എഡിറ്റര്‍
എഡിറ്റര്‍
പ്രവീണ്‍ സ്വാമി ദ ഹിന്ദുവില്‍ നിന്ന് രാജിവെച്ചു
എഡിറ്റര്‍
Monday 4th March 2013 12:51am

ന്യൂദല്‍ഹി: ദ ഹിന്ദു ദിനപത്രത്തിന്റെ ദല്‍ഹി റസിഡന്റ് എഡിറ്റര്‍ പ്രവീണ്‍ സ്വാമി രാജിവെച്ചു. പ്രവീണ്‍ സ്വാമിയുടെ രാജി സ്വീകരിച്ചുവെന്നും ഇന്ന് മുതല്‍ രാജി പ്രാബല്യത്തില്‍ വരുമെന്നും ദ ഹിന്ദു മാനേജ്‌മെന്റ് അറിയിച്ചു.

Ads By Google

20 വര്‍ഷം മുന്‍പ് ദ ഹിന്ദുവില്‍ ചേര്‍ന്ന പ്രവീണ്‍ സ്വാമി ഭീകരപ്രവര്‍ത്തനങ്ങളെയും അതിന് പിന്നിലുള്ളവരേയും കുറിച്ച് സര്‍ക്കാരിന്റേയും രഹസ്യാന്വേഷണ വിഭാഗത്തിന്റേയും ഔദ്യോഗിക ഭാഷ്യം ശക്തമായി അവതരിപ്പിച്ചു തുടങ്ങിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് ഞെട്ടിപ്പിക്കുന്ന പല വെളിപ്പെടുത്തലുകളും സ്വാമി ദ ഹിന്ദുവിലൂടെ പുറത്തുവിട്ടിരുന്നു. വിവിധ സ്‌ഫോടനങ്ങളേയും അതിലെ പ്രതികളേയും കുറിച്ച് സ്വാമി പറത്തുവിട്ട പല വിവരങ്ങളും പിന്നീട് തെറ്റാണെന്ന് തെളിഞ്ഞ സന്ദര്‍ഭങ്ങളുമുണ്ടായി.

കേരളത്തിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സ്വാമി പുറത്തുവിട്ട റിപ്പോര്‍ട്ട് വസ്തുതാപരമായ അബദ്ധങ്ങള്‍ മൂലം വിവാദമായി. കേരളത്തില്‍ കൊണ്ടോട്ടി എന്ന ജില്ലയുണ്ടെന്നും പല ഭീകരരും അവിടെ നിന്നുള്ളവരാണെന്നും സ്വാമി ഈ വിവാദ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

ഇത്തരം റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും മതേതര എഴുത്തുകാരുടെയും കടുത്ത വിമര്‍ശനത്തിന് പ്രവീണ്‍ സ്വാമി ഇരയായെങ്കിലും ഇവയെല്ലാം അവഗണിച്ച ദ ഹിന്ദു മാനേജ്‌മെന്റ് അദ്ദേഹത്തെ പത്രത്തിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നിരുന്നു.

Advertisement