'എന്റെ വയറ്റില്‍ ഒരു ജീവനുണ്ട്, പക്ഷെ ഈ സമയത്ത് ജോലി ചെയ്യുകയെന്നത് പ്രധാനമാണ്'; ഗര്‍ഭാവസ്ഥയിലും കൊവിഡ് രോഗികളെ പരിചരിച്ച് നഴ്‌സ്
national news
'എന്റെ വയറ്റില്‍ ഒരു ജീവനുണ്ട്, പക്ഷെ ഈ സമയത്ത് ജോലി ചെയ്യുകയെന്നത് പ്രധാനമാണ്'; ഗര്‍ഭാവസ്ഥയിലും കൊവിഡ് രോഗികളെ പരിചരിച്ച് നഴ്‌സ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th April 2021, 2:48 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ കൊറോണ രോഗികളെ പരിചരിക്കാന്‍ മുന്നിട്ടിറങ്ങി ഗര്‍ഭിണിയായ നഴ്‌സ്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് അവരെ പരിചരിക്കാനായി നാലു മാസം ഗര്‍ഭിണിയായ നാന്‍സി അയേഷ എന്ന നഴ്‌സ് രംഗത്തെത്തിയത്.

അല്‍ത്താന്‍ കമ്മ്യൂണിറ്റി സെന്ററിലെ അടല്‍ കൊവിഡ് 19 സെന്ററിലാണ് നാന്‍സി രോഗികളെ ശുശ്രൂഷിക്കുന്നത്. വൈറസ് ബാധിക്കാനുള്ള സാധ്യതയേറെയുള്ള കൊവിഡ് വാര്‍ഡുകളില്‍ എട്ടു മുതല്‍ പത്തു മണിക്കൂര്‍ വരെ നാന്‍സി ജോലി ചെയ്യുന്നതായി ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

‘എന്റെ വയറ്റില്‍ ഒരു ജീവനുണ്ടെന്ന് എനിക്ക് അറിയാം. എന്നാല്‍ ഈ സാഹചര്യത്തില്‍ ജോലി ചെയ്യുകയെന്നത് പ്രധാനമാണ്. രോഗികളെ പരിചരിക്കാനുള്ള അവസരമായിട്ട് മാത്രമെ ഇതിനെ കാണുന്നുള്ളു’, നാന്‍സി ഇന്ത്യ ടുഡെയോട് പറഞ്ഞു. കൊവിഡ് ഒന്നാം തരംഗമുണ്ടായപ്പോള്‍ ജോലി ചെയ്ത അതേ വാര്‍ഡില്‍ തന്നെയാണ് നാന്‍സി ഇപ്പോഴും ജോലി ചെയ്യുന്നത്.

അതേസമയം രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷം കടന്നിരിക്കുകയാണ്. ദല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ കൊവിഡ് അതിവേഗത്തില്‍ പടരുന്ന സാഹചര്യമാണ് ഉള്ളത്. ഓക്സിജന്റെ ദൗര്‍ലഭ്യമാണ് ചികിത്സയ്ക്ക് നേരിടുന്ന വലിയ വെല്ലുവിളി.

യു.പിയില്‍ ആശുപത്രികള്‍ക്ക് മുന്‍പില്‍ രോഗികളുടെ ബന്ധുക്കളുടെ നീണ്ട ക്യൂവാണ്. ലഖ്നൗവിലെ പല ആശുപത്രികളിലും ഓക്സിജന്‍ കിട്ടാനില്ല. പുറത്തുനിന്ന് ഓക്സിജന്‍ കൊണ്ടുവരുന്നവര്‍ക്ക് മാത്രം ചികിത്സ നല്‍കുന്ന ആശുപത്രികളും യു.പിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Pregnant Nurse Continues Duty In Covid Ward