വിദേശത്തുപോകുന്നതും ക്രിമിനല്‍ കുറ്റമായോ? ഷാ ഫൈസലിനെ വീട്ടുതടങ്കലിലാക്കിയതിനെതിരെ മാധ്യമപ്രവര്‍ത്തകന്‍
Kashmir Turmoil
വിദേശത്തുപോകുന്നതും ക്രിമിനല്‍ കുറ്റമായോ? ഷാ ഫൈസലിനെ വീട്ടുതടങ്കലിലാക്കിയതിനെതിരെ മാധ്യമപ്രവര്‍ത്തകന്‍
ന്യൂസ് ഡെസ്‌ക്
Wednesday, 14th August 2019, 3:49 pm

 

ന്യൂദല്‍ഹി: കശ്മീരിലെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഷാ ഫൈസലിനെ വീട്ടുതടങ്കലിലാക്കിയ നടപടിയ്‌ക്കെതിരെ മാധ്യമപ്രവര്‍ത്തകന്‍ പ്രതിക് സിന്‍ഹ. വിദേശത്തേക്ക് യാത്ര പോകുന്നതും ക്രിമിനല്‍ കുറ്റമാക്കിയോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
തുര്‍ക്കിയിലേക്ക് പോകാനായി ദല്‍ഹിയിലെത്തിയ വേളയിലായിരുന്നു ഷാ ഫൈസലിനെ അറസ്റ്റു ചെയ്തത്.

‘വിദേശത്തേക്ക് പോകുന്നതും ഇപ്പോള്‍ ക്രിമിനല്‍ കുറ്റമായോ? ഇത് അന്യായമാണ്. ഏത് ‘ജനാധിപത്യ’ത്തിലാണ് ഇങ്ങനെയൊക്കെ സംഭവിക്കുക?’ എന്നാണ് ഷാ ഫൈസലിനെ കസ്റ്റഡിയിലെടുത്തെന്ന വാര്‍ത്തയോട് പ്രതികരിച്ചുകൊണ്ട് പ്രതിക് സിന്‍ഹ ട്വീറ്റു ചെയ്തത്.

ബുധനാഴ്ച ഉച്ചയോടെയാണ് ഷാ ഫൈസലിനെ ദല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത് ശ്രീനഗറിലേക്ക് കൊണ്ടുപോയി വീട്ടുതടങ്കലിലാക്കിയത്. ഇസ്താംബുള്ളിലേക്ക് പോകുകയായിരുന്നു താനെന്നാണ് അദ്ദേഹം പറഞ്ഞത്.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷാ ഫൈസല്‍ മോദി സര്‍ക്കാറിനെതിരെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള അടിച്ചമര്‍ത്തല്‍ നേരിടുകയാണ് തങ്ങളെന്നും കശ്മീരിലെ 80 ലക്ഷം വരുന്ന ജനങ്ങളെ ‘പൂട്ടിയിട്ടിരിക്കുക’യാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ജമ്മുകശ്മീരിലെ മുന്‍നിര രാഷ്ട്രീയ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. പി.ഡി.പി നേതാവ് മെഹ്ബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുള്ള, സി.പി.ഐ.എം എം.എല്‍.എ യൂസഫ് തരിഗാമി തുടങ്ങിയവരെയെല്ലാം പ്രത്യേക പദവി എടുത്തുമാറ്റുന്നതിനു മുമ്പുതന്നെ വീട്ടുതടങ്കലിലാക്കിയിരുന്നു.