എഴുതി അയക്കുന്ന കാര്‍ഡുകള്‍ നല്‍കിയ സ്‌നേഹം വിലമതിക്കാനാകാത്തതാണ്. സിനിമയെക്കുറിച്ചുള്ള എന്തോര്‍യും എപ്പോഴും വിളിച്ചു ചോദിക്കാവുന്ന ഒരു റഫറന്‍സ് ലൈബ്രറിയായിരുന്നു അദ്ദേഹം. അത് കുറച്ചൊന്നുമല്ല വഴികാട്ടിയത്.

#മരിക്കാത്തനക്ഷത്രങ്ങള്‍

Content Highlight: Prem Chand remembering John Paul and his movies

പ്രേംചന്ദ്‌
പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സിനിമാ നിരൂപകന്‍