എഡിറ്റര്‍
എഡിറ്റര്‍
‘ഞാനൊന്നും അറിഞ്ഞില്ലേ..’; ബി.ജെ.പി നേതാവിന്റെ മകന്‍ ആക്രമിച്ച പെണ്‍കുട്ടിയെ അപമാനിക്കുന്ന തന്റെ ട്വീറ്റിന് പിന്നില്‍ ഹാക്കിംഗെന്ന ബി.ജെ.പി വനിത നേതാവിന്റെ വാദം പൊളിച്ചടുക്കി മാധ്യമപ്രവര്‍ത്തകന്‍
എഡിറ്റര്‍
Tuesday 8th August 2017 9:53pm


ന്യൂദല്‍ഹി: പെണ്‍കുട്ടിയെ ആക്രമിക്കാനും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.
ഹരിയാന ബി.ജെ.പി അധ്യക്ഷന്‍ സുഭാഷ ബറാലയുടെ മകന്‍ വികാസ് ബറാലയ്‌ക്കെതിരെ യുവതി പരാതി നല്‍കിയതിന് പിന്നാലെയാണ് സംഭവം പൊതുജനമധ്യത്തിലേക്കെത്തുന്നത്.

പിന്നാലെ ഇരയായ പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരും പ്രതിയുടെ ബന്ധുക്കളും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയയിലും പുറത്തുമായി ഇത്തരം പ്രചരണങ്ങള്‍ക്കെതിരെ ആളുകള്‍ രംഗത്തെത്തുകയായിരുന്നു.


Also Read:  ‘ഗുജറാത്തില്‍ നാടകരാവ്’; വിമത എം.എല്‍.എമാരുടെ വോട്ട് തള്ളണമെന്ന കോണ്‍ഗ്രസ് ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി; വോട്ടെണ്ണല്‍ വൈകുന്നു


പെണ്‍കുട്ടിയ്‌ക്കെതിരെ കുപ്രചരണം നടത്തിയവരില്‍ ഒരാളായിരുന്നു ബി.ജെ.പി നേതാവായ ഷൈന. പ്രതികളായ യുവാക്കള്‍ക്കൊപ്പമുള്ള ഇരയുടെ ചിത്രം ട്വീറ്റ് ചെയ്ത് യുവതിയെ മോശം സ്വഭാവമുള്ളവളായി ചിത്രീകരിക്കാനായിരുന്നു ശ്രമം. വിവാദമായതോടെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുകയായിരുന്നു എന്ന ന്യായം നിരത്തിയാണ് ഇവര്‍ രംഗത്തെത്തിയത്.

എന്നാല്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടില്ലെന്നും അത് വ്യാജ വാദവുമാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നുവെന്നും പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന ട്വീറ്റ് ചെയ്തത് താനല്ലെന്നുമുള്ള ഷൈനയുടെ ട്വീറ്റിന് താഴെ വന്ന കമന്റിലാണ് അവരുടെ വാദം പൊളിക്കുന്നത്.

ട്വീറ്റിന്റെ കമന്റ് ബോക്‌സില്‍ പ്രമുഖ ദേശീയ മാധ്യമമായ ആള്‍ട്ട് ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ പ്രതീക് സിന്‍ഹയാണ് ഷൈനയുടെ വാദം പൊളിച്ചത്. അക്കൗണ്ട് ഹാക്ക് ചെയ്തതാണെങ്കില്‍ പിന്നെ അത് അറിയുന്നത് അര മണിക്കൂര്‍ മുമ്പ് എങ്ങനെ അപകീര്‍ത്തി ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ കഴിഞ്ഞെന്ന് പ്രതീക് ചോദിക്കുന്നു. കൂടാതെ അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെങ്കില്‍ അത് അറിയിച്ചു കൊണ്ട് ട്വീറ്റര്‍ മെസേജ് അയച്ചിട്ടുണ്ടാകുമെന്നും ആ മെസേജിന്റെ സക്രീന്‍ ഷോട്ട് ഇടാന്‍ തയ്യാറാണോ എന്നും പ്രതീക് വെല്ലുവിളിക്കുന്നുമുണ്ട്.

പ്രതീകിന്റെ വെല്ലുവിളിയ്ക്ക് മറുപടി നല്‍കാന്‍ കഴിയാതെ ഷൈന മുങ്ങുകയായിരുന്നു.

നേരത്തെ, പെണ്‍കുട്ടിയെ ശല്യം ചെയ്തതിന്റെ പേരില്‍ തന്റെ മകന്‍ നേരിടുന്ന പൊലീസ് അന്വേഷണത്തെ ഒരുതരത്തിലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഹരിയാന ബി.ജെ.പി തലവന്‍ സുഭാഷ് ബറാല പറഞ്ഞിരുന്നു.

നിയമം നിയമത്തിന്റെ വഴിക്ക് പോകണം. സ്ത്രീകളുടെ അവകാശത്തിനും സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് ഞങ്ങളുടേത്. അതുകൊണ്ട് തന്നെ തന്റെ മകന്‍ ഉള്‍പ്പെട്ട കേസില്‍ ഞാനോ പാര്‍ട്ടിയോ ഇടപെടില്ല.

അവള്‍ എനിക്ക് മകളെപ്പോലെയാണ്. അവള്‍ക്ക് നീതി ലഭിക്കണം. തന്റെ മകനും അവനൊപ്പമുള്ള ആശിഷിനും എതിരെ ഏതെല്ലാം വകുപ്പ് ചുമത്താമോ അതെല്ലാം ചുമത്തണം. ഇപ്പോള്‍ കേസന്വേഷണം കൃത്യമായി തന്നെയാണ് നടക്കുന്നത്. സിസി ടിവി ദൃശ്യങ്ങളും ലഭ്യമായിട്ടുണ്ട്. സുഭാഷ് ബറാല പറഞ്ഞു.

യുവതിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നുമാണ് ഇരുവര്‍ക്കെതിരേയും ചുമത്തിയിരിക്കുന്ന കേസ്.

Advertisement